

പശ്ചിമേഷ്യൻ സംഘർഷം: ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു
വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അതിരൂക്ഷമായതിനു പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ ബാരലിന് 25 ഡോളർ വർധനയാണ് ഉണ്ടായത്. ഇന്നലെ ബാരലിന് 80 ഡോളറായിരുന്ന ബ്രെന്‍റ് ക്രൂഡ് വില ഇന്ന് 85 ഡോളറിലെത്തി. എണ്ണ വിതരണത്തിന്‍റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം.
യുഎസ്-ഇറാൻ താൽക്കാലിക വെടിനിർത്തൽ നിലനിന്നിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില വൻ തോതിൽ താണിരുന്നു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായപ്പോൾ എണ്ണ വില ബാരലിന് 118 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് വെടിനിർത്തൽ ചർച്ചകളെ തുടർന്ന് ഗതാഗതം സാധാരണ നിലയിൽ ആയതോടെ 60-70 ഡോളർ നിരക്കിലേയ്ക്ക് ഇത് താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയാണ്. ഇന്ത്യയിലെ ചില്ലറ വിപണി വില കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.