ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ

27 കുട്ടികളടക്കം 180 ഇസ്രയേലി യാത്രക്കാരടങ്ങിയ ഫ്ലൈ ദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ചതായി അടിയന്തര സന്ദേശം .
 Confrontation between pilots in the cockpit of a Flydubai flight.

ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ

Updated on: 

ദുബായിൽ നിന്ന് ടെൽ അവീവിലേയ്ക്കു പറന്ന ഫ്ലൈ ദുബായ് വിമാനം രണ്ട് അടിയന്തര സന്ദേശങ്ങൾ അയച്ച ശേഷം സൗദി അറേബ്യയിലെ സൈനിക-സിവിൽ താവളമായ തബൂക്കിൽ സുരക്ഷിതമായി ഇറക്കി. വിമാനം റാഞ്ചാൻ ശ്രമിക്കുന്നു എന്നായിരുന്നു ഒരു സന്ദേശം.

FZ1073 എന്ന വിമാനത്തിലെ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് ബുധനാഴ്ച നടന്ന ഈ സംഭവത്തിന് കാരണമെന്ന് പിന്നീട് വ്യക്തമായി. പൈലറ്റുമാരിൽ ഒരാൾ യുഎഇയിൽ നിന്നുള്ളയാളും മറ്റൊരാൾ ഒമാൻ സ്വദേശിയുമാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു വ്യക്തമാക്കി. ഒമാൻ സ്വദേശിയായ സഹ പൈലറ്റ് എമിറാത്തി പൈലറ്റിനെ കുത്തുകയും വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. അതു കൊണ്ടു തന്നെ ഇത് വെറുമൊരു പൈലറ്റ് കലഹത്തെക്കാളുപരി ഭീകരാക്രമണ സാധ്യതയായും കരുതുന്നു.

പറന്നുയർന്ന് ഏകദേശം രണ്ടര മണിക്കൂറിനു ശേഷമായിരുന്നു ഈ സംഭവം നടന്നത്. തുടർന്ന് സൗദി അറേബ്യയിലെ സൈനിക-സിവിൽ താവളമായ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. "അക്രമാസക്തമായ തർക്കത്തിനിടെ", പൈലറ്റുമാരിൽ ഒരാൾ ആത്മഹത്യ ചെയ്യാനായി വിമാനം മനഃപൂർവം തകർക്കാൻ ശ്രമിക്കുകയും വിമാനം കുത്തനെ താഴേക്ക് തിരിക്കുകയും ചെയ്തു; എന്നാൽ രണ്ടാമത്തെ പൈലറ്റ് ഇയാളുമായി മൽപ്പിടുത്തം നടത്തുകയും ചില യാത്രക്കാരുടെ സഹായത്തോടെ വിമാനം താഴേക്ക് പതിക്കുന്നത് തടയുകയും ചെയ്തുവെന്നാണ് ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രേലി മാധ്യമമായ എൻ 12 ന്‍റെ റിപ്പോർട്ട് പ്രകാരം തർക്കത്തിനിടെ പൈലറ്റുമാരിൽ ഒരാൾ ബോധരഹിതനായതായും വിമാനം നിലത്തിറക്കിയ ശേഷം ഇരുവരെയും വിമാനത്തിൽ നിന്നു നീക്കം ചെയ്തതായും വ്യക്തമാക്കുന്നു. വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള തർക്കം കേട്ട മുൻഭാഗത്തെ യാത്രക്കാർ ബഹളം വെക്കുന്നത് കേട്ടതായും, സൗദി അറേബ്യയിൽ ഇറങ്ങുന്നതിന് മുൻപ് വിമാനം കുത്തനെ താഴേക്ക് താഴ്ന്നതായും യാത്രക്കാർ ഇസ്രായേലിലെ ചാനൽ 12-നോട് (Ch 12) പറഞ്ഞു. 34000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് പൈലറ്റുമാരിലൊരാൾ വിമാനം കുത്തനെ താഴേയ്ക്കു തിരിച്ചത്. ഇത് വിമാനം ജോർദാന്‍റെ ആകാശ പരിധിയിൽ ആയിരുന്നപ്പോൾ ആയിരുന്നു.

അപ്പോഴാണ് വിമാന റാഞ്ചലുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അടിയന്തര സന്ദേശമായ 7700 ആദ്യം അയച്ചത്, പിന്നീട് അത് 7500 എന്ന കോഡിലേയ്ക്കു മാറ്റി. വെറും രണ്ടു മിനിറ്റിനുള്ളിൽ വിമാനം 17,400 അടി ഉയരം കുറഞ്ഞു - അതായത് 34,000 അടിയിൽ നിന്ന് ഏകദേശം 16,600 അടിയിലേക്ക്. വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ, രക്തം പുരണ്ട ടി-ഷർട്ട് ധരിച്ച ഒരു യാത്രക്കാരന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

വിമാനത്തിൽ 27 കുട്ടികളടക്കം 180 ഇസ്രായേലി യാത്രക്കാരുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര യോഗം വിളിച്ചുചേർത്തു. "സംഭവം നിയന്ത്രണവിധേയമാണ്, ഇസ്രായേലി യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ് എന്ന് നെതന്യാഹുവിന്‍റെ ഓഫീസ് എക്സിലൂടെ പ്രതികരിച്ചു. എമിറേറ്റ്‌സ് എയർലൈൻസിന്‍റെ കുറഞ്ഞ നിരക്കിലുള്ള സഹോദര സ്ഥാപനമാണ് ഫ്ലൈദുബായ്. 2020-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതോടെ, ഇസ്രായേലി വിനോദസഞ്ചാരികൾക്ക് യുഎഇ ഇപ്പോൾ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. കോക്ക്പിറ്റ് ഒരു ബോക്സിംഗ് റിംഗായി മാറിയതിനെത്തുടർന്ന് ഇസ്രയേലി യുദ്ധവിമാനങ്ങൾ രംഗത്തിറങ്ങുകയും അടിയന്തര സുരക്ഷാ യോഗം ചേരുകയും മധ്യപൂർവ്വേഷ്യയാകെ ആശങ്കയിലാവുകയും ചെയ്തു. ബഹളം കേട്ടതായും കോക്ക്പിറ്റ് വാതിൽ തുറന്നപ്പോൾ അകത്ത് രക്തം കണ്ടതായും ഒരു യാത്രക്കാരൻ പറഞ്ഞു; പൈലറ്റുമാരിൽ ഒരാൾക്ക് ഫോൾഡിംഗ് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

logo
Metro Vaartha
www.metrovaartha.com