

ട്രംപ്, പുടിൻ, ഷി ജിൻപിങ്
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യാൻ അടുത്ത മാസം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും ചൈനീസ് നേതാവ് ഷി ജിൻപിങുമായും ഒരു കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദേശിച്ചതായി റിപ്പോർട്ടുകൾ. ഈ ചർച്ചകളിലൊന്നും യുക്രെയ്നിയൻ പ്രസിഡന്‍റായ വൊളോഡിമിർ സെലൻസ്കി പങ്കെടുക്കില്ലെന്നും ഇത് പല യൂറോപ്യൻ രാജ്യങ്ങളെയും ആശങ്കയിൽ ആഴ്ത്തുന്നതാണെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഈ വരുന്ന നവംബർ 18,19 തിയതികളിൽ തെക്കൻ ചൈനയിലെ ഷെൻഷെനിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി(APEC) യുടെ ഭാഗമായി മൂന്നു നേതാക്കളും കൂടി ചർച്ച നടത്താനാണ് ക്രെംലിൻ നിർദേശിച്ചത്. എന്നാൽ ഇത്തരമൊരു ചർച്ചയിൽ യുക്രെയ്ൻ പങ്കെടുക്കാനുള്ള സാധ്യത തീരെയില്ല. പ്രത്യേകിച്ചും സെലൻസ്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്ൻ റഷ്യയുടെ ഊർജ മേഖലയിൽ ആക്രമിക്കരുതെന്നുമൊക്കെ ട്രംപ് രൂക്ഷമായി സെലൻസ്കിയെ വിമർശിച്ച ഈ സാഹചര്യത്തിൽ. ഒക്റ്റോബർ 9ന് ട്രംപുമായി സംസാരിച്ചപ്പോഴാണ് പുടിൻ ആദ്യം ആ കൂടിക്കാഴ്ച നിർദേശിച്ചത്. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കായുള്ള ചർച്ചകൾ തുടരുകയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ട്രംപ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിട്ടില്ലെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ആഗ്രഹം കാരണം ഈ ആശയം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും അവരുടെ സാധനങ്ങളുടെ മേലുള്ള തീരുവകളും പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒഴിവാക്കാനുള്ള ട്രംപിന്‍റെ തീരുമാനം മോസ്കോയെ യുക്രെയ്നെ ആക്രമിക്കുന്നത് തുടരാൻ ധൈര്യപ്പെടുത്തുമെന്ന് സെലെൻസ്‌കി ശനിയാഴ്ച പറഞ്ഞപ്പോൾ യുക്രെയ്ന് ഒരു പുതിയ പ്രസിഡന്‍റിനെയാണ് ആവശ്യം എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടിയെന്നു പറഞ്ഞാലും ട്രംപ്, ഷി, പുടിൻ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ച ആഗോള നയതന്ത്രത്തിൽ ചൈനയുടെ സ്ഥാനത്തിനു വേണ്ടിയുള്ള ഷിയുടെ താൽപര്യങ്ങളെ മുന്നോട്ടു കൊണ്ടു പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുടിനുള്ള പിന്തുണയും യൂറോപ്പുമായുള്ള സാമ്പത്തിക ബന്ധവും സന്തുലിതമാക്കാൻ ഷി ജിൻപിങ് ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.യുക്രെയ്ൻ വിഷയത്തിൽ പുടിനും ട്രംപുമായുള്ള കൂടിക്കാഴ്ച യൂറോപ്യൻ തിരിച്ചടിയുടെ സാധ്യത വർദ്ധിപ്പിക്കും.