ഇന്ത്യയുടെ പരിവർത്തനത്തിലെ നാഴികക്കല്ലായ 11 വർഷങ്ങൾ

സമഗ്ര മാറ്റങ്ങളുമായി "മോദി 3.0' രണ്ടാം വർഷത്തിലേക്ക്; കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി എഴുതുന്നു
11 milestone years in India's transformation

ഇന്ത്യയുടെ പരിവർത്തനത്തിലെ നാഴികക്കല്ലായ 11 വർഷങ്ങൾ

Updated on

ഹര്‍ദീപ് എസ്. പുരി

സേവനങ്ങള്‍ ആവശ്യമായ തോതില്‍ ലഭിക്കാത്തവര്‍ക്കും തീര്‍ത്തും ലഭിക്കാത്തവര്‍ക്കും ചരക്കുകളും സേവനങ്ങളും ലഭ്യമാക്കുന്ന കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഇന്ത്യയില്‍, ആ പരീക്ഷണം അത്യന്തം കഠിനമാണ്. ഒരു മുദ്രാവാക്യവും ഉള്ളടക്കമില്ലാതെ നിലനില്‍ക്കില്ല. അനന്തരഫലങ്ങളില്ലാതെ അവകാശവാദങ്ങളേതും വിലപ്പോകില്ല. യഥാര്‍ഥ പരിവര്‍ത്തനം അവസാനത്തെ വ്യക്തിയിലും എത്തിച്ചേരേണ്ടതുണ്ട്. എന്തെന്നാല്‍, നമ്മുടെ ജനാധിപത്യത്തില്‍, അന്ത്യോദയയും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ്, മോദി 3.0ന്‍റെ ഒന്നാം വര്‍ഷത്തില്‍, ഡല്‍ഹി, മഹാരാഷ്‌ട്ര, ഹരിയാണ എന്നിവിടങ്ങളിലെ മഹത്തായ ജനവിധി രാഷ്‌ട്രീയ നേട്ടങ്ങള്‍ മാത്രമല്ല എന്നു വ്യക്തമാകുന്നത്. ഇന്നത്തെ ഇന്ത്യയില്‍, വിശ്വാസം നേടുക എന്നത് വാചാടോപമല്ല, മറിച്ച് സേവനവിതരണമാണ് എന്നതിന്‍റെ സ്ഥിരീകരണമാണ് ആ വിജയങ്ങള്‍.

"സര്‍വോദയ അന്ത്യോദയയിലൂടെ' എന്ന തത്വശാസ്ത്രത്തില്‍ നിലയുറപ്പിച്ചിട്ടുള്ള പരിപാടികള്‍ ഒരിന്ത്യക്കാരനും രാജ്യത്തിന്‍റെ വികസനത്തില്‍ പിന്നോട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നു. 25 കോടിയിലധികം പേരെ വിവിധതലത്തിലുള്ള ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം- കിസാന്‍) 11 കോടിയിലധികം കര്‍ഷകര്‍ക്ക് 3.68 ലക്ഷം കോടിയിലധികം വിതരണം ചെയ്തു. "ലഖ്പതി ദീദി' സംരംഭം ഒരുകോടിയിലധികം ഗ്രാമീണ സ്ത്രീകളെ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം നേടുന്നതിനായി ശാക്തീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഏകദേശം 3 കോടി വീടുകള്‍ അനുവദിച്ചു.

ജല്‍ ജീവന്‍ മിഷനിലൂടെ 15.44ലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 70 വയസിനും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും, വരുമാനം പരിഗണിക്കാതെ, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-JAY) വികസിപ്പിച്ചു. ഇത് ഏകദേശം 6 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രയോജനപ്പെടും. ഇത് സമഗ്രമായ ആരോഗ്യസംരക്ഷണവും സാമ്പത്തിക പരിരക്ഷയും നല്‍കും. കൂടാതെ, മുന്‍നിര സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു. ഈ അത്ഭുതകരമായ സംഖ്യകള്‍ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല, ലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളുടെ പരിവര്‍ത്തനത്തിന്‍റെ ഗാഥകള്‍ കൂടിയാണ്.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ സഹിഷ്ണുതാരഹിത നയത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത, നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട പഹല്‍ഗാം ആക്രമണത്തോടുള്ള അതിവേഗ പ്രതികരണത്തില്‍ പ്രകടമായിരുന്നു. രാഷ്‌ട്രം നഷ്ടത്തില്‍ ദുഃഖിച്ചു. എന്നാല്‍, ഐക്യത്തോടെ നിലകൊണ്ടു. കൃത്യതയോടും ആധിപത്യത്തോടും ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി. ഭീകരവാദത്തിനെതിരെ ഇന്ത്യ എത്രത്തോളം ശക്തമായി പോരാടുന്നു എന്നതിന്‍റെ തെളിവായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ സാങ്കേതികവും തന്ത്രപരവുമായ മേല്‍ക്കൈയും, പ്രധാനമന്ത്രിയുടെ ശക്തവും ദൃഢവുമായ നേതൃത്വവും ലോകം കാണുകയും അംഗീകരിക്കുകയും ചെയ്തു.

