

“ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ” ഇറാന്‍റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫ്
ഹോർമൂസ് കടലിടുക്കിൽ ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു തൊട്ടു പിന്നാലെയാണ് ഈ പ്രസ്താവന പുറത്തു വന്നത് എന്നത് ശ്രദ്ധേയമാണ്
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കാൻ അമെരിക്കൻ നാവികസേന ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ മേഖലയിൽ കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണം ചോദ്യം ചെയ്യപ്പെട്ടാൽ അത് അമെരിക്കയ്ക്ക് കൂടുതൽ സങ്കീർണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാന്‍റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രസ്താവിച്ചു.
കടലിടുക്കിലെ പുതിയ സ്ഥിതിവിശേഷങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇറാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണിന് ഈ സാഹചര്യം അസഹനീയമാണെന്ന് ബോധ്യമുണ്ടെന്നും എന്നാൽ ഞങ്ങൾ തുടങ്ങിയിട്ടേയുള്ളു എന്നുമാണ് ഖാലിബാഫിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
യുദ്ധത്തിൽ നേരിട്ട ആഘാതങ്ങൾക്കു ശേഷം തന്ത്രപ്രധാനമായ ഈ കപ്പൽ പാതയുടെ നിയന്ത്രണം കൈവിടില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു. ഹോർമൂസ് കടലിടുക്കിൽ ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു തൊട്ടു പിന്നാലെയാണ് ഈ പ്രസ്താവന പുറത്തു വന്നത് എന്നത് ശ്രദ്ധേയമാണ്. ശത്രുക്കൾക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള "സർപ്രൈസ് നടപടികൾ' തങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു.
ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയുടെ തുടർച്ചയായാണ് ഈ നീക്കങ്ങൾ. പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിന്മേൽ ഇറാന്‍റെ "പുതിയ മാനെജ്മെന്‍റ് ' നടപ്പാക്കും എന്നായിരുന്നു മൊജ്തബയുടെ പ്രഖ്യാപനം. ആഗോള എണ്ണ വ്യാപാരത്തിന്‍റെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിൽ ഇറാൻ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത് ലോകരാഷ്ട്രങ്ങളെ വലിയ ആശങ്കയിലാക്കുന്നുണ്ട്. അമെരിക്കയും ഇറാനും തമ്മിലുള്ള ഈ വാക്പോരും സൈനിക നീക്കങ്ങളും മേഖലയെ മറ്റൊരു വലിയ യുദ്ധത്തിലേയ്ക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.