"ട്രംപിനെ ഞങ്ങൾ വധിക്കും"

ടെഹ്റാനിൽ ട്രംപിനെതിരായ ഭീഷണി സന്ദേശങ്ങളടങ്ങിയ കട്ടൗട്ടുകളും ബാനറുകളും നിരത്തി ആക്രോശിച്ച് ഇറാൻ
Cutouts and banners with threatening messages against Trump displayed in Tehran

ടെഹ്റാനിൽ ട്രംപിനെതിരായി നിരത്തിയ ഭീഷണി സന്ദേശങ്ങളടങ്ങിയ കട്ടൗട്ടുകളും ബാനറുകളും

Updated on: 

ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന കൂറ്റൻ കട്ടൗട്ടറുകൾ സ്ഥാപിച്ച് ഇറാൻ. തലസ്ഥാനമായ ടെഹ്റാനിലെ തിരക്കേറിയ എൻഖിലാബ് സ്ക്വയറിലാണ് ട്രംപിനെതിരായ ഭീഷണി സന്ദേശങ്ങളടങ്ങിയ കൂറ്റൻ ബോർഡും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. അമെരിക്കൻ പ്രസിഡന്‍റിനെതിരായ ഇറാന്‍റെ ഔദ്യോഗിക പ്രതികരണങ്ങൾ കൂടുതൽ കടുത്ത തലത്തിലേയ്ക്ക് നീങ്ങുന്നതിന്‍റെ സൂചനയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. അഴികൾക്കു പിന്നിൽ തലകുനിച്ചു നിൽക്കുന്ന ട്രംപിന്‍റെ ചിത്രത്തോടൊപ്പം ഞങ്ങൾ ട്രംപിനെ കൊല്ലും എന്ന ഭീഷണി സന്ദേശവും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു കൂറ്റന്‍ ബോര്‍ഡില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്തം പുരണ്ട മുഖങ്ങളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമുള്ള രീതിയിലാണ് ചിത്രീകരണം. പശ്ചാത്തലത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്‍റെയും പഴകിയ ദേശീയ പതാകകളുമുണ്ട്. അമെരിക്കയ്ക്കും ഇസ്രയേലിനും എതിരായ ഇറാന്‍റെ കടുത്ത നിലപാടാണ് ഇത്തരം പ്രചരണങ്ങളിലൂടെ പ്രകടമാകുന്നത്.

പരസ്യബോർഡുകൾ സ്ഥാപിച്ച എൻഖിലാബ് സ്ക്വയറിൽ നിരവധി ആളുകൾ ഒത്തു കൂടുകയും ചുവന്ന പതാകകൾ വീശുകയും ചെയ്തു. രക്തം ചിന്തപ്പെടും എന്ന സന്ദേശമുള്ള ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി.

ട്രംപിനെതിരായ പരസ്യ വധഭീഷണി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ആശങ്കകൾക്ക് വഴി വെച്ചു. ടെഹ്റാനിലെ പ്രധാന പൊതു സ്ഥലത്ത് ഔദ്യോഗിക പ്രചരണത്തിന്‍റെ ഭാഗമായി ഇത്തരം സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ കടുത്ത പ്രതിസന്ധി വീണ്ടും ചർച്ചയാക്കുന്നതിന് ഇടയാക്കി.