
പ്രായമായവരുടെ എണ്ണമേറുന്നു; ഇനി 2 കുട്ടികളിൽ കൂടുതൽ ആകാമെന്ന് വിയറ്റ്നാം
ഹാനോയ്: രാജ്യത്ത് പ്രായമേറിയവരുടെ എണ്ണം വർധിച്ചതോടെ രണ്ട് കുട്ടികളിൽ അധികം പാടില്ലെന്ന നിമയം ഇല്ലാതാക്കി വിയറ്റ്നാം. രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന നിയമത്തെ ഇല്ലാതാക്കുന്നതിനുള്ള ഭേദഗതികൾ ദേശീയ അസംബ്ലി പാസ്സാക്കിയതായി വിയറ്റ്നാം ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു വരെയും രണ്ടും കുട്ടികളിൽ അധികം പാടില്ലെന്ന നിയമത്തെ വിയറ്റ്നാം കർശനമായി മുന്നോട്ടു കൊണ്ടു പോയിരുന്നു. രണ്ടിലധികം കുട്ടികളുള്ളവർക്ക് പ്രൊമോഷനുകളോ ബോണസോ ലഭിച്ചിരുന്നില്ല. പക്ഷേ ജനനനിരക്ക് വലിയ രീതിയിൽ കുറഞ്ഞതോടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനായി പഴയ നിയമത്തെ തോട്ടിലെറിയേണ്ടി വന്നിരിക്കുകയാണ് വിയറ്റ്നാമിന്.
2021ൽ 2.11 ആയിരുന്നു ശിശുജനന നിരക്ക്. 2022ൽ അത് 2.01 ആയും 2023ൽ 1.96 ആയും 2024ൽ 1.91 ആയും കുറഞ്ഞു. ജനനനിരക്ക് കുറയുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ജനന നിരക്ക് കുറയുന്ന വികസ്വര രാജ്യമാണെന്നതാണ് വിയറ്റ്നാമിനെ കുഴപ്പത്തിലാക്കുന്നത്.
ഫ്രാൻസും പിന്നീട് യുഎസുമായുള്ള യുദ്ധത്തിനു ശേഷം വിപണി അധിഷ്ഠിതമായി രാജ്യം വളർച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന കാലത്ത് 1988ലാണ് വിയറ്റ്നാം രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ലെന്ന് നിയമം പാസാക്കിയത്. പരിമിതമായ വിഭവശേഷി എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്. നിലവിൽ വിയറ്റ്നാം ജനസംഖ്യയുടെ കാര്യത്തിൽ അതിന്‍റെ സുവർണ കാലഘട്ടത്തിലാണെന്നും വേണം പറയാൻ. 2007 മുതൽ 2042 വരെ രാജ്യത്ത് ഭൂരിപക്ഷവും ജോലി ചെയ്യുന്നവരായിരിക്കുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. ആശ്രയിച്ച് കഴിയുന്നവർ വളരെ കുറവുമാണ്. 2042ൽ ഈ അവസ്ഥ ഉച്ചസ്ഥായിയിലെത്തും. പക്ഷേ 2054 മുതൽ ഈ അവസ്ഥയിൽ വീഴ്ചയുണ്ടാകും. ആ കാലഘട്ടത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുകയും ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യും. ഇതു രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിക്കും.
ഹോ ചി മുൻഹ് സിറ്റിയിൽ ഇപ്പോൾ തന്നെ ജനനനിരക്ക് കുറവാണ്. 1.39 ആണ് ഇവിടത്തെ ജനനനിരക്ക്. 12 ശതമാനവും 60 വയസിൽ കൂടുതലുള്ളവരാണ്. അതു കൊണ്ടു തന്നെ രണ്ടു കുട്ടികൾക്ക് ജന്മം നൽകുന്ന 35 വയസിൽ താഴെയുള്ള അമ്മമാർക്ക് പ്രാദേശിക അധികൃതർ 120 ഡോളർ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.