ഐടി ചട്ട രണ്ടാം ഭേദഗതി: ഡിജിറ്റൽ ഭരണത്തിലെ അടുത്ത ചുവട്

ഈ ഭേദഗതി ഡേറ്റ സംരക്ഷണത്തെ സംബന്ധിച്ചുള്ളതാണ്; അതു ലഭ്യമാക്കുന്നതിനെക്കുറിച്ചല്ല.
 IT Act Second Amendment: The next step in digital governance

ഐടി ചട്ട രണ്ടാം ഭേദഗതി: ഡിജിറ്റൽ ഭരണത്തിലെ അടുത്ത ചുവട്

representative image

Updated on

വൈഭവ് ഗഗ്ഗർ

കാമ്യ വഹാൽ

ഇന്ത്യയുടെ ഡിജിറ്റൽ ആവാസ വ്യവസ്ഥ അതിവേഗം വളരുകയാണ്. വ്യക്തികൾ ഏതു രീതിയിൽ ആശയവിനിമയം നടത്തുന്നു, വിവരങ്ങൾ ശേഖരിക്കുന്നു എന്നതിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ കേന്ദ്രസ്ഥാനം വഹിക്കുന്നു. ഇതോടൊപ്പം ഉത്തരവാദിത്വം, ഓൺലൈനിലെ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളും ഉയർന്നുവന്നു. ഇതിനനുസരിച്ചു നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങൾ പരിഷ്കരിക്കണം.

ഈ സാഹചര്യത്തിൽ മാർച്ച് 30ന് ഇലക്‌ട്രോണിക്സ് – വിവര സാങ്കേതികവിദ്യാ മന്ത്രാലയം പ്രസിദ്ധീകരിച്ച, 2021ലെ വിവര സാങ്കേതികവിദ്യ (മാധ്യസ്ഥ മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളിലെ നിർദിഷ്ട മാറ്റങ്ങൾ ഇന്ത്യയുടെ ഡിജിറ്റൽ നിയന്ത്രണ ചട്ടക്കൂടിലെ നടപടിക്രമപരമായ വിടവുകൾ നികത്താനുള്ള ചുവടുവയ്പാണ്. ഭാഗം II പ്രകാരം മന്ത്രാലയം പുറപ്പെടുവിക്കുന്ന വിശദീകരണങ്ങൾ, നിർദേശങ്ങൾ എന്നിവ ഇടനിലക്കാർ പാലിക്കുന്നതു കർശനമാക്കുക, ഡിജിറ്റൽ മീഡിയയുമായി ബന്ധപ്പെട്ട ഭാഗം III-നു കീഴിലുള്ള ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങളുടെ മേൽനോട്ടം കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ് ഈ ഭേദഗതി കരടിന്‍റെ ലക്ഷ്യങ്ങൾ.

ഒന്നാമതായി വരുന്നത്, ചട്ടം 3 (1) (g), 3 (1) (h) എന്നിവ പ്രകാരമുള്ള ഡേറ്റ സംരക്ഷണ ബാധ്യതകളിലെ വ്യക്തതയാണ്. നിർദിഷ്ട ഭേദഗതി അനുസരിച്ച്, ഈ ചട്ടങ്ങൾ പ്രകാരമുള്ള ഡേറ്റ സംരക്ഷണ ആവശ്യകതകൾ ബാധകമായ മറ്റു നിയമങ്ങൾക്കു പുറമെയുള്ളവയാണ്. ഇത് ഇടനിലക്കാർ പലപ്പോഴും ഭാഗികമായോ വളരെ കുറഞ്ഞ രീതിയിലോ മാത്രം ചട്ടങ്ങൾ പാലിക്കാൻ ഇടയാക്കിയിരുന്ന അവ്യക്തത നീക്കുന്നു.

ഐടി നിയമം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ക്രിമിനൽ നടപടി നിയമങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, അതതു മേഖലകൾക്കു ബാധകമായ പ്രത്യേക നിയമങ്ങൾ എന്നിവയും അവ പാലിക്കേണ്ടതുണ്ട്. പ്രധാനമായും, ഈ ഭേദഗതി ഡേറ്റ സംരക്ഷണത്തെ സംബന്ധിച്ചുള്ളതാണ്; അതു ലഭ്യമാക്കുന്നതിനെക്കുറിച്ചല്ല.

ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതു നിയമപരമായ നടപടിക്രമങ്ങൾക്കും നിയമപരമായ പരിരക്ഷകൾക്കും വിധേയമായി തുടരും. എന്നിരുന്നാലും, പൊതുവായ ഇത്തരം വ്യവസ്ഥ, ആവശ്യകതയോ ആനുപാതികതയോ പരിഗണിക്കാതെ വിവിധ നിയമങ്ങൾ ആവശ്യപ്പെടുന്നു എന്ന കാരണത്താൽ ഇടനിലക്കാർ ഉപഭോക്തൃ ഡേറ്റ അനിശ്ചിതകാലത്തേക്കു കൈവശം വയ്ക്കുന്നതിനോ ഡേറ്റ കൈമാറ്റങ്ങൾ കൂടുന്നതിനോ ഇടയാക്കിയേക്കാം എന്നു വിലയിരുത്തപ്പെട്ടേക്കാം. ഭാവിയിൽ ഇത്തരം ആശങ്കകൾ ഉയർന്നുവരികയാണെങ്കിൽ, അവ പരിഹരിക്കാനുള്ള കൂടുതൽ വിശദീകരണങ്ങൾ നൽകാം.

രണ്ടാമതായി, ചട്ടം 3(4) കൂട്ടിച്ചേർക്കാനുള്ള നിർദേശം. ഇതു മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉപദേശങ്ങൾ, വിശദീകരണങ്ങൾ, അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ (SOPs) എന്നിവ ഐടി നിയമത്തിലെ സെക്‌ഷൻ 79 പ്രകാരമുള്ള നിർബന്ധിത ജാഗ്രതാ ബാധ്യതകളാക്കി മാറ്റുന്നു. ചട്ടങ്ങളിലെ സെക്‌ഷൻ 79 ഇടനിലക്കാർക്കു മൂന്നാം കക്ഷി ഉള്ളടക്കങ്ങളുടെ ബാധ്യതയിൽനിന്നു നിബന്ധനകൾക്കു വിധേയമായി "സേഫ് ഹാർബർ' പരിരക്ഷ നൽകിയിരുന്നു; അവർ കൃത്യമായ ജാഗ്രത പാലിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളികളാകാതിരിക്കുകയും ചെയ്യണമെന്നതായിരുന്നു നിബന്ധന.

വലിയ അളവിലുള്ള ഉപഭോക്തൃ ഉള്ളടക്കങ്ങൾക്കുമേൽ എപ്പോഴും നിരീക്ഷണം നടത്തേണ്ടി വരുന്നതിൽ നിന്ന് ഇടനിലക്കാർക്കു കവചമായി ഇതു വർത്തിച്ചിരുന്നു. ശ്രേയ സിംഗാൾ കേസിലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയത് നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചു "യഥാർഥ അറിവു' ലഭിക്കുന്നതുവരെ, മൂന്നാം കക്ഷി ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു "സേഫ് ഹാർബർ' പരമ്പരാഗതമായി ഇടനിലക്കാരെ സംരക്ഷിക്കുന്നു എന്നാണ്. വിവരങ്ങൾ സ്വതന്ത്രമായി കൈമാറുന്നതിനുള്ള നിഷ്പക്ഷ ഇടങ്ങളായി പ്ലാറ്റ്‌ഫോമുകളെ നിലനിർത്തുന്നതിൽ ഈ സിദ്ധാന്തം വളരെ പ്രധാനപ്പെട്ട പങ്കാണു വഹിച്ചിട്ടുള്ളത്.

എന്നാൽ അതിനുശേഷം ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ കേവലം നിഷ്ക്രിയ മധ്യസ്ഥരല്ല. അവയുടെ വലിപ്പവും അൽഗോരിതങ്ങൾ ഉപയോഗിക്കാനുള്ള കഴിവും ഓൺലൈൻ ദുരനുഭവങ്ങൾ സംഭവിക്കുന്ന രീതിയെയും അതു വ്യക്തികളെ ബാധിക്കുന്നതിനെയും മാറ്റിമറിച്ചു. ഈ സാഹചര്യത്തിൽ, കോടതി ഉത്തരവുകളോ ഔദ്യോഗിക അറിയിപ്പുകളോ ലഭിക്കുമ്പോൾ മാത്രം പ്രതികരിക്കുന്ന രീതി ഫലപ്രദമല്ലെന്നു വരുന്നു. കൂടുതൽ ഇടപെടലിനു ഭരണ നിർവഹണത്തെ പ്രാപ്തമാക്കി, ചട്ടം 3(4) ഈ വിടവു നികത്തുന്നു.

ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിയമപരമായ ഉത്തരവുകൾ വേണമെന്ന വ്യവസ്ഥയെ ഇത് ഇല്ലാതാക്കുന്നില്ല; പകരം, എക്സിക്യൂട്ടീവ് നിർദേശങ്ങളിലൂടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങളെ പൊതുവായി നയിക്കാനാണ് ഇതു ശ്രമിക്കുന്നത്. അധികാരപരിധി ലംഘിക്കപ്പെടുമോ എന്നതിനെക്കുറിച്ചു ന്യായമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ‘സേഫ