സ്വയംപര്യാപ്തതയിലെ തന്ത്രപരമായ നിക്ഷേപം ദൃഢമായ രാഷ്‌ട്രീയ ഇച്ഛാശക്തിയുമായി പൊരുത്തപ്പെടുന്നു. വര്‍ഷങ്ങളായി തദ്ദേശീയ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ത്വരിതഗതിയിലുള്ളതും കൃത്യവുമായ ഇടപെടല്‍ സാധ്യമാക്കി. 2014ന് ശേഷം, ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം അതിവേഗം നവീകരിച്ചു. കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചു. ഈ പരിവര്‍ത്തനം ആകസ്മികമല്ല. സ്വയംപര്യാപ്ത ഭാരത യജ്ഞത്തിനു കീഴില്‍, പ്രതിരോധ ഏറ്റെടുക്കല്‍ നടപടിക്രമം (DAP), പ്രതിരോധ ഉത്പാദന- കയറ്റുമതി പ്രോത്സാഹന നയം (DPEPP), ചില മേഖലകള്‍ക്ക് 100% വിദേശനിക്ഷേപം അനുവദിക്കല്‍ തുടങ്ങിയ പ്രധാന പരിഷ്‌കാരങ്ങള്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ക്കു വളര്‍ച്ചയുടെ വാതായനങ്ങള്‍ തുറന്നുനല്‍കി.

ഡ്രോണുകള്‍ക്കും ഘടകങ്ങള്‍ക്കുമായി രണ്ട് സമര്‍പ്പിത പിഎൽഐ പദ്ധതികള്‍ അവതരിപ്പിച്ചത് അടുത്ത തലമുറ നവീകരണത്തിന് കൂടുതല്‍ ഉത്തേജനം നല്‍കി. ഇന്ന്, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത മിസൈല്‍ സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍, നാവിക പ്ലാറ്റ്ഫോമുകള്‍ എന്നിവ നമ്മുടെ സേനയില്‍ വിന്യസിക്കുക മാത്രമല്ല, 80ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. വിശ്വസനീയമായ പ്രതിരോധ പങ്കാളികളിലുള്ള ആഗോള വിശ്വാസം ഉച്ചസ്ഥായിയിലായിരിക്കുന്ന സമയത്ത് പ്രാദേശിക സുരക്ഷാദാതാവെന്ന നിലയില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ഇതു ശക്തിപ്പെടുത്തുന്നു.

ഉത്പാദനമാണ് ഈ കാഴ്ചപ്പാടിന്‍റെ കേന്ദ്രബിന്ദു. പ്രധാന നിക്ഷേപങ്ങളും ഗവണ്മെന്‍റിന്‍റെ പ്രോത്സാഹനങ്ങളും വഴി ഇന്ത്യ സെമി കണ്ടക്റ്റര്‍ മേഖലയില്‍ മുന്നോട്ടു കുതിക്കുകയാണ്. ടാറ്റ ഇലക്‌ട്രോണിക്‌സ് അസമില്‍ ?27,000 കോടി രൂപയുടെ സെമികണ്ടക്റ്റര്‍ അസംബ്ലി-പരിശോധന കേന്ദ്രം സജ്ജമാക്കുന്നു. 2025ന്‍റെ പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ കേന്ദ്രം ഏകദേശം 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, എച്ച്സിഎല്ലും ഫോക്സ്‌കോണും ചേര്‍ന്ന് 3,706 കോടി രൂപ മൂല്യമുള്ള സംയുക്ത സംരംഭവും വരുന്നു. ഉത്തര്‍പ്രദേശിലെ ജെവാറില്‍ സെമികണ്ടക്റ്റര്‍ യൂണിറ്റാണ് ഈ ഉദ്യമത്തില്‍ സ്ഥാപിക്കുക. ഡിസ്പ്ലേ ഡ്രൈവര്‍ ചിപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2027ല്‍ ഈ കേന്ദ്രം ഉത്പാദനം ആരംഭിക്കും.

