

ആഗോള വിപണിയിലേയ്ക്ക് ഇന്ധനമൊഴുകും
file photo
ലണ്ടൻ: അമെരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പു വച്ചതിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില വീണ്ടും താഴോട്ട്. ഇറാൻ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ സൈനിക നീക്കം പുനരാരംഭിക്കുമെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് താൽക്കാലികമായി ഉയർന്ന എണ്ണ വിലയാണ് കരാർ യാഥാർഥ്യമായതോടെ വീണ്ടും ഇടിഞ്ഞത്.
ആഗോള എണ്ണ വിലയുടെ മാനദണ്ഡമായ ബ്രെൻഡ് ക്രൂഡ് വില ബാരലിന് 1.53 ഡോളർ ഇടിഞ്ഞ് 78.02 ഡോളറിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ എണ്ണ വില ബുധനാഴ്ച ട്രംപിന്‍റെ കടുത്ത പ്രസ്താവനയ്ക്ക് പിന്നാലെ പെട്ടെന്ന് ഉയർന്നിരുന്നു.
ഇറാൻ മര്യാദയ്ക്കു പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കാൻ അമെരിക്ക മടിക്കില്ലെന്ന ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ ക്രൂഡ് വില ബാരലിന് 81 ഡോളറിനു മുകളിലേയ്ക്കു കുതിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി താൽക്കാലിക സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചതോടെ വിപണിയിലെ ആശങ്കകൾ മാറുകയും എണ്ണ വില വീണ്ടും താഴേയ്ക്ക് വരികയുമായിരുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോർമൂസ് കടലിടുക്ക് പൂർണമായും തുറക്കുന്നതോടെ ആഗോള വിപണിയിലേക്ക് കൂടുതൽ ഇന്ധനമെത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.