

ഹോർമൂസ് കടലിടുക്കിനു ബദലായി സിറിയയെ ഉപയോഗിക്കുന്നതു പരിഗണിക്കാൻ ഫ്രാൻസ്
പാരീസ്: ഹോർമൂസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ സുരക്ഷിതമായി യൂറോപ്പിലെത്തിക്കാൻ സിറിയയെ ബദൽ മാർഗമായി ഉപയോഗിക്കുന്നത് പരിഗണിക്കാൻ ഫ്രാൻസ്. ഫ്രഞ്ച് ടെലിവിഷൻ നെറ്റ് വർക്കായ ടിഎഫ് 1ന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള വിപണിയിൽ തടസമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ എണ്ണക്കടത്ത് ഇടനാഴികൾ വൈവിധ്യവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണന്ന് അദ്ദേഹം വ്യക്തമാക്കി.ഈ പ്രതിസന്ധി ആരംഭിച്ചതു മുതൽ തങ്ങൾ ബദൽ പാതകൾ ഒരുക്കുന്നതിനുള്ള സുപ്രധാന നീക്കങ്ങളിലാണെന്നും ഇതിലൂടെ ഏതെങ്കിലുമൊരു പ്രത്യേക മേഖലയിലൂടെ വരുന്ന തടസങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് അന്ത്യം കുറിക്കാനാകുമെന്നും ജീൻ പറഞ്ഞു.
കഴിഞ്ഞയിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ സിറിയ സന്ദർശിച്ചിരുന്നു. സിറിയൻ പ്രസിഡന്‍റ് അഹമ്മദ്-അൽ-ഷറായുടെ സർക്കാരുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് അദ്ദേഹം അവിടെ ചർച്ച
നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കനത്ത യുദ്ധഭീതിയിലായ സാഹചര്യത്തിൽ സിറിയയിലൂടെ പുതിയ പൈപ്പ് ലൈൻ ശൃംഖലകളോ മറ്റു ഗതാഗത മാർഗങ്ങളോ വികസിപ്പിക്കുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് ഫ്രാൻസിന്‍റെ കണക്കുകൂട്ടൽ.