1.57 ലക്ഷത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുള്ള ഇന്ത്യ, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ്. നൂറിലധികം യൂണികോണുകളും 3,600ലധികം ഡീപ്- ടെക് സംരംഭങ്ങളും നിര്‍മിതബുദ്ധിയിലും ബയോടെക്കിലും സെമികണ്ടക്റ്ററുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നമ്മുടെ ബഹിരാകാശ മേഖലയില്‍ മാത്രം 200ലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇത് ആത്മവിശ്വാസമുള്ള നൂതനമായ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇതിനകം 17.2 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രശ്നപരിഹാരകരുടെയും സംരംഭകരുടെയും പുതിയ തലമുറയ്ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലോകത്തിലെ ഏറ്റവുമധികം കൂട്ടിയിണക്കപ്പെട്ട ജനാധിപത്യ രാജ്യമായി ഇന്ത്യ നിശബ്ദമായി ഉയര്‍ന്നുവരികയാണ്. 80 കോടിയിലധികം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളും ആധാറുള്ള 136 കോടി ജനങ്ങളുമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വ്യക്തിത്വ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു. സാമ്പത്തിക ഇടപാടുകളെ ജനാധിപത്യവല്‍ക്കരിച്ച, യുപിഐ പോലുള്ള സംവിധാനങ്ങളാല്‍ പിന്തുണയ്ക്കപ്പെടുന്ന, ആഗോള ഡിജിറ്റല്‍ പണമിടപാടുകളുടെ 46% ഇപ്പോള്‍ നമ്മുടെതാണ്. ഈ സംവിധാനങ്ങള്‍ പൗരന്മാരെ ശാക്തീകരിക്കുക മാത്രമല്ല, ഭരണത്തെ കൂടുതല്‍ മികച്ചതും വേഗതയേറിയതും സുതാര്യവുമാക്കി.

2024-25ലെ കേന്ദ്ര ബജറ്റ് നമ്മുടെ ഗവണ്മെന്‍റിന്‍റെ കരുത്തുറ്റ തീരുമാനങ്ങള്‍ പ്രതിഫലിപ്പിച്ചു. മൊത്തം ചെലവ് 44.6 ലക്ഷം കോടിയായി കണക്കാക്കിയപ്പോഴും മൂലധന വിഹിതം അഭൂതപൂര്‍വമായ നിലയില്‍ 10 ലക്ഷം കോടിയായി ഉയര്‍ത്തി. നികുതി ഇളവുകള്‍ വിപുലീകരിച്ചു. മധ്യവര്‍ഗത്തിനുള്ള ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി. സ്റ്റാര്‍ട്ടപ്പുകളെ ദീര്‍ഘകാലമായി ആശങ്കപ്പെടുത്തിയിരുന്ന ഏയ്ഞ്ജല്‍ ടാക്‌സ് നിര്‍ത്തലാക്കി. ഈ പരിഷ്‌കാരങ്ങള്‍ ഉപഭോഗം ഏകീകരിക്കുകയും സംരംഭകത്വം ഉത്തേജിപ്പിക്കുകയും ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാപാത ഉറപ്പിക്കുകയും ചെയ്തു.

മോദി 3.0 ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഈ ദിശാബോധം സ്പഷ്ടമാണ്. റോഡുകള്‍, ഫാക്റ്ററികള്‍, സൗരോര്‍ജ പാനലുകള്‍ എന്നിവ പുരോഗതിയുടെ അടയാളങ്ങള്‍ മാത്രമല്ല, സ്വപ്നങ്ങളുടെ അടിത്തറ കൂടിയാണ്. സാമ്പത്തിക- സാമൂഹ്യ- തന്ത്രപ്രധാന മേഖലകളിലെല്ലാം, ഇന്ത്യ ദേശീയ നവീകരണത്തിന്‍റെ പുതിയ അധ്യായം രചിക്കുകയാണ്. ലക്ഷ്യം വ്യക്തമാണ്; വീക്ഷണം കൃത്യവും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ഈ സുപ്രധാന ദശകം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ചരിത്രം ഈ കാലഘട്ടത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഘട്ടമായി മാത്രമല്ല, ഇന്ത്യ വിശ്വസിക്കുകയും രൂപാന്തരപ്പെടുകയും നയിക്കുകയും ചെയ്ത വേളയായും രേഖപ്പെടുത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com