

മോദി-ട്രംപ് ചർച്ചയിൽ ഇലോൺ മസ്ക് പങ്കെടുത്തോ?
file photo
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്കും പങ്കാളിയായിരുന്നു എന്ന വാർത്ത ഔദ്യോഗികമായി നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ചർച്ചയിൽ മറ്റാരും പങ്കെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താക്കൾ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇറാനു മേൽ അമെരിക്കയും ഇസ്രയേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മോദിയും ട്രംപും തമ്മിൽ സംസാരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളാണ് പ്രധാനമായും ചർച്ചാവിഷയമായത്.
യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇലോൺ മസ്കിന്‍റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഒരു യുദ്ധകാല പ്രതിസന്ധിക്കിടയിൽ രണ്ടു രാഷ്ട്രത്തലവന്മാർ നടത്തുന്ന സുപ്രധാന ഔദ്യോഗിക സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കെടുക്കുന്നത് അസാധാരണമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചുമതലയിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ശേഷം മസ്കും ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ഈ വാർത്ത വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
മസ്ക് എന്തിനാണ് ആ കോളിൽ പങ്കെടുത്തതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ ഇന്ത്യ, ഔദ്യോഗിക ചാനലുകൾ വഴിയുള്ള ഉഭയകക്ഷി ചർച്ച മാത്രമാണ് നടന്നതെന്ന് ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനും ആഗോള സമാധാനം പുന:സ്ഥാപിക്കുന്നതിനും ഇന്ത്യ നൽകുന്ന പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.