
ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റിനൊപ്പം
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള പ്രണയകലഹമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തെക്കുകിഴക്കനേഷ്യൻ പര്യടനത്തിനായി വിയറ്റ്നാമിലെത്തിയപ്പോൾ മാക്രോണിന്‍റെ മുഖത്ത് പിടിച്ച് ഭാര്യ തള്ളുന്നതിന്‍റെ വിഡിയോകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഭാര്യ ഫ്രഞ്ച് പ്രസിഡന്‍റിനെ തല്ലുന്നു എന്ന മട്ടിലാണ് വിഡിയോ പ്രചരിച്ചതെങ്കിലും ദമ്പതികൾക്കിടയിലുള്ള ചെറിയൊരുകലഹം മാത്രമാണതെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ പര്യടനമാണ് മാക്രോൺ നടത്തുന്നത്. 47കാരനായ മാക്രോണും 72 വയസുള്ള ബ്രിജിറ്റും ഒന്നിച്ച് ഫ്ലൈറ്റ് ഇറങ്ങി വരുന്നതും വിഡിയോയിൽ വ്യക്തമാണ്. പക്ഷേ പരസ്പരം കൈകൾ ചേർത്ത് പിടിച്ചിരുന്നില്ലെന്നത് ചെറുതല്ലാത്ത സംശയം ഉയർത്തുന്നുമുണ്ട്.
വിദ്യാർഥിയായിരുന്ന മാക്രോണിനെ ചെറുപ്പം മുതലേ ബ്രിജിറ്റ് പീഡിപ്പിക്കുകയായിരുന്നുവെന്നും ഇപ്പോഴും അതു തന്നെ തുടരുന്നുവെന്നുമാണ് എക്സിൽ വിഡിയോ പങ്കു വച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്. ഗാർഹിക പീഡനത്തിന്‍റെ ഇരയാണ് മാക്രോണെന്നും അതു ചിരിച്ചു തള്ളേണ്ടതല്ലെന്നും അഭിപ്രായമുണ്ട്.
24 വയസ്സിന്‍റെ പ്രായവ്യത്യാസമാണ് മാക്രോണും ഭാര്യയും തമ്മിലുള്ളത്. ആദ്യമായി കാണുമ്പോൾ മാക്രോണിന് 15 വയസ്സായിരുന്നുവെന്ന് ബ്രിജിറ്റ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അന്ന് 39 വയസ്സുള്ള ബ്രിജിറ്റ് കാത്തലിക് സ്കൂളിലെ നാടകാധ്യാപികയായാണ് എത്തിയത്. അതിനും 20 വർഷം മുൻപേ തന്നെ ബ്രിജിറ്റ് ബാങ്ക് ജീവനക്കാരനായ ആൻഡ്രേ ലൂയിസ് ഓസിയറിനെ വിവാഹം കഴിച്ചിരുന്നു. അവർക്കു മൂന്നു മക്കളുമുണ്ടായിരുന്നു. ഹൈസ്കൂളിൽ ബ്രിജിറ്റിന്‍റെ മക്കളുടെ ക്ലാസ്മേറ്റായിരുന്നു അന്ന് മാക്രോൺ.
പതിനാറാം വയസിൽ അധ്യാപികയുമായി മാക്രോൺ പ്രണയത്തിലായി. അധികം വൈകാതെ ബ്രിജിറ്റും ആ പ്രണയം അംഗീകരിച്ചു. തുടക്കകാലത്ത് ബ്രിജിറ്റിന്‍റെ മകളുമായി മാക്രോൺ പ്രണയത്തിലാണെന്നാണ് മാക്രോണിന്‍റെ മാതാപിതാക്കൾ ധരിച്ചിരുന്നത്. എന്നാൽ അധ്യാപികയുമായാണ് പ്രണയം എന്നറിഞ്ഞതോടെ അവർ മകനെ സ്കൂളിൽ നിന്ന് മാറ്റി പാരിസിലെ ബോർഡിങ് സ്കൂളിൽ ചേർത്തു. അക്കാലത്ത് മാക്രോൺ മറ്റാരെങ്കിലുമായും പ്രണയത്തിലാകുമെന്നായിരുന്നു താൻ കരുതിയിരുന്നതെന്ന് ബ്രിജിറ്റ്. പക്ഷേ മാക്രോൺ ബ്രിജിറ്റുമായി ബന്ധം തുടർന്നു 10 വർഷത്തോളം അവർ പ്രണയിച്ചു. തന്‍റെ പ്രണയം മക്കളെ ദോഷമായി ബാധിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. അതു കൊണ്ടാണ് അത്രയും സമയം എടുത്തത്. 2006ൽ ബ്രിജിറ്റ് വിവാഹമോചിതയായി. അടുത്ത വർഷം 54ാം വയസ്സിൽ 29 വയസ്സുള്ള മാക്രോണിനെ വിവാഹവും കഴിച്ചു. ആദ്യവിവാഹം നടന്ന ലേ ടോഖെറ്റ് എന്ന റിസോർട്ടിൽ വച്ചു തന്നെയായിരുന്നു രണ്ടാം വിവാഹവും. ഇരുവരുടെയും കുടുംബവും അപ്പോഴേക്കും ബന്ധം അംഗീകരിച്ചിരുന്നു. പിന്നീട് പത്തു വർഷങ്ങൾക്കു ശേഷമാണ് മാക്രോൺ ഫ്രഞ്ച് പ്രസിഡന്‍റാിയ അധികാരമേറ്റത്.