
ബീജിങ്: മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനു വഴിവച്ച മഹാമാരി കൊവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ ജൈവായുധമെന്നു വെളിപ്പെടുത്തൽ. കൊവിഡിന്റെ ഉറവിടമെന്നു കരുതുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷൻ ചാവ് ഷാവ് ആണ് വൈറസ് വ്യാപനത്തിന്റെ ഉള്ളറകളെക്കുറിച്ചു നടുക്കുന്ന വിവരങ്ങൾ പങ്കുവച്ചത്.
ഇന്റർനാഷണൽ പ്രസ് അസോസിയേഷൻ അംഗം ജെന്നിഫർ സെങ്ങിനു നൽകിയ അഭിമുഖത്തിലാണു ചൈനീസ് ഭരണകൂടത്തെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സൂചനകൾ. 2020 മാർച്ച്- ഏപ്രിലിൽ നടന്ന അഭിമുഖമാണ് ഇപ്പോൾ പുറത്തുവന്നത്.
കൊറോണ വൈറസിനെ ജൈവായുധമായി വികസിപ്പിച്ചതാണെന്ന് അഭിമുഖത്തിൽ ചാവ് ഷാവ് പറയുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ സഹപ്രവർത്തകനായിരുന്ന ഷാൻ ചാവിന് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ നാലു വ്യത്യസ്ത വൈറസുകളെ നൽകിയശേഷം മനുഷ്യരുൾപ്പെടെ ജന്തുക്കളിൽ ഏറ്റവും വേഗത്തിലും തീവ്രമായും പടരുന്നത് ഏതാണെന്നു കണ്ടെത്താൻ നിർദേശിച്ചിരുന്നുവെന്ന് ചാവ് ഷാവ്. ഷാൻ തന്നെയാണ് ഇക്കാര്യം ചാവ് ഷാവിനോട് വെളിപ്പെടുത്തിയത്. അതിതീവ്ര വ്യാപനത്തിനുള്ള വൈറസിനെ വികസിപ്പിക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ചാവ് ഷാവ് പങ്കുവയ്ക്കുന്ന വിവരം.
2019ൽ വുഹാനിൽ മിലിറ്ററി വേൾഡ് ഗെയിംസ് നടക്കുമ്പോൾ തന്റെ നിരവധി സഹപ്രവർത്തകരെ സംശയകരമായ സാഹചര്യത്തിൽ ദിവസങ്ങളോളം കാണാതായെന്നും അദ്ദേഹം. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ അത്ലറ്റുമാരുടെ ആരോഗ്യ, ശുചിത്വ പരിശോധനയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നു പിന്നീട് അറിഞ്ഞു. എന്നാൽ, ഇത്തരം പരിശോധനകൾക്ക് എന്തിനാണു വൈറോളജിസ്റ്റുകൾ എന്ന് ചാവ് ഷാവ് ചോദിക്കുന്നു. വൈറസ് വ്യാപിപ്പിക്കാനായിരിക്കണം ഇവരെ കൊണ്ടുപോയതെന്നും ഗവേഷകൻ.
2020 ഏപ്രിലിൽ തന്നെ സിൻജിയാങ് പ്രവിശ്യയിൽ പുനരധിവാസ കേന്ദ്രങ്ങളിലുള്ള ഉയ്ഗുർ മുസ്ലിംകളുടെ ആരോഗ്യപരിശോധനയ്ക്കായി അയച്ചതും നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ചാവ് ഷാവ്. സാധാരണ ആരോഗ്യ പരിശോധനയ്ക്ക് വൈറോളജിസ്റ്റിന്റെ ആവശ്യമില്ലെന്നതാണ് താനടക്കമുള്ളവരെ ഇവിടേക്കു നിയോഗിച്ചതിൽ ചാവ് ഷാവ് കാണുന്ന ദുരൂഹത.
കൊവിഡ് 19 ലോകമൊട്ടാകെ ഏറ്റവും രൂക്ഷമായി വ്യാപിച്ചുകൊണ്ടിരുന്ന കാലയളവാണ് 2020 മാർച്ച്- ഏപ്രിൽ. കൊവിഡ് 19ന്റെ ഉറവിടം വുഹാൻ വൈറോളജി ലാബ് ആണോ എന്ന് ഉറപ്പിക്കാൻ യുഎസ് ഇന്റലിജൻസ് ഏജൻസികൾക്കു കഴിഞ്ഞില്ലെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2019ൽ വുഹാൻ ലാബിലെ ഗവേഷകരിൽ പലർക്കും രോഗം ബാധിച്ചെങ്കിലും ഇതു കൊവിഡ് 19 തന്നെയാണോ എന്നു സ്ഥിരീകരിക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല. അന്വേഷണത്തോട് ചൈനീസ് അധികൃതർ നിസഹകരിക്കുന്നത് തടസമായെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.