

മെലോണിയെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നേതാവെന്ന നേട്ടം സ്വന്തമാക്കിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തായ മെലോണിക്ക് ആശംസകള്‍ അറിയിക്കുന്നുവെന്ന് കുറിച്ച മോദി, ഇറ്റാലിയന്‍ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ ചരിത്രനേട്ടത്തിലൂടെ പ്രകടമാകുന്നതെന്നും എക്‌സില്‍ കുറിച്ചു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതില്‍ മെലോണിയുടെ സൗഹൃദവും നേതൃത്വവും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ഇറ്റലിയിലെയും ജനങ്ങളുടെ സമൃദ്ധിക്കായി സഹകരണം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മോദി, വരും വര്‍ഷങ്ങളിലും മെലോണിക്ക് തുടര്‍ച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.