പ്രിയദര്‍ശിനി ഓക്കെ, പക്ഷേ സ്വകാര്യ ബസുകളെ അവഗണിക്കരുത്

ഹൈക്കോടതി നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും ഒരേ നിയമം ബാധകമാക്കണം
Priyadarshini": new chapter women's freedom movement

പ്രിയദര്‍ശിനി ഓക്കെ, പക്ഷേ സ്വകാര്യ ബസുകളെ അവഗണിക്കരുത്

Updated on

അഡ്വ. സി.എല്‍. എബനേസര്‍

ഉത്സവ പ്രതീതിയിൽ "പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് ' 14ന് കേരളം തുടക്കമിട്ടല്ലോ. ഇത് ആദ്യമായാണ് സംസ്ഥാനത്തെ ഗതാഗത രംഗത്ത് സർക്കാർ സൗജന്യ യാത്ര നടപ്പിലാക്കുന്നത്. പദ്ധതി സ്ത്രീകള്‍ക്കു ഗുണകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയ്ക്ക് വലിയ മൈലേജും ലഭിക്കും.

എന്നാൽ സൗജന്യ യാത്ര എത്രനാള്‍ ഉണ്ടാകുമെന്നതാണ് ചോദ്യം. ഇതേച്ചൊല്ലി വിവിധ അഭിപ്രായങ്ങള്‍ പല കോണുകളിൽ നിന്ന് ഉയരുന്നുമുണ്ട്. ഇന്ദിര ഗ്യാരണ്ടി പ്രകാരമുള്ള പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര ഒരു രാഷ്‌ട്രീയ തന്ത്രമാണെന്നത് വസ്തുതയാണ്. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബോട്ട് സര്‍വീസിന്‍റെ കാര്യം നോക്കൂ. അവിടെ സൗജന്യ പദ്ധതിയില്ല. കാരണം ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍ കുറവാണ്. അവിടെ വോട്ട് ബാങ്ക് ഇല്ല. ഈയൊരു കാര്യം ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുന്നത് യുഡിഎഫ് സ്വീകരിച്ച ഒരു രാഷ്‌ട്രീയ തന്ത്രമാണെന്നു ബോധ്യപ്പെടും.

സൗജന്യ യാത്രയ്‌ക്കെതിരേ എതിര്‍പ്പുകള്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാല്‍ കെഎസ്ആര്‍ടിസി ബസിലെ സ്ത്രീ സൗജന്യ യാത്രയ്ക്ക് എതിരേ സമരം പ്രഖ്യാപിക്കുന്നതും നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനും പകരം സംഘടനകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കേണ്ട ഏറ്റവും ശക്തമായ ആവശ്യം ഇതാണ്; ഞങ്ങള്‍ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്ക് എതിരല്ല. എന്നാല്‍ പൊതുഗതാഗത സംവിധാനം തകരാതെ നിലനിര്‍ത്താന്‍, സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നതു പോലെയുള്ള പിന്തുണ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കണം എന്നതായിരിക്കണം ആ ആവശ്യം.

കേരളത്തിലെ പൊതു ഗതാഗതത്തിന്‍റെ 60%ത്തിലധികം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ബസുകളാണ്. അതുകൊണ്ട് സ്വകാര്യ ബസ് മേഖലയെ നിലനിര്‍ത്തേണ്ടത് പൊതുഗതാഗത സംവിധാനത്തിന്‍റെ ആവശ്യമാണെന്നു സര്‍ക്കാരും മനസിലാക്കേണ്ടതുണ്ട്.

പരിഗണിക്കാവുന്നവ

1. നികുതി ഇളവുകള്‍- യാത്രാ കൂലി കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍, സര്‍ക്കാരിന് നേരിട്ട് നല്‍കാന്‍ കഴിയുന്ന ഇളവുകള്‍ക്ക് ആദ്യ പരിഗണന നല്‍കുക. സ്റ്റേജ് കാര്യേജുകളുടെ (Private Stage Carriages) മോട്ടോര്‍ വാഹന നികുതിയില്‍ 100% ഇളവ് നല്‍കുക. ദേശീയ പാതകള്‍ ഉപയോഗിക്കുന്ന സ്റ്റേജ് കാര്യേജുകള്‍ക്ക് പ്രത്യേക നികുതി ഇളവ് അനുവദിക്കുക. ഇലക്‌ട്രോണിക് ടോള്‍/ ഫാസ്ടാഗ് ഇനത്തില്‍ വരുന്ന ഭാരിച്ച ചെലവുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുക.

2. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍- വര്‍ഷങ്ങളായി സ്വകാര്യ ബസുകള്‍ പേറുന്ന ഏറ്റവും വലിയ സാമൂഹിക ബാധ്യതയാണിത്. നിലവില്‍ 80% മുതല്‍ 90% വരെ ഡിസ്‌കൗണ്ടിലാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നത്. ഓരോ വിദ്യാര്‍ഥിയുടെയും യാത്ര ഡിജിറ്റലായി രേഖപ്പെടുത്തുന്ന സംവിധാനം (Digital Claim System) നടപ്പിലാക്കുക, അല്ലെങ്കില്‍ ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പ്രതിമാസം സര്‍ക്കാര്‍ നേരിട്ട് പരിഹരിക്കുക. ഈ ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതും കോടതിയില്‍ പോലും അനുകൂല വിധി നേടാന്‍ സഹായിക്കുന്നതുമാണ്.

3. ഏകീകൃത ഡിജിറ്റല്‍ ടൈംടേബിള്‍- ഗതാഗത വകുപ്പ് മന്ത്രി മുന്‍പ് സൂചിപ്പിച്ച മൊബൈല്‍ ആപ്പ് അടിയന്തരമായി യാഥാര്‍ഥ്യമാക്കുക. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയുടെ സമയവിവരങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കണം.

ജിപിഎസ് അധിഷ്ഠിത തത്സമയ ട്രാക്കിങ് (Live Tracking), വ്യാജ സര്‍വീസുകള്‍ കണ്ടെത്തല്‍, പെര്‍മിറ്റ് ലംഘനങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവ ഇതിലുണ്ടാകണം. കോടതി നിര്‍ദേശപ്രകാരം ബസുകളില്‍ ക്യാമറ സ്ഥാപിച്ച ഇനത്തില്‍ പരമാവധി 5,000 രൂപ വരെ റീഇംബേഴ്‌സ് ചെയ്യുമെന്ന് മുന്‍പ് ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോള്‍ സമ്മതിച്ചിരുന്നു. ഈ തുക ഇതുവരെ ഒട്ടുമിക്ക ഓപ്പറേറ്റര്‍മാര്‍ക്കും ലഭിച്ചിട്ടില്ല. അത് അടിയന്തിരമായി വിതരണം ചെയ്യണം. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള സംവിധാനം ഇതിലൂടെ ഉറപ്പാക്കുന്നത് സ്വകാര്യ ബസ് മേഖലയുടെ സുതാര്യത വർധിപ്പിക്കും.

4. നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമാക്കുക- ഹൈക്കോടതി നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും ഒരേ നിയമം ബാധകമാക്കണം. പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കല്‍, ടൈംടേബിള്‍ പരസ്യപ്പെടുത്തല്‍, സമയകൃത്യത പാലിക്കല്‍ എന്നിവ കെഎസ്ആര്‍ടിസിയും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പുവരുത്തണം.

5. ഓര്‍ഡിനറി സര്‍വീസ് പരിധി പുതുക്കുക- നിലവിലെ 140 കിലോമീറ്റര്‍ പരിധി പഴയ റോഡ് സൗകര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ മെച്ചപ്പെട്ട റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരുത്തണം. ഓര്‍ഡിനറി പെര്‍മിറ്റ് പരിധി 260 കിലോമീറ്റര്‍ വരെയായി ഉയര്‍ത്തുക. ദേശീയ എഐടിപി മാതൃകയ്ക്ക് അനുസൃതമായി ഈ പരിഷ്‌കാരം കൊണ്ടുവരണം. പഴയതും കൈമാറ്റം ചെയ്യപ്പെട്ടതുമായ പെര്‍മിറ്റുകള്‍ക്കായി കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുക.

6. ദീര്‍ഘദൂര റൂട്ടുകളില്‍ പ്രൈവറ്റ് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍- സംസ്ഥാനത്തെ ദീര്‍ഘദൂര റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍/ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുക. സൗജന്യ യാത്രകളും ഓര്‍ഡിനറി സര്‍വീസുകളും കെഎസ്ആര്‍ടിസി കേന്ദ്രീകരിച്ച് നടക്കട്ടെ. പുതിയ സ്വകാര്യ നിക്ഷേപകര്‍ക്ക് ലാഭകരമായ ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് റൂട്ടുകളിലേക്ക് മാറാന്‍ അവസരം നല്‍കണം.

7. കെഎംടിഎ മാതൃക വ്യാപകമാക്കുക- കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി മാതൃക സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക. റൂട്ട് യുക്തിസഹമാക്കല്‍ ഡാറ്റാ അധിഷ്ഠിത ഷെഡ്യൂളിങ്, വരുമാനം പങ്കിടുന്ന മാതൃകകൾ എന്നിവ ഇതിലൂടെ നടപ്പിലാക്കണം.

8. ഡിജിറ്റല്‍ ഗ്രേഡിങ്ങും എംവിഡി പരിശോധനകളും- ബസുകളുടെ മുന്‍കാല ട്രാക്ക് റെക്കോഡ് അടിസ്ഥാനമാക്കി മോട്ടോര്‍ വാഹന വകുപ്പ് ബസുകള്‍ക്ക് "ഡിജിറ്റല്‍ ഗ്രേഡിങ്' നല്‍കണം. ഉയര്‍ന്ന ഗ്രേഡുള്ള ബസുകളെ സര്‍വീസ് സമയത്ത് റോഡില്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകളില്‍ ഒഴിവാക്കണം. നിയമലംഘനങ്ങളുണ്ടെങ്കില്‍ ഓണ്‍ലൈനായി നോട്ടീസ് അയക്കുക. യാത്രികരോടും ജീവനക്കാരോടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മര്യാദയോടെ പെരുമാറണം.

9. യാത്രക്കൂലി വര്‍ധന- മുകളില്‍ പറഞ്ഞ ഇളവുകളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിരസിക്കുകയാണെങ്കില്‍ മാത്രം ഈ ആവശ്യം മുന്നോട്ടുവയ്ക്കുക. മിനിമം ചാര്‍ജ് 10 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തുക. തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളിലും ആനുപാതികമായ വര്‍ധന വരുത്തുക.

സ്ത്രീകളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കാന്‍ രാഷ്‌ട്രീയമായും സാമൂഹികമായും സര്‍ക്കാരിന് കഴിയില്ല. അതിനെ നേരിട്ട് എതിര്‍ക്കുന്നത് ബസുടമകളെ ജനങ്ങള്‍ക്ക് മുന്നില്‍ വില്ലന്മാരാക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തുല്യനീതി, ഡിജിറ്റല്‍ സുതാര്യത, നികുതി ഇളവ്, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നഷ്ടപരിഹാരം എന്നീ നാല് ആവശ്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഈ ഡിമാന്‍ഡ് സര്‍ക്കാരിനെയും പൊതുജനങ്ങളെയും ഒരേസമയം അഭിസംബോധന ചെയ്യാന്‍ സഹായിക്കും. ഇത് വഴി സ്വകാര്യ ബസ് വ്യവസായത്തിന്‍റെ നിലനില്‍പ്പ് ഉറപ്പാക്കാനും സാധിക്കും.

കര്‍ണാടകയില്‍ സർക്കാർ ബസുകളിലെ വനിതാ സൗജന്യ യാത്രാ പദ്ധതിയെ തുടര്‍ന്നുണ്ടായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ദുരവസ്ഥ പരിഹരിക്കാൻ സര്‍ക്കാരിനോട് ഒരു പാക്കെജ് ആവശ്യപ്പെട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. മൂന്ന് വര്‍ഷത്തിനുശേഷം സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ടിക്കറ്റ് നിരക്ക് 8% ആയി വർധിപ്പിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com