

VD SATHEESAN
file image
വി.ഡി. സതീശൻ
മുഖ്യമന്ത്രി
""പുതുയുഗ കേരളം'' എന്ന മുദ്രാവാക്യവും ആശയവും ജനങ്ങള്‍ പൂര്‍ണ മനസോടെ സ്വീകരിച്ചതിന്‍റെ പരിണിതിയായിരുന്നു 102 സീറ്റുമായുള്ള യുഡിഎഫിന്‍റെ ചരിത്ര വിജയം. യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമ ബോധ്യം സര്‍ക്കാരിനുണ്ട്. അതിന്‍റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തീരുമാനിച്ചതും ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ- പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വന്‍കിട വികസന പദ്ധതികളും സ്വപ്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം, നാനാ തുറകളിലുള്ളവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം.
സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുന്‍ഗണന നല്‍കിയാണ് "ഇന്ദിര ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനകം നടപ്പിലാക്കുകയും ചെയ്തു. സൗജന്യ യാത്ര സ്ത്രീകളോടുള്ള സര്‍ക്കാരിന്‍റെ ആദരവാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള കരുതലിന്‍റെ ഭാഗമാണ് വയോജന വകുപ്പ്. ഇത്തരം പരിഗണന രാജ്യത്താദ്യമാണ്. ഇതിന് പുറമെയാണ് 100 ദിന കർമപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. സര്‍ക്കാരിന് കൃത്യമായ വീക്ഷണം ലക്ഷ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമങ്ങളുണ്ട്.
സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷ ലഹരിയിലാണ്. വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ 13 സബ്‌സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കി. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങി 10 അവശ്യ സാധനങ്ങള്‍ കഴിഞ്ഞ ഓണക്കാലത്തെ സബ്‌സിഡി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയിലാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നല്‍കി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാനുള്ള സൗകര്യവും ഒരുക്കി. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കി.
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെന്‍ഷന്‍ മുടങ്ങരുതെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. ഓണം പ്രമാണിച്ച് ഓഗസ്റ്റിലെ പെന്‍ഷന്‍ വിതരണം നേരത്തെയാക്കി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവ ബത്തയും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തു. കെടിഡിസി, കെഎസ്ആര്‍ടിസി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ്, ഉത്സവബത്ത, സാലറി അഡ്വാന്‍സ് എന്നിവ ഉറപ്പാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിച്ചു, ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയർത്തി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെ തുടര്‍ന്ന് കുടിശികയായ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിന് ~32 കോടി അനുവദിച്ചു.
സ്‌കോളര്‍ഷിപ്പ് മുടങ്ങി പട്ടികജാതി- പട്ടികവര്‍ഗ വിദ്യാർഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് ഈ സര്‍ക്കാര്‍ പരിഹാരം കണ്ടു. മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ കുടിശിക തീര്‍ക്കാന്‍ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി അനുവദിച്ചു. കാരുണ്യ, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും, സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്‍റെ പിആര്‍എസ് കുടിശിക തീര്‍ക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്‍കാന്‍ 44.24 കോടി രൂപയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്‍കാന്‍ 85.06 ലക്ഷം രൂപയും കൈമാറി. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ മാസ വേതനം വര്‍ധിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപ അനുവദിച്ചു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് 650 മുതല്‍ 675 രൂപയായിരുന്ന പ്രതിദിന വേതനം 1,000 രൂപയായാണ് വര്‍ധിപ്പിച്ചത്. ലോട്ടറി ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും ബോണസില്‍ 1,000 രൂപ വര്‍ധന വരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള "സ്നേഹ സാന്ത്വനം' പദ്ധതിക്കായി 14.40 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണ സമ്മാനമായി 1,000 രൂപ വീതം നല്‍കാന്‍ 5.28 കോടി രൂപ നീക്കിവച്ചു. "ആശ്വാസ കിരണം' പദ്ധതി വഴി നല്‍കുന്ന ധനസഹായം 600 രൂപയില്‍ നിന്ന് 1,000 ആയി ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്‍റെ ഭാഗമായി കുടുംബമൊന്നിന് 2 ലക്ഷം രൂപ വീതം അധിക സഹായം പ്രഖ്യാപിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ കരാര്‍ ജീവനക്കാരുടെ ശമ്പള കുടിശിക തീര്‍ക്കാന്‍ 1.50 കോടി രൂപയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയ്ക്കും ഓണക്കിറ്റിനുമായി 20.87 ലക്ഷം രൂപയും നല്‍കി. പ്രവാസി മലയാളി സുരക്ഷയ്ക്കായി 5 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചികിത്സാ പരിരക്ഷ നല്‍കുന്ന "നോര്‍ക്ക കെയര്‍ പ്ലസ്' പദ്ധതിയുടെ രണ്ടാം ഘട്ടവും ആവിഷ്‌കരിച്ചു.
സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായാണ് ആഭ്യന്തര വകുപ്പ് "ഓപ്പറേഷന്‍ തൂഫാന്‍' ആരംഭിച്ചത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട 10,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ലഹരിക്കെതിരേ കായിക മേഖലയിലേക്ക് കുട്ടികളെ വഴിതിരിച്ചു വിടുകയെന്നത് ഫലപ്രദമായ മാര്‍ഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ "ഓപ്പറേഷന്‍ കളരി' എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ഓപ്പറേഷന്‍ തണ്ടര്‍ ഫലപ്രദമായി നടക്കുന്നു. ലഹരി മാഫിയയുടെ അടിവേര് അറുക്കുക എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്.
കേരളത്തെ അന്താരാഷ്‌ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് "മിഷന്‍ സമുദ്ര'. തീരദേശത്തെ ആഗോള മാന്യുഫാക്ചറിങ് ഹബ്ബാക്കി മാറ്റുന്ന ~400 കോടിയുടെ പദ്ധതി. ചരക്കുനീക്കം പൂർണ തോതില്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ സാധ്യതകള്‍ മിഷന്‍ സമുദ്രയ്ക്ക് കരുത്തേകും. വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകള്‍ അയക്കാനും യാത്രാ സമയവും ചെലവും കുറയ്ക്കാനും വഴിതുറന്നു. ഇന്‍കെല്‍ മുഖേന വിഴിഞ്ഞത്ത് 100 ഏക്കറില്‍ ലോജിസ്റ്റിക്‌സ് ഇക്കോ സിസ്റ്റവും, പാലക്കാട് ലോജിസ്റ്റിക്സ് ഹബ്ബും, അങ്കമാലിയില്‍ 28 കോടി ചെലവില്‍ ഐടി പാര്‍ക്കും, റിയല്‍ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളര്‍ച്ചാ ഫണ്ടും ആവിഷ്‌കരിച്ചിട്ടുണ്ട്. കിന്‍ഫ്ര, ഇന്‍കെല്‍ മുഖേന വ്യവസായ- ഐടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപ പ്രദേശങ്ങളില്‍ പുതുയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫിഷറീസ് എക്സ്പോര്‍ട്ടും ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിവരസാങ്കേതിക വകുപ്പിനെ "IT, AI & Future Technologies' എന്ന് പുനര്‍നാമകരണം ചെയ്യുകയും കേരള സ്റ്റേറ്റ് ഐടി മിഷനെ ഡിജിറ്റല്‍ ടെക്നോളജി മിഷനായി മാറ്റുകയും ചെയ്യും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാൻ "ഇന്‍വെസ്റ്റ് കേരള സെല്‍, എഐ ഡാറ്റാ സെന്‍ററുകള്‍, പുതിയ വിദേശ നിക്ഷേപ നയങ്ങള്‍, സെമികണ്ടക്റ്റര്‍ മേഖലയ്ക്കായി "SEMICON Kerala' എന്നിവയ്ക്ക് രൂപം നല്‍കും. ആദ്യ ഘട്ടത്തില്‍ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000ത്തിലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കെഎഫ്സിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി 5 കോടി രൂപയായി ഉയര്‍ത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. കഴമ്പുണ്ടെങ്കില്‍ തിരുത്താന്‍ മടിയില്ല. പക്ഷേ നിക്ഷിപ്ത താത്പര്യത്തോടെ സര്‍ക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. മൂന്നുമാസം പ്രായമാകും മുമ്പേ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവര്‍ത്തിച്ചത്. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും 24 മണിക്കൂര്‍ ആയുസുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിപ്പിച്ചു എന്നത് നീച പ്രചരണമായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടിട്ടേ ഇല്ലെന്ന് മെറ്റ ഔദ്യോഗിക വിശദീകരണം നല്‍കിയതോടെ വ്യാജ പ്രചാരകര്‍ക്ക് ഇനി എന്ത് പറയാനുണ്ട്? സമരം ചെയ്യുന്നവരാരും സര്‍ക്കാരിന്‍റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേള്‍ക്കും. ഏതു പ്രശ്‌നവും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. പക്ഷെ ഒരു സമ്മര്‍ദ ശക്തിക്കു മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ല. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്.
സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് സര്‍ക്കാരിന്‍റെ സമീപനം. ഒരു പ്രളയത്തെ നമ്മള്‍ അതിജീവിച്ചതേയുള്ളൂ. പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കേരള ഫ്ലഡ് റെസീലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ റൂര്‍ക്കി ഐഐടിയുമായുള്ള ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും ജനജീവിതത്തിന് ആശ്വാസം നല്‍കുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യം. യുവതയാണ് രാജ്യത്തിന്‍റെ ശക്തി. അവരെ സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് നിര്‍ത്തുന്നതിനുള്ള കർമ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 100 ദിവസം ചെറിയ കാലയളവാണ്. പക്ഷേ, സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂര്‍വം കടക്കാന്‍ കഴിഞ്ഞു എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാം.