World's largest spy agency

ലോകത്തെ ഏറ്റവും വലിയ ചാര സംഘടന ഏത്?

Freepik.com

മൊസാദിനെക്കാളും സിഐഎയെക്കാളും വലിയ ചാര സംഘടന

പരമ്പരാഗത രീതിയില്‍ നിന്ന് ഒരുപാട് മാറ്റങ്ങളോടെയാണ് ചാരവൃത്തി നടത്തുന്നത്. ഓരോ രാജ്യത്തിന്‍റെയും രഹസ്യങ്ങള്‍ മാത്രമല്ല, സാങ്കേതികവിദ്യയും മോഷ്ടിക്കുന്നുണ്ട്

ചൈനയുടെ ഇന്‍റലിജന്‍സ് ഓര്‍ഗനൈസേഷനായ മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) ആണ് ആഗോളതലത്തില്‍ വച്ചു തന്നെ ഏറ്റവും വലുതും സജീവവുമായ ചാരവൃത്തി നടത്തുന്ന ഏജന്‍സിയെന്ന് യുഎസ് മാധ്യമങ്ങൾ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ചൈനയ്ക്കു പുറത്തുള്ള സംഭവങ്ങള്‍ നിരീക്ഷിക്കാനും സ്വാധീനിക്കാനും ആഗോളതലത്തില്‍ ചാരവൃത്തി നടത്തുന്ന ശൃംഖലയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, യുഎസിലെ ചൈനീസ് വിമതരെ നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ചൈനയുടെ ഇന്‍റലിജന്‍സ് സംഘടനയായ എംഎസ്എസ് അക്കാഡമിക് മേഖലയിലും ബിസിനസ് രംഗത്തും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പോലും ഏജന്‍റുമാരെ ചാരവൃത്തിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ഇതിൽ പറയുന്നത്.

പ്രധാന ലക്ഷ്യം വിദേശരാജ്യങ്ങളല്ല

ചൈന ഒരു സൂപ്പര്‍ പവറായി ഉയര്‍ന്നുവരുന്ന രാജ്യമാണ്. അതിനാല്‍ തന്നെ ചാരവൃത്തിയുമായി ബന്ധപ്പെട്ട കഴിവുകള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടതാണ്. പരമ്പരാഗത രീതിയില്‍ നിന്ന് ഒരുപാട് മാറ്റങ്ങളോടെയാണ് ചാരവൃത്തി നടത്തുന്നത്. ഓരോ രാജ്യത്തിന്‍റെയും രഹസ്യങ്ങള്‍ മാത്രമല്ല, സാങ്കേതികവിദ്യയും മോഷ്ടിക്കുന്നുണ്ട്. ചൈനയോടു വിയോജിപ്പുള്ള, വിദേശത്ത് താമസിക്കുന്ന വിമതരെ അടിച്ചമര്‍ത്തുന്നതിനും ചാര ഏജന്‍സിയിലൂടെ ചൈന ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ചൈനീസ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ ഏറ്റവും വലിയ ലക്ഷ്യം വിദേശ രാജ്യങ്ങളല്ല, മറിച്ച് വിദേശത്ത് താമസിക്കുന്ന സ്വന്തം പൗരന്മാര്‍ തന്നെയാണെന്നും മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ജിം ലൂയിസ് പറയുന്നു. ചൈനീസ് ഇന്‍റലിജന്‍സിനെ നേരിടുന്നതില്‍ മുപ്പത് വര്‍ഷത്തിലേറെ പരിചയമുള്ള വ്യക്തിയാണു ജിം ലൂയിസ്.

രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചൈനയുടെ എംഎസ്എസ് ഇരുപതിനായിരത്തിലധികം ബ്രിട്ടിഷ് പൗരന്മാരെ ലിങ്ക്ഡ്ഇന്‍ വഴി സമീപിച്ചതായി യുകെയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 ന്‍റെ ഡയറക്റ്റര്‍ ജനറല്‍ കെന്‍ മക്കല്ലം 2023 ഓഗസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.

എംഎസ്എസ്

1983ല്‍ സ്ഥാപിതമായതാണ് എംഎസ്എസ് എന്ന ചുരുക്കപ്പേരുള്ള മിനിസ്ട്രി ഒഫ് സ്റ്റേറ്റ് സെക്യൂരിറ്റി. പരമ്പരാഗതമായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന എംഎസ്എസ്, പൊതുചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന് നിഴല്‍ സാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. എന്നാല്‍, 2022 മുതൽ എംഎസ്എസ് പൊതുരംഗത്ത് കൂടുതല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഡിജിറ്റല്‍ ക്യാംപെയ്‌നുകളിലൂടെയും പ്രൊപ്പഗന്‍ഡ വീഡിയോകളിലൂടെയുമാണ് എംഎസ്എസ് അവരുടെ ശക്തി പ്രകടിപ്പിച്ചു വരുന്നത്.

രാഷ്ട്രീയ സുരക്ഷ, ആഭ്യന്തര തലത്തിലുള്ള നിരീക്ഷണം, വിദേശ ഇന്‍റലിജന്‍സ് ശേഖരിക്കല്‍, കൗണ്ടര്‍ ഇന്‍റലിജന്‍സ് എന്നിവയാണ് എംഎസ്എസിന്‍റെ പ്രധാന ചുമതലകള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ദൗത്യമാണ് പ്രധാനമായും എംഎസ്എസ് നിര്‍വഹിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ജീവനക്കാര്‍ എംഎസ്എസിന് ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

പ്രൈം ടാര്‍ജറ്റ് തായ്‌വാന്‍

തായ്‌വാനിലെ പോലെ ചൈനയുടെ ചാരവൃത്തി ഇത്ര തീവ്രമായി അരങ്ങേറുന്ന മറ്റൊരിടം വേറെയുണ്ടാകില്ല. തായ്‌വനിലുടനീളം പ്രവര്‍ത്തിക്കുന്ന ചൈനീസ് ചാരന്മാരുടെ എണ്ണം 5,000 കവിയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ ചാരന്മാര്‍ സര്‍ക്കാര്‍ ഏജന്‍സികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തിങ്ക് ടാങ്കുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കരുതപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com