ജോലിക്കനുസരിച്ചുള്ള ശമ്പളമില്ല; ഓഫിസിൽ 5 മണിക്കൂർ ഉറങ്ങി യുവതിയുടെ പ്രതിഷേധം

ഉറങ്ങിയെഴുന്നേറ്റ ശേഷം ജീവനക്കാരി മേലുദ്യോഗസ്ഥന്‍റെ ഡെസ്കിലുണ്ടായിരുന്ന ചോക്കളേറ്റ് സ്നാക്ക് എടുത്തു കഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Woman takes five hours sleep at office to protest  low salary

ജോലിക്കനുസരിച്ചുള്ള ശമ്പളമില്ല; ഓഫിസിൽ 5 മണിക്കൂർ ഉറങ്ങി യുവതിയുടെ പ്രതിഷേധം

representative image

Updated on

ബീജിങ്: ജോലിക്കനുസരിച്ചുള്ള ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ച് ഓഫിസ് ഡെസ്കിൽ അഞ്ച് മണിക്കൂറോളം ഉറങ്ങി യുവതിയുടെ പ്രതിഷേധം. ചൈനയിലെ ഷാങ്ക്വിയിലാണ് സംഭവം. താൻ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ലെന്ന തിരിച്ചറിവുണ്ടായതോടെ ഉത്പാദനക്ഷമത കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കിടന്നുറങ്ങിയതെന്നും നിങ്ങൾ നൽകുന്ന ശമ്പളത്തിനനുസരിച്ചുള്ളതേ നിങ്ങൾക്ക് തിരിച്ചു ലഭിക്കൂ എന്നുമാണ് യുവതിയുടെ വാദം. എന്നാൽ ജീവനക്കാരി ഓഫിസിൽ കിടന്നുറങ്ങുന്നത് ബോസിന്‍റെ ശ്രദ്ധയിൽ പെട്ടതോടെ സംഭവം കൈ വിട്ടു പോയി.

ബോസ് തന്നെ തന്നെ രൂക്ഷമായി ശകാരിച്ചുവെന്നും ഇനിയും ഇതാവർത്തിച്ചാൽ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തിക്കൊണ്ട് യുവതി വിഡിയോ പുറത്തു വിട്ടു. തുച്ഛമായ ശമ്പളത്തെ ചോദ്യം ചെയ്യുന്നതിനു വേണ്ടി മാത്രമാണ് താൻ പ്രതിഷേധിച്ചതെന്നും ജോലി വിടാൻ ഉദ്ദേശമില്ലെന്നും യുവതി കണ്ണീരോടെ പറയുന്നു.

അതേ സമയം ഉറങ്ങിയെഴുന്നേറ്റ ശേഷം ജീവനക്കാരി മേലുദ്യോഗസ്ഥന്‍റെ ഡെസ്കിലുണ്ടായിരുന്ന ചോക്കളേറ്റ് സ്നാക്ക് എടുത്തു കഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഷുഗർ ലെവൽ താഴ്ന്നു പോകാതിരിക്കുന്നതിനായി കഴിക്കാൻ മേലുദ്യോഗസ്ഥൻ സൂക്ഷിച്ചിരുന്ന സ്നാക്കാണ് ജീവനക്കാരി എടുത്തു കഴിച്ചത്. ഷുഗർ ലെവൽ താഴ്ന്നതോടെ മേലുദ്യോഗ‌സ്ഥൻ ബോധം കെടുമെന്ന അവസ്ഥ വരെയെത്തിയെന്നും ചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താൻ അയാളെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഇപ്പോൾ ബോസ് ആരോപിക്കുന്നതെന്നും യുവതി പറയുന്നു. എന്തായാലും ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാണ്. ശമ്പളം കുറവാണെന്ന പേരിൽ ജോലിയിൽ വീഴ്ച വരുത്തുന്നതും സഹപ്രവർത്തകന്‍റെ ഭക്ഷണം എടുത്തു കഴിക്കുന്നതും ശരിയല്ലെന്ന് ഒരു വിഭാഗം പറയുന്നു.

രാജ്യത്തെ ജീവനക്കാരുടെ അവസ്ഥയെയും തുച്ഛമായ വേതനത്തെയും തിരിച്ചറിയണമെന്നാണ് മറ്റു ചിലർ പറയുന്നത്. ചൈനയിലെ തൊഴിൽ നിയമം പ്രകാരം 8 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. അതിൽ അഞ്ച് മണിക്കൂർ ഉറങ്ങിയ ശേഷം ഭക്ഷണം കഴിക്കാനും വാഷ് റൂമിൽ പോകാനുമുള്ള സമയം കൂടി ഒഴിവാക്കിയാൽ വെറും രണ്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ സാധിക്കൂ എന്നും ചിലർ വിമർശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com