

5000 യുഎസ് സൈനികർ വിശ്രമത്തിനായി തായ്‌ലാൻഡിലേക്ക്
പട്ടായ: 250 ദിവസത്തിലേറെ കടലിൽ കഴിഞ്ഞതിന് ശേഷം യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്‌ലാൻഡിലെ പട്ടായയ്ക്ക് സമീപമുള്ള ലേം ചബാങ് തുറമുഖത്ത് എത്താനിരിക്കെ വേശ്യാവൃത്തിക്കെതിരേ പൊലീസ് നടപടി ശക്തമാക്കി. കപ്പലിന്‍റെ വരവിന് മുന്നോടിയായി പട്ടായയിലെ ബീച്ച് മേഖലകളിലും നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കി. വാരാന്ത്യത്തിൽ നടത്തിയ റെയ്ഡുകളിൽ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്ന് 40 മുതൽ 50 വരെ പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച കപ്പൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 5,000 യുഎസ് നാവികരും മറൈൻ സേനാംഗങ്ങളുമാണ് കപ്പലിലുള്ളത്. ദീർഘകാല പശ്ചിമേഷ്യൻ വിന്യാസത്തിന് ശേഷം വിശ്രമത്തിന് വേണ്ടിയാണ് കപ്പൽ തായ്‌ലാൻഡിൽ എത്തുന്നത്. അമെരിക്കൻ സൈനികരുടെ സന്ദർശനം പട്ടായയിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഹ്രസ്വകാല ഉത്തേജനം നൽകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പട്ടായ മേയർ പൊരമാസ് എൻഗാംപിചെറ്റിന്‍റെ കണക്കനുസരിച്ച് ഓരോ യുഎസ് സൈനികനും ഒരു ദിവസം ഏകദേശം 1,000 മുതൽ 3,000 ബാത്ത് വരെ ചെലവഴിക്കാനിടയുണ്ട്. എല്ലാവരും ഒരേസമയം കപ്പലിൽ നിന്ന് കരയിലെത്തില്ല. ഘട്ടംഘട്ടമായായിരിക്കും സൈനികർക്ക് കരയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. ലേം ചബാങ് തുറമുഖത്ത് നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് പട്ടായ.
അതേസമയം, ആയിരക്കണക്കിന് സൈനികരുടെ വരവ് പട്ടായയിലെ ലൈംഗിക ചൂഷണം, ആരോഗ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വലിയ തോതിലുള്ള സന്ദർശകർ എത്തുന്നത് ലൈംഗിക ചൂഷണത്തിന്‍റെയും ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും സാധ്യത വർധിപ്പിക്കാമെന്ന് ബാങ്കോക്ക് സർവകലാശാലയിലെ അധ്യാപകൻ പിപത്പോങ് ഫക്‌ഫാരെ മുന്നറിയിപ്പ് നൽകി.
തായ്‌ലാൻഡിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. എന്നിരുന്നാലും ബാങ്കോക്ക്, പട്ടായ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലൈംഗിക വ്യവസായം സജീവമായി തുടരുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യുഎസ് സൈനികരുടെ വരവിന് മുൻപ് പൊലീസ് പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയത്.
അതേസമയം, വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം നേരിടുന്ന പട്ടായയിലെ വ്യാപാരികൾ യുഎസ് നാവികരുടെ സന്ദർശനത്തിൽ പ്രതീക്ഷ പുലർത്തുകയാണ്. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, വിനോദകേന്ദ്രങ്ങൾ, മറ്റ് ടൂറിസം സ്ഥാപനങ്ങൾ എന്നിവയ്ക്ക് സൈനികരുടെ സന്ദർശനം താൽക്കാലിക സാമ്പത്തിക നേട്ടം നൽകുമെന്നാണ് പ്രതീക്ഷ.
യുഎസ് നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. പശ്ചിമേഷ്യയിലെ ദീർഘകാല വിന്യാസത്തിനിടെ 250 ദിവസത്തിലേറെ തുടർച്ചയായി കപ്പൽ കടലിൽ കഴിഞ്ഞിരുന്നു. ദീർഘകാല ദൗത്യത്തിനിടെ കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യവും ഭക്ഷണം, ശുചിത്വസാധനങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യതയും സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു.