

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാനഡയിലേക്ക്
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര് 11,12 തീയതികളില് ക്യാനഡ സന്ദര്ശിക്കുമെന്ന് ഒട്ടാവയിലെ ഇന്ത്യന് ഹൈക്കമ്മിഷന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്ണിയും തമ്മില് ചൊവ്വാഴ്ച നടത്തിയ ടെലിഫോണ് സംഭാഷണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കാർനിയുമായി നടന്ന ടെലിഫോണ് സംഭാഷണം ഊഷ്മളവും ഫലപ്രദവുമായിരുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-ക്യാനഡ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവര്ത്തിച്ചു വ്യക്തമാക്കി.
ക്യാനഡ സന്ദര്ശനത്തില് മോദി ഒട്ടാവയില് വച്ച് കാര്നിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമെ കനേഡിയന് വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. തുടര്ന്നു ടൊറന്റോയില് ഇന്ത്യന് പ്രവാസികളോടൊപ്പം ഒരു പരിപാടിയില് പങ്കെടുക്കുകയും ചെയ്യും. തുടര്ന്ന് ജി20 ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി അദ്ദേഹം അമെരിക്കയിലെ മിയാമിയിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചന. മോദിയുടെ ക്യാനഡ സന്ദര്ശനത്തില് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട ചര്ച്ചകള് പൂര്ത്തിയായതായി ഇന്ത്യയും കാനഡയും പ്രഖ്യാപിക്കാന് സാധ്യതയുണ്ട്. സ്റ്റീഫന് ഹാര്പ്പര് പ്രധാനമന്ത്രിയായിരുന്ന 2015ല് മോദി ഒട്ടാവ, ടൊറന്റോ, വാന്കൂവര് എന്നിവിടങ്ങള് സന്ദര്ശിച്ചിരുന്നു. അതിനുശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്ശനമായിരിക്കും ഇത്.