അമെരിക്കൻ ആയുധ ശേഖരം തീരുന്നെന്ന റിപ്പോർട്ടുകൾ തള്ളി ട്രംപ്

സഖ്യരാഷ്ട്രങ്ങൾക്കുള്ള ആയുധ വിതരണം ഉടൻ പുനരാരംഭിക്കുമെന്നും ട്രംപ്
 Trump says arms deliveries to allies will resume soon

സഖ്യരാഷ്ട്രങ്ങൾക്കുള്ള ആയുധ വിതരണം ഉടൻ പുനരാരംഭിക്കുമെന്നു  ട്രംപ്

Updated on

വാഷിങ്ടൺ: അമെരിക്കൻ സൈന്യത്തിന്‍റെ ആയുധ ശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകളും സ്വതന്ത്ര ഏജൻസികളുടെ വിലയിരുത്തലുകളും തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത്തരം വാദങ്ങൾ തികച്ചും തെറ്റാണെന്നും രാജ്യദ്രോഹപരമാണെന്നും ട്രംപ് ആരോപിച്ചു.

ടോമഹോക്ക് മിസൈലുകൾ, പേട്രിയറ്റ് മിസൈലുകൾ, ഥാഡ് വിരുദ്ധ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും ശക്തമായ ആയുധങ്ങളുടെ ശേഖരം അമേരിക്കയിൽ അവസാനിക്കുകയാണെന്ന് അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും യുഎസ് സൈന്യത്തിന്‍റെ കൈവശം ഇടത്തരം മുതൽ ഉയർന്ന നിലവാരത്തിലുള്ള ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും വൻ ശേഖരമാണ് ഉള്ളതെന്നും നിലവിൽ രാജ്യത്ത് ആയുധ നിർമ്മാണം കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

സഖ്യരാഷ്ട്രങ്ങൾക്കുള്ള ആയുധ വിതരണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന് എതിരെയുള്ള യുഎസിന്‍റെ യുദ്ധ പശ്ചാത്തലത്തിൽ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള സഖ്യരാജ്യങ്ങളിലേക്കുള്ള ആയുധ കൈമാറ്റം മാസങ്ങളോളം വൈകിയിരുന്നു. എന്നാൽ നിർമ്മാണം വേഗത്തിലാക്കിയതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള ആയുധ വിൽപന പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്.

logo
Metro Vaartha
www.metrovaartha.com