

പെട്രോള്‍, ഡീസല്‍, എഥനോള്‍
വിജയ് ചൗക്ക്| സുധീര്‍ നാഥ്
സമീപകാലത്ത് ആഗോള യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില വന്‍തോതില്‍ വർധിച്ചത് ചര്‍ച്ചയായല്ലോ. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നതാണ് അതിനു മുഖ്യ കാരണം. ജൂണ്‍ 30 വരെ പെട്രോളും ഡീസലും എല്‍പിജിയും അടക്കമുള്ളവ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റതു വഴി പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായി. അവരുടെ നഷ്ടം തീരാതെ എണ്ണ വില കുറയുകയില്ല എന്ന് പ്രഖ്യാപനം വരെ വന്നു.
ഇന്ത്യയിലെ എണ്ണ ഉപഭോഗം വര്‍ഷം തോറും വർധിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയിലും എണ്ണയുമാണ് നാം ഇറക്കുമതി ചെയ്യുന്നത്. ആഗോള പ്രതിസന്ധികള്‍ ബാധിക്കാതിരിക്കാന്‍ ഇന്ത്യ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ കരുതല്‍ എണ്ണ ശേഖരവും സൂക്ഷിക്കുന്നു. ആഗോള വിപണിയില്‍ ഇപ്പോള്‍ എണ്ണ വില അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യന്‍ പ്രതിസന്ധി അതിന്‍റെ പരകോടിയില്‍ നിന്നിരുന്ന സമയത്ത് കൂടിയ വിലയ്ക്കു വാങ്ങിയ എണ്ണയാണ് കമ്പനികള്‍ ഇപ്പോഴും സംസ്കരിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്‍റെ 90 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഉപയോക്താവാണ് ഇന്ത്യ. വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ് അറബ് രാജ്യങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇടയ്ക്ക് യുഎസില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. റഷ്യയ്ക്ക് മേല്‍ യുഎസ് അടക്കമുള്ളവരുടെ ഉപരോധം വന്ന ശേഷം അവര്‍ നല്‍കിയ ഇളവുകളെ തുടര്‍ന്ന് അവിടെനിന്നും ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയക്കുന്നത് റഷ്യയാണ്. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഉപരോധിച്ചപ്പോള്‍ ആ വിലക്കിഴിവ് മുതലെടുത്ത് ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ വർധിപ്പിച്ചു. അറബ് മേഖലയിലെ ആശ്രയത്വം കുറയ്ക്കാനുള്ള രാജ്യത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗം കൂടിയായിരുന്നു ആ നീക്കം. ഇറാന്‍- ഇസ്രയേല്‍ യുദ്ധം ആഗോള എണ്ണ വില വീണ്ടും വര്‍ധിപ്പിച്ചു.
ഇറാനിലേക്ക് യുഎസ്- ഇസ്രായേല്‍ ആക്രമണം നടന്നതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. 1973ലെ എണ്ണ പ്രതിസന്ധിക്കു ശേഷം കാണാത്ത ഒരു ആഗോള ഊര്‍ജ തടസം ഉണ്ടായിട്ടുണ്ട്. ഇസ്രയേലുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. യുഎസും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനുശേഷം ബ്രെൻഡ് ക്രൂഡ് ഓയില്‍ ബാരലിന് വ്യാപകമായി വില വർധനവുണ്ടായി.
വന്‍തോതില്‍ എണ്ണ വഹിക്കുന്ന ഒരു നിര്‍ണായക ഊര്‍ജ പാതയാണ് ഇടുങ്ങിയ ഹോർമുസ് ജലപാത. കഴിഞ്ഞ വര്‍ഷം പ്രതിദിനം ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയും 5 ദശലക്ഷം ബാരല്‍ പെട്രോളിയം ഉത്പന്നങ്ങളും ഇതിലൂടെ കടന്നുപോയി- പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍. ഇത് ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് വരും. സാധാരണ സാഹചര്യങ്ങളില്‍, യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം ഏകദേശം 138 വാണിജ്യ കപ്പലുകള്‍ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. അതാണ് ഇപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്.
ഇപ്പോഴുണ്ടായ എണ്ണ പ്രതിസന്ധി പോലെയായിരുന്നു 1973ല്‍ ഉണ്ടായത്. അന്നത്തെ പ്രതിസന്ധിക്ക് കാരണമായ ഉപരോധം ഇസ്രയേലും ഈജിപ്തിന്‍റെയും സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യവും തമ്മിലുള്ള ഒരു പ്രധാന സംഘര്‍ഷമായ യോം കിപ്പുര്‍ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1973 ഒക്റ്റോബര്‍ 6ന് ആരംഭിച്ച യുദ്ധം മൂന്നാഴ്ച നീണ്ടുനിന്നു. 1948ല്‍ പലസ്തീന്‍ പ്രദേശത്ത് ഇസ്രയേല്‍ സൃഷ്ടിക്കപ്പെട്ടതു മുതല്‍ നടന്നു കൊണ്ടിരിക്കുന്ന അറബ്- ഇസ്രയേല്‍ പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു ആ സംഘര്‍ഷം.
ജൂതന്മാരുടെ അവധിക്കാല ആഘോഷ കേന്ദ്രമായ യോം കിപ്പുരില്‍ ഈജിപ്തും സിറിയയും ഇസ്രയേല്‍ സേനയ്ക്കെതിരേ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടു. 6 ദിവസത്തെ യുദ്ധത്തില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഈജിപ്തിലെ സിനായ് പെനിന്‍സുലയും സിറിയയിലെ ഗോലാന്‍ കുന്നുകളും തിരിച്ചുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അമെരിക്ക ഇസ്രയേലിനെ സൈനികമായി വളരെ പിന്തുണച്ചപ്പോള്‍, സോവിയറ്റ് യൂണിയന്‍ ഈജിപ്തിനെയും സിറിയയെയും പിന്തുണച്ചു.
എണ്ണയെ ഒരു രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്നത് ഇന്നും തുടരുകയാണ്. ഇസ്രയേലിനുള്ള പാശ്ചാത്യ പിന്തുണയ്ക്ക് മറുപടിയായി അറബ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ എണ്ണ കയറ്റുമതിയെ ഒരു ലിവറേജായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. 1973 ഒക്റ്റോബര്‍ 17ന് അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ ഇസ്രയേലുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരേ എണ്ണ ഉപരോധം പ്രഖ്യാപിച്ചു. അതൊക്കെയാണ് അമെരിക്ക ഇപ്പോള്‍ പ്രയോഗിക്കുന്ന തന്ത്രം. നയതന്ത്ര ശ്രമങ്ങളുടെ ഫലമായി 1974 മാര്‍ച്ചില്‍ എണ്ണ ഉപരോധം അവസാനിച്ചു, പക്ഷേ അത് ആഗോള സമ്പദ് വ്യവസ്ഥയിലും അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തിലും ശാശ്വതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ സമാനമായ നയതന്ത്ര ഇടപെടലുകളാണ് നടക്കുന്നത്. അതും ലോക സമ്പദ് വ്യവസ്ഥയിലും രാഷ്‌ട്രീയത്തിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനി സൗദിയുടെ അരാംകോ ആണ്. സൗദിയിലെ എല്ലാ എണ്ണപ്പാടങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ കമ്പനിയാണിത്. ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളിലൊന്നും ഇതു തന്നെ. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകര്‍ സൗദിയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നത് അമെരിക്കയാണ്. സൗദി അറേബ്യ എണ്ണ ശേഖരത്തിലും കയറ്റുമതിയിലും എണ്ണ ഉദ്പാദനത്തിലും ലോകത്ത് രണ്ടാം സ്ഥാനത്ത്. റഷ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം. ക്യാനഡ, ഇറാഖ്, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബ്രസീല്‍, ഇറാന്‍, കുവൈറ്റ്, വെനിസ്വേല എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങൾ.
ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്രോതസുകളില്‍ ഒന്നാണ് റഷ്യ. ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നും ക്രൂഡ് ഇറക്കുമതി ചെയ്യുന്നു. ഇത് വിവിധ റിഫൈനറികളില്‍ എത്തിക്കുന്നു. ഉയര്‍ന്ന താപനിലയില്‍, ഏകദേശം 350 ഡിഗ്രി മുതല്‍ 400 ഡിഗ്രി വരെ, ചൂടാക്കി ബാഷ്പീകരിക്കുന്നു. ക്രൂഡ് ഓയില്‍ ചൂടാകുമ്പോള്‍ ഉണ്ടാകുന്ന നീരാവി മുകളിലേക്ക് ഉയരുമ്പോൾ പല തട്ടുകളില്‍ വേര്‍തിരിക്കും. ടവറിലെ വിവിധ തട്ടുകളില്‍ നിന്നും ലഭിക്കുന്ന പ്രധാന ഉത്പന്നങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ടവറിന്‍റെ ഏറ്റവും മുകളില്‍ ലഭിക്കുന്ന പെട്രോളിയം വാതകമാണ് വീട്ടുപയോഗത്തിനും മറ്റുമുള്ള എല്‍പിജി. തൊട്ടു താഴെ ഗ്യാസൊലിന്‍, പെട്രോള്‍ ലഭിക്കുന്നു. ഇരുചക്ര വാഹനങ്ങളിലും ചെറു കാറുകളിലും ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ഇന്ധനമാണിത്. മികച്ച ആക്സിലറേഷനും കുറഞ്ഞ എൻജിന്‍ ശബ്ദവും നല്‍കുന്നു എന്ന വിശേഷണം പെട്രോളിനുണ്ട്.
പെട്രോളിന് താഴെ വാണിജ്യ വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ അടിസ്ഥാനമാക്കിയുള്ള ഇന്ധനമാണ് ലഭിക്കുക. ഇവ പ്രധാനമായും പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതോ സിന്തറ്റിക് ഇന്ധനങ്ങളോ ആണ്. സുരക്ഷയും കാര്യക്ഷമതയും മുന്‍നിര്‍ത്തി വിമാനത്തിന്‍റെ ചിറകുകളിലാണ് സാധാരണയായി ഇന്ധനം സംഭരിക്കുന്നത്. ഉയര്‍ന്ന തണുപ്പുള്ള അന്തരീക്ഷത്തിലും കട്ട പിടിക്കാതെ -40 ഡിഗ്രി മുതല്‍ -47 ഡിഗ്രി വരെ താപനിലയില്‍ ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കാന്‍ ഇതിന് കഴിയും.
അടുത്തത് ഡീസലാണ് ലഭിക്കുക. ദീര്‍ഘദൂര വാഹനങ്ങള്‍ക്കും ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ഇന്ധനമാണിത്. ഇതിന്‍റെ സാന്ദ്രത പെട്രോളിനേക്കാള്‍ കൂടുതലായതു കൊണ്ട് മികച്ച മൈലേജ് നല്‍കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഉപയോഗിക്കുന്ന പ്രകൃതിവാതകമായ സിഎന്‍ജിയാണ് അടുത്തത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് സിഎന്‍ജി എന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്. പ്രകൃതിവാതകത്തെ അത്യുയര്‍ന്ന മര്‍ദത്തില്‍ സംഭരിച്ചാണ് ഇത് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവും കുറഞ്ഞ മലിനീകരണവുമാണ് പ്രധാന പ്രത്യേകതകള്‍.
ഇന്ത്യയുടെ എഥനോള്‍ തന്ത്രമാണ് നിലവില്‍ ആഗോള സംസാരവിഷയം. യുഎസും ബ്രസീലും പോലുള്ള മുന്‍ഗാമികള്‍ വര്‍ഷങ്ങളായി ഒന്നാം തലമുറ എഥനോളില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇന്ത്യ കേടായ ധാന്യങ്ങൾ, ധാന്യ അവശിഷ്ടങ്ങള്‍, വൈക്കോല്‍, മരം അവശിഷ്ടങ്ങള്‍ പോലുള്ളവയില്‍ നിന്നു പോലും എഥനോള്‍ നിമിച്ച് രണ്ടാം ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടു കഴിഞ്ഞു. എഥനോളിലെ ഇന്ത്യയുടെ അതിവേഗമുള്ള മുന്നേറ്റം ഇതോടകം തന്നെ രാജ്യത്തിന് ലക്ഷ്യം കോടിയുടെ നേട്ടം സമ്മാനിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോളില്‍ 20% എഥനോള്‍ ചേര്‍ത്തുള്ള ഇ-20 ഇന്ധനം ഇപ്പോള്‍ രാജ്യവ്യാപകമായി ലഭ്യമാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ക്രൂഡ് ഓയില്‍ ഇറക്കുമതി ഒഴിവാക്കി വിദേശനാണ്യം ലാഭിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 2026 ഏപ്രില്‍ മുതല്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇ-20 ഇന്ധനം ലഭ്യമാക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമാണെങ്കിലും ഉയര്‍ന്ന എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ചില പഴയ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. 2023ന് ശേഷം നിർമിച്ച ഭൂരിഭാഗം ഇരുചക്ര വാഹനങ്ങളും കാറുകളും ഇ-20 ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ്. പഴയ വാഹനങ്ങളില്‍ ഇ-20 ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ 3 മുതല്‍ 6 ശതമാനം വരെ ചെറിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. എങ്കിലും ഇത് എൻജിനെ കാര്യമായി ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പക്ഷേ, വലിയ പരാതികളാണ് വ്യാപകമായി ഉയര്‍ന്നുവരുന്നത്.
ഏറ്റവും പുതിയ സാമ്പത്തിക സര്‍വെ പ്രകാരം, എഥനോള്‍ ബ്ലെന്‍ഡിങ് വഴി ഇന്ത്യയ്ക്ക് ഇതുവരെ 1.44 ലക്ഷം കോടിയിലധികം രൂപയുടെ വിദേശ നാണയം ലാഭിക്കാന്‍ സാധിച്ചു. 2014ല്‍ മാത്രമാണ് ഇന്ത്യയുടെ എഥനോള്‍ തന്ത്രം ആരംഭിച്ചതെന്ന് ഓര്‍ക്കണം. അന്ന് തുടക്കമെന്ന നിലയില്‍ വളരെ മിതമായ നിരക്കില്‍ 1.5% എഥനോള്‍ മാത്രമായിരുന്നു പെട്രോളില്‍ കലര്‍ത്തിയിരുന്നത്. ഘട്ടംഘട്ടമായി എഥനോളിന്‍റെ അളവ് രാജ്യം ഉയര്‍ത്തിക്കൊണ്ടു വന്നു.
ഇ-20 എത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് ഇത്രയും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇ-100ലേക്ക് എത്തുമ്പോഴേക്കും എണ്ണ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത്. അതിനുള്ള ഇത്തരം ഇല്ല എന്നതാണ്. പക്ഷേ, സാമ്പത്തിക നേട്ടം വളരെ വലുതായിരിക്കും.