

ട്രംപിന്‍റെ പേരിലുള്ള റോഡ് ഇനി ‘ടാക്കോ അവന്യൂ’? ക്യാനഡയിൽ പേര് മാറ്റത്തിന് നീക്കം
ഒട്ടാവ: അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ പേരിലുള്ള റോഡിന്‍റെ പേര് മാറ്റാൻ ക്യാനഡയിലെ ഒട്ടാവ നഗരസഭ. ‘ട്രംപ് അവന്യൂ’ എന്ന പേര് ‘ടാക്കോ അവന്യൂ’ എന്നാക്കി മാറ്റാനാണ് നീക്കം. ഓഗസ്റ്റ് 26ന് ചേർന്ന ഒട്ടാവ സിറ്റി കൗൺസിൽ യോഗത്തിൽ പേര് മാറ്റുന്നതിനുള്ള നിർദേശം ഏകകണ്ഠമായി അംഗീകരിച്ചു.
ഒട്ടാവയിലെ സെൻട്രൽ പാർക്ക് മേഖലയിലുള്ള താമസമേഖലയാണ് ട്രംപ് അവന്യൂ. ഏകദേശം 25 വർഷമായി ട്രംപിന്‍റെ പേരാണ് റോഡിനുള്ളത്. പുതിയ പേരായി ‘ടാക്കോ അവന്യൂ’ കൂടാതെ മുൻ അമെരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പേരിലുള്ള ‘ഒബാമ അവന്യൂ’വും പരിഗണിക്കുന്നുണ്ട്. ട്രംപ് ഇടയ്ക്കിടെ നയങ്ങൾ മാറ്റുന്നതിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന പരിഹാസപേരാണ് ‘ട്രംപ് ആൾവേയ്സ് ചിക്കൻസ് ഔട്ട്' എന്നതിന്‍റെ ചുരുക്കരൂപമായ ടാക്കോ.
ക്യാനഡയുമായി പങ്കിടുന്ന ഒന്‍റാറിയോ തടാകത്തിന്‍റെ പേര് ‘ലേക്ക് അമെരിക്ക’ എന്നാക്കി മാറ്റാൻ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒട്ടാവയിലെ റോഡിന്‍റെ പേര് മാറ്റാനുള്ള നീക്കം. ക്യാനഡയിൽ ഡോണൾഡ് ട്രംപിന്‍റെ പേരിൽ നേരിട്ട് നൽകിയിട്ടുള്ള ഏക സ്ഥലമാണ് ട്രംപ് അവന്യൂ. ഇതാണ് മാറ്റാൻ ക്യാനഡ നീക്കം നടത്തുന്നത്. അമെരിക്കയും ക്യാനഡയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് തടാകത്തിന്‍റെ പേര് മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഒക്റ്റോബറിൽ നടക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശവാസികളുമായി ചർച്ച ചെയ്ത് റോഡിന്‍റെ പേര് മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഒട്ടാവ കൗൺസിലർ റൈലി ബ്രോക്കിങ്ടൺ പറഞ്ഞു. നിലവിലെ പേര് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.