

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
യെമനിലെ ഹൂതികളിൽ നിന്ന് നേരിടുന്ന കടുത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ വേണ്ടത്ര പ്രതിരോധ കവചം ഇല്ലാത്തതിനാൽ നട്ടം തിരിയുകയാണ് ഇപ്പോൾ സൗദി അറേബ്യ. സഖ്യ കക്ഷികളോട് സൈനിക പിന്തുണ തേടുകയല്ലാതെ ഇപ്പോൾ സൗദിക്കു വേറെ വഴിയില്ലെന്നതാണ് അവസ്ഥ.
ഈ സാഹചര്യത്തിലാണ് കടുത്ത ഇസ്രയേൽ വിരുദ്ധത ഉള്ളിൽ സൂക്ഷിക്കുന്ന സൗദി അറേബ്യ ഇസ്രയേലിനോടും ഹൂതികൾക്കെതിരേയുള്ള പോരാട്ടത്തിൽ സഹായം തേടാൻ നിർബന്ധിതരായത്. ഇസ്രയേൽ സൗദിയെ സഹായിച്ചാലും സൗദി-ഇസ്രയേൽ സാധാരണവത്കരണത്തിലേക്കുള്ള പാത തുറക്കുക അത്ര സുഗമമല്ല എന്നാണ് സൗദി സ്രോതസുകളിൽ നിന്നുള്ള റിപ്പോർട്ട്.
ഒരു വശത്ത് ഈ കടുത്ത നിലപാടു മുറുക്കി പിടിച്ചും മറുവശത്ത് ഹൂതികൾക്കെതിരേ വേണ്ടത്ര പ്രതിരോധ കവചമില്ലാതെ നട്ടം തിരിഞ്ഞും ഇപ്പോൾ സൗദി അറേബ്യ പ്രതിരോധ പിന്തുണയ്ക്കായി ഫ്രാൻസ്, ബ്രിട്ടൻ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവരുമായി കൂലങ്കഷമായ ചർച്ചകളിലാണ്.
അടുത്തയിടെ പ്രാബല്യത്തിൽ വന്ന മക്ക കരാറും സൗദിയെ സഹായിക്കാനെത്തിയില്ല. ഹൂതി വിമത ആക്രമണവേളയിൽ സൗദിയെ സഹായിക്കാൻ കരാർ പ്രകാരം ബാധ്യസ്ഥരായ തുർക്കിയോ പാക്കിസ്ഥാനോ തിരിഞ്ഞു പോലും നോക്കിയില്ല.
ഹൂതികൾക്കെതിരേ ഇസ്രയേൽ സഹായം നൽകിയാലും പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രയേൽ-സൗദി സാധാരണവത്കരണം നടപ്പാകില്ലെന്നതാണ് റിയാദിന്‍റെ നിലപാടെന്ന് ഒരു ഔദ്യോഗിക സൗദി വൃത്തം അറിയിച്ചു.
ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർക്കുന്ന പലസ്തീൻ രാഷ്ട്ര നിർമിതി ഇല്ലാതെ തങ്ങൾ അറബ്-ഇസ്രയേൽ സാധാരണവത്കരണ പാതയിലേയ്ക്ക് ഇല്ലെന്ന് നിരവധി തവണ സൗദി അറേബ്യ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്.
ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടി
അറബ്-ഇസ്രയേൽ സാധാരണവത്കരണം എന്നാൽ:
അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ഔപചാരികമായ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള നയതന്ത്ര പ്രക്രിയയാണ് അറബ്-ഇസ്രയേൽ നോർമലൈസേഷൻ അഥവാ അറബ്-ഇസ്രയേൽ സാധാരണവത്കരണം.
പ്രധാനപ്പെട്ട സാധാരണവത്കരണ കരാറുകൾ
ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടികൾ: 1979 ൽ ഒപ്പു വ്ച ഈ സുപ്രധാന കരാർ ഈജിപ്തും ഇസ്രയേലും തമ്മിൽ ഔദ്യോഗിക സമാധാനം, അംഗീകാരം എന്നിവയിൽ ചുവടുറപ്പിച്ചുള്ളതാണ്. ഇരു രാജ്യങ്ങളും അംബാസിഡർമാരെ കൈമാറുകയും എംബസികൾ തുറക്കുകയും ചെയ്യുന്നു. ഇരു രാഷ്ട്രങ്ങളും ഉഭയകക്ഷി വ്യാപാരം, സാങ്കേതിക വിദ്യ, ടൂറിസം കരാറുകളിൽ ഒപ്പു വയ്ക്കുന്നു. ഇരു ഗവണ്മെന്‍റുകളും പശ്ചിമേഷ്യയിലെ സാധാരണ വെല്ലുവിളികളെ കുറിച്ചുള്ള പ്രാദേശിക സുരക്ഷാ താൽപര്യങ്ങളും ഇന്‍റലിജൻസ് വിവരങ്ങളും പങ്കിടുന്നു.
അബ്രഹാം അക്കോർഡ് സ്
അബ്രഹാം അക്കോർഡ് സ് : 2020 അവസാനത്തോടെ യുഎസിന്‍റെ മധ്യസ്ഥതയിൽ ഒപ്പു വച്ച ഈ കരാറുകൾ ഇസ്രയേൽ, യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾക്കിടയിൽ ഔപചാരിക നയതന്ത്ര, വ്യാപാര ബന്ധങ്ങൾ സ്ഥാപിച്ചു.
സൗദിയും അബ്രഹാം അക്കോർഡ്സും:
നാളിതു വരെ സൗദി അറേബ്യ ഈ കരാറിൽ ഒപ്പു വയ്ക്കാൻ മുന്നോട്ടു വന്നിട്ടില്ല. അതിനു കാരണമാകട്ടെ പലസ്തീൻ-ഇസ്രയേൽ യുദ്ധമാണ്. അബ്രഹാം അക്കോർഡ്സ് വഴി അറബ്-ഇസ്രയേൽ സാധാരണവത്കരണം ഉണ്ടായാൽ ഇത് പലസ്തീൻ പ്രശ്നത്തെ മറികടക്കുമെന്നും പലസ്തീന്‍റെ ദ്വിരാഷ്ട്ര അവകാശം പരിഗണിക്കാതെ വിടുമെന്നുമാണ് അവരുടെ വാദം. ഈ കടുത്ത പ്രാദേശിക സംഘർഷം കാരണം പല അറബ് രാജ്യങ്ങളിലെയും പൊതുജന വികാരം ഇസ്രയേലിനെതിരാണ്. അതു തന്നെയാണ് ഈ സന്ദിഗ്ധ ഘട്ടത്തിലും സൗദി അറേബ്യ പിന്തുടരുന്നതും.