ഖമനേയിയുടെ സംസ്കാരം വൈകുന്നതെന്തു കൊണ്ട്? ആറു ദിവസം നീളുന്ന ചടങ്ങിൽ മകൻ പങ്കെടുക്കില്ല

ശനിയാഴ്ച ദശലക്ഷക്കണക്കിന് പേർ ഒത്തു കൂടുമെന്നാണ് പ്രതീക്ഷ.

Why is Khamenei's funeral being delayed? His son will not attend

ഖമനേയിയുടെ സംസ്കാരം വൈകുന്നതെന്തു കൊണ്ട്? ആറു ദിവസം നീളുന്ന ചടങ്ങിൽ മകൻ പങ്കെടുക്കില്ല

Updated on

ടെഹ്റാൻ: നാലു മാസത്തെ കാത്തിരിപ്പിന് ശേഷം മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ സംസ്കാരം നടത്താനൊരുങ്ങുകയാണ് ഇറാൻ. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച മുതലാണ് ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നത്. ജൂലൈ 9 വരെ ചടങ്ങുകൾ നീണ്ടു നിൽക്കും.. ഫെബ്രുവരി 28നാണ് യുഎസ് ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്. സാധാരണ രീതിയിൽ മരണശേഷം മൃതദേഹം സംസ്കരിക്കാതെ കാത്തു സൂക്ഷിക്കുന്നത് ഇസ്ലാം രീതിയല്ല. പക്ഷേ ഖമനേയിയുടെ മരണത്തിനു ശേഷം രാജ്യത്തു നില നിന്നിരുന്ന അസാധാരണമായ സാഹചര്യം മൂലം സംസ്കാരം നീണ്ടു പോകുകയായിരുന്നു. ഇറാൻ കടുത്ത സംഘർഷങ്ങളെ അഭിമുഖീകരിച്ച കാലഘട്ടം കൂടിയായിരുന്നു അത്.

ഖമനേയിയുടെ മൃതദേഹം താത്കാലികമായി സംസ്കരിച്ചുവെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ യുഎസും ഇസ്രയേലും തമ്മിലുള്ള യുദ്ധം സജീവമായി മുന്നേറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സംസ്കാരം വൈകുന്നതെന്നാണ് ഇറാൻ അധികൃതർ നൽകുന്ന സ്ഥിരീകരണം.

ഇസ്ലാമിക വിശ്വാസം പ്രകാരമുള്ള ആചാരങ്ങളോടെ ഖമനേയിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും ഇറാൻ അധികൃതർ പറയുന്നു. രാസവസ്തുക്കൾ ഉപയോഗിച്ച് എംബാം ചെയ്യുന്നത് ഇസ്ലാം വിശ്വാസം പിന്തുണയ്ക്കുന്നില്ല. അദ്ദേഹത്തിന്‍റെ ശരീരം എംബാം ചെയ്തിട്ടില്ല. പകരം റെഫ്രിജറേറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്ന് ഭീകര വിരുദ്ധ വിദഗ്ധൻ ഡോ. മുഹമ്മദ് ഒമർ പറയുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ സംസ്കാരം വൈകിക്കുന്നതിനെയും മൃതദേഹം സൂക്ഷിച്ചു വയ്ക്കുന്നതിനെയും ഷിയ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. പരമോന്നത നേതാവിന് ആ പരിഗണന ലഭിക്കാൻ എളുപ്പമായിരുന്നുവെന്നും ഒമർ കൂട്ടിച്ചേർക്കുന്നു.

ഇപ്പോൾ ഖമനേയിയുടെ സംസ്കാര ചടങ്ങ് രാജ്യത്തിന്‍റെ ഒത്തൊരുമയെ പ്രകടമാക്കുന്നതിനുള്ള അവസരം കൂടിയായാണ് ഇറാൻ സർക്കാർ കാണുന്നത്. ശനിയാഴ്ച ദശലക്ഷക്കണക്കിന് പേർ ഒത്തു കൂടുമെന്നാണ് പ്രതീക്ഷ. അതേ സമയം ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം ചടങ്ങിൽ നിന്ന് മാറി നിൽക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹി പറയുന്നു.

logo
Metro Vaartha
www.metrovaartha.com