ടെക്സസിലെ സർക്കാർ സ്കൂളുകളിൽ ഇനി ബൈബിളും പഠിപ്പിക്കും

റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ബോർഡാണ് പുതിയ നിർബന്ധിത വായനാ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
 Bible will now be taught in public schools in Texas

ടെക്സസിലെ സർക്കാർ സ്കൂളുകളിൽ ഇനി ബൈബിളും പഠിപ്പിക്കും

Updated on

ടെക്സസ്: ടെക്സസിലെ സർക്കാർ സ്കൂളുകളിൽ ബൈബിളിലെ ചില ഭാഗങ്ങളും ഇനി മുതൽ പാഠഭാഗമാകും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ബോർഡ് അംഗീകാരം നൽകി. ടെക്സസ് സ്റ്റേറ്റ് ബോർഡ് ഒഫ് എജ്യൂക്കേഷനാണ് സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ബൈബിളിലെ ചില ഭാഗങ്ങൾ നിർബന്ധിത വായനയായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ബോർഡാണ് പുതിയ നിർബന്ധിത വായനാ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.

പുതിയ പട്ടിക അനുസരിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് പുറപ്പാട് പുസ്തകത്തിലെ (Book of Exodus)ഭാഗങ്ങൾ പഠിക്കണം. ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ദി ഷെപ്പേർഡ് സാം (The Shepherd’s Psalm) ഉൾപ്പടെയുള്ള ബൈബിൾ ഭാഗങ്ങൾ നിർബന്ധിത വായനയായിരിക്കും. ഈ തീരുമാനം ടെക്സസിലെ 50 ലക്ഷത്തിലധികം സർക്കാർ സ്കൂൾ വിദ്യാർഥികളെ ബാധിക്കും.

വെള്ളിയാഴ്ച നടന്ന യോഗത്തിൽ പുതിയ വായനാ പട്ടികയെ കുറിച്ച് വിശദമായ ചർച്ച നടന്നു. പുതിയ വായനാ പട്ടിക എപ്പോൾ നടപ്പിലാക്കണമെന്നും അധ്യാപകർക്ക് സ്വന്തം ഇഷ്ടപ്രകാരം പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടരണോ എന്ന കാര്യവും ചർച്ചയായി. ഈ വായനകൾ പാശ്ചാത്യ നാഗരികതയെ രൂപപ്പെടുത്തിയ ധാർമികവും തത്വചിന്താപരവുമായ പാരമ്പര്യങ്ങളെ വിദ്യാർഥികൾക്ക് മനസിലാക്കാൻ സഹായിക്കുമെന്ന് റിപ്പബ്ലിക്കൻ അംഗമായ ജൂലി പിക്രൻ പറഞ്ഞു.

”വിദ്യാർഥികള്‍ യഥാർഥ ഗ്രന്ഥങ്ങളും പ്രസംഗങ്ങളും പ്രഭാഷണങ്ങളും അടിസ്ഥാനരേഖകളും നേരിട്ട് മനസിലാക്കുമ്പോള്‍ അമേരിക്കയെയും ടെക്‌സസിനെയും രൂപപ്പെടുത്തിയ ആശയങ്ങളെ അവര്‍ സ്വയം വിലയിരുത്താന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ വിദ്യാഭ്യാസ ബോർഡ് അംഗമായ എവലിൻ ബ്രൂക്സ് ഈ പുതിയ തീരുമാനത്തെ ശക്തമായി എതിർത്തു. അധ്യാപകർക്ക് അവരുടെ സ്വാതന്ത്ര്യം വേണം. പതിറ്റാണ്ടുകളായി അവർ തന്നെയാണ് വിദ്യാർഥികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ നിർബന്ധിത പട്ടിക നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അധ്യാപകരുടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറും മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായ ആന്‍റെറോ ഗാര്‍സിയ ഈ തീരുമാനം ടെക്‌സാസിലെ വിദ്യാഭ്യാസരീതിയില്‍ വലിയ മാറ്റമാണെന്ന് അഭിപ്രായപ്പെട്ടു.ടെക്‌സാസിലെ കുട്ടികള്‍ 13 വര്‍ഷത്തെ പൊതുവിദ്യാഭ്യാസത്തിനിടെ എന്താണ് പഠിക്കേണ്ടത് എന്നതിനെ അടിസ്ഥാനപരമായി പുനര്‍നിര്‍വചിക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com