വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് ശുദ്ധ ഊർജ വിന്യാസം

ഊർജ സുരക്ഷ, വ്യവസായ വളർച്ച, ദീർഘകാല വികസനം എന്നിവയിൽ ശുദ്ധ ഊർജം ഇന്ന് കൂടുതൽ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്
Shripad Yasho Naik
Minister of State for Energy

ശ്രീപദ് യശോ നായിക്

കേന്ദ്ര ഊർജ സഹമന്ത്രി

Updated on

ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദം പ്രതിരോധ ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയിൽ അധിഷ്ഠിതമായ പ്രായോഗിക മാർഗങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം പ്രദാനം ചെയ്യുന്നു.

ശ്രീപദ് യശോ നായിക്

കേന്ദ്ര ഊർജ സഹമന്ത്രി

വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വം, ഊർജ ആവശ്യകത, കാലാവസ്ഥാ വെല്ലുവിളികൾ എന്നിവയുടെ ഈ കാലഘട്ടത്തിൽ, അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നിലുള്ള അനിവാര്യമായ കടമ കൂടുതൽ ശുദ്ധവും, സുരക്ഷിതവും, താങ്ങാനാവുന്നതും, വിശ്വസനീയവുമായ ഊർജ സംവിധാനങ്ങൾ നിർമിക്കുക എന്നതാണ്; അതേസമയം ഇവ വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ വികസന ആവശ്യങ്ങൾക്കും സാമ്പത്തിക ആഗ്രഹങ്ങൾക്കും അനുസൃതമായി നിലകൊള്ളുകയും വേണം.

ഊർജ സുരക്ഷ, വ്യവസായ വളർച്ച, ദീർഘകാല വികസനം എന്നിവയിൽ ശുദ്ധ ഊർജം ഇന്ന് കൂടുതൽ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. അസ്ഥിരമായ ഇന്ധന വിപണികളിൽ നിന്നുള്ള സുരക്ഷിതത്വമില്ലായ്മ കുറയ്ക്കാനും, ഊർജ ലഭ്യത വ്യാപിപ്പിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും, ദേശീയ പ്രതിരോധശേഷി വർധിപ്പിക്കാനും ഇതിന് സാധിക്കും. എങ്കിലും, ശുദ്ധ ഊർജത്തിലേക്കുള്ള മാർഗങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കാൻ കഴിയില്ല. അവ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങൾ, വിഭവങ്ങളുടെ ലഭ്യത, വികസന മുൻഗണനകൾ എന്നിവയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

വികസ്വര സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സഹകരണം പ്രാധാന്യമർഹിക്കുന്നത് ഇവിടെയാണ്. ബ്രിക്സ് അംഗങ്ങൾക്കിടയിലെ ശക്തമായ സഹകരണം, ഊർജ സുരക്ഷ, സുസ്ഥിരത, ഉൾക്കൊള്ളുന്ന വളർച്ച എന്നീ പങ്കിട്ട ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ശുദ്ധ ഊർജ വിന്യാസം വേഗത്തിലാക്കാനും സഹായിക്കും.

ഇന്ത്യയുടെ സ്വന്തം അനുഭവം വ്യക്തമാക്കുന്നതുപോലെ, ശുദ്ധ ഊർജം ജനങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്. കഴിഞ്ഞ ദശകത്തിൽ, പ്രധാൻമന്ത്രി സഹജ് ബിജലി ഹർ ഘർ യോജനയ്ക്ക് (സൗഭാഗ്യ) കീഴിൽ ഏകദേശം 2.86 കോടി വീടുകളിൽ വൈദ്യുതി കണക്‌ഷനുകൾ ലഭ്യമാക്കി. ഇത് സാർവത്രിക വൈദ്യുതീകരണത്തെ മുന്നോട്ട് നയിക്കുകയും ഗ്രാമീണ- പിന്നാക്ക മേഖലകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. പ്രധാൻമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 10.5 കോടിയിലധികം എൽപിജി കണക്‌ഷനുകൾ സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്; ഇത് കൂടുതൽ ശുദ്ധമായ പാചകരീതി പ്രോത്സാഹിപ്പിക്കാനും, കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, കഠിനാധ്വാനം കുറയ്ക്കാനും സഹായിച്ചു.

ഈ സംരംഭങ്ങൾ സുപ്രധാനമായ ഒരു തത്വം അടിവരയിടുന്നു: ശുദ്ധ ഊർജത്തിന്‍റെ സ്വീകാര്യത എന്നത് സ്ഥാപിക്കപ്പെട്ട മെഗാവാട്ടുകളിലോ കൂട്ടിച്ചേർക്കപ്പെട്ട ശേഷിയിലോ മാത്രമല്ല അളക്കേണ്ടത്, മറിച്ച് സൃഷ്ടിക്കപ്പെട്ട അവസരങ്ങളിലൂടെയും, മെച്ചപ്പെട്ട ഉപജീവന മാർഗങ്ങളിലൂടെയും, ജീവിത നിലവാരത്തിലുണ്ടായ പുരോഗതിയിലൂടെയുമാണ്.

ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഈ സമീപനത്തിനൊപ്പം തന്നെ വലിയ തോതിലുള്ള വിന്യാസവും അതിന് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഇന്ത്യയുടെ ശുദ്ധ ഊർജ ചരിത്രത്തിൽ പുനരുപയോഗിക്കാവുന്ന ഊർജം കേന്ദ്ര സ്ഥാനത്തായി മാറിയിരിക്കുന്നു, എങ്കിലും അതിന്‍റെ വിജയം അതിനെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൗരോർജവും പവന ഊർജവും വേഗത്തിൽ വിന്യസിക്കാൻ സാധിക്കുമെങ്കിലും, പ്രസരണം, വിതരണം, സംഭരണം, ഗ്രിഡ് മാനെജ്‌മെന്‍റ് എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോൾ മാത്രമേ അവയുടെ പൂർണമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയൂ.

ശുദ്ധ ഊർജ വ്യാപനത്തെ പിന്തുണയ്ക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഊർജ സംഭരണത്തിലും ഗ്രിഡിന്‍റെ വഴക്കത്തിലും വർധിച്ചുവരുന്ന നിക്ഷേപങ്ങൾക്കൊപ്പം തന്നെ പ്രസരണ അടിസ്ഥാന സൗകര്യങ്ങളും ക്രമമായി വികസിച്ചു വരുന്നു. വിതരണ പരിഷ്കരണങ്ങളും നൂതന ഗ്രിഡ് സാങ്കേതിക വിദ്യകളുടെ സ്വീകാര്യതയും, പുനരുപയോഗ ഊർജത്തിന്‍റെ വർധിച്ചുവരുന്ന പങ്കിനെ ഉൾക്കൊള്ളാൻ ശേഷിയുള്ളതും കൂടുതൽ പ്രതികരണക്ഷമവും വിശ്വസനീയവുമായ ഒരു ഊർജ സംവിധാനം രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ട്.

ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന അധിഷ്ഠിത ശേഷി ഇപ്പോൾ 288 ജിഗാ വാട്ട് കടന്നിരിക്കുന്നു. വലിയ വൻകിട പദ്ധതികൾക്കപ്പുറം, പുരപ്പുറ സോളാർ, സോളാർ പമ്പുകൾ, മിനി ഗ്രിഡുകൾ, മൈക്രോ ഗ്രിഡുകൾ എന്നിവയിലൂടെ വികേന്ദ്രീകൃത പുനരുപയോഗ ഊർജ സംവിധാനങ്ങൾ ഗ്രാമീണ- പിന്നാക്ക മേഖലകളിൽ ശുദ്ധ ഊർജ ലഭ്യത കൂടുതൽ വ്യാപിപ്പിച്ചു വരുന്നു. ഈ സംവിധാനങ്ങൾ ജലസേചനം, ശീത സംഭരണം, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രാദേശിക സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതോടൊപ്പം ഗ്രാമീണ ഉപജീവന മാർഗങ്ങളെയും പ്രാദേശിക സാമ്പത്തിക ശേഷിയെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയുടെ "പിഎം സൂര്യ ഘർ: മുഫ്ത് ബിജലി യോജന' ഈ കാഴ്ചപ്പാടിനെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഏകദേശം 40 ലക്ഷം കുടുംബങ്ങൾക്ക് ഇതിനകം തന്നെ ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്, ഇത് ഉപഭോക്താക്കളെ കൂടുതൽ വികേന്ദ്രീകൃതവും പങ്കാളിത്തമുള്ളതുമായ ഒരു ഊർജ സംവിധാനത്തിന്‍റെ ഭാഗഭാക്കാക്കാൻ പ്രാപ്തരാക്കുന്നു.

എന്നിരുന്നാലും, ശുദ്ധ ഊർജ വ്യാപനത്തിന്‍റെ ഏറ്റവും നിർണായകമായ ചാലകശക്തിയായി സാമ്പത്തികം തുടരും. പല വികസ്വര സമ്പദ്‌വ്യവസ്ഥകൾക്കും വലിയ തോതിലുള്ള പുനരുപയോഗ ഊർജ സാധ്യതകളുണ്ട്, എന്നാൽ ഈ സാധ്യതകളെ വികസിപ്പിക്കാൻ സാധിക്കുന്നതും സാമ്പത്തികമായി ലാഭകരവുമായ പദ്ധതികളാക്കി മാറ്റുന്നതിന് താങ്ങാനാവുന്നതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മൂലധനം ലഭ്യമാകേണ്ടതുണ്ട്.

വരും വർഷങ്ങളിൽ പുനരുപയോഗ ഊർജം, പ്രസരണ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രിഡ് നവീകരണം, സംഭരണ സംവിധാനങ്ങൾ , ഊർജക്ഷമതയുള്ള സാങ്കേതികവിദ്യകൾ എന്നിവയിലെ നിക്ഷേപങ്ങൾ അത്യാവശ്യമായിരിക്കും. ധനസഹായം, സാങ്കേതിക പങ്കാളിത്തം, ശേഷി വികസനം എന്നിവയിലൂടെ വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ന്യൂ ഡവലപ്‌മെന്‍റ് ബാങ്ക് പോലുള്ള സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയും.

ശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്കായി കരുത്തുറ്റതും വൈവിധ്യവത്കരിക്കപ്പെട്ടതുമായ വിതരണ ശൃംഖലകൾ നിർമിക്കേണ്ടതിന്‍റെ ആവശ്യകതയും തുല്യ പ്രധാനമാണ്. വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് സുരക്ഷിതവും, താങ്ങാനാവുന്നതും, വിശ്വസനീയവുമായ ഊർജ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് നിർമാണം, സാങ്കേതികവിദ്യ, നവീകരണം, വിതരണ ശൃംഖലകൾ എന്നിവയിലുടനീളം സഹകരണം ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ത്യ അതിന്‍റെ ബ്രിക്സ് അധ്യക്ഷപദവുമായി മുന്നോട്ട് പോകുമ്പോൾ, താങ്ങാനാവുന്ന ചെലവ്, വലിയ തോതിലുള്ള വിന്യാസം, വിശ്വസനീയത, സാങ്കേതികവിദ്യാ ലഭ്യത, കരുത്തുറ്റ വിതരണ ശൃംഖലകൾ, സുസ്ഥിരമായ വളർച്ച എന്നിവയെ പിന്തുണയ്ക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു സഹകരണ ചട്ടക്കൂട് ശക്തിപ്പെടുത്താനുള്ള അവസരമുണ്ട്.

ശുദ്ധ ഊർജ ശേഷി വർധിപ്പിക്കുക എന്നത് മാത്രമല്ല വെല്ലുവിളി. ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതുമായതും വിശ്വസനീയവും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും മാനവ വികസനത്തിനും പിന്തുണ നൽകാൻ ശേഷിയുള്ളതുമായ ഊർജ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ് യഥാർഥ വെല്ലുവിളി.

logo
Metro Vaartha
www.metrovaartha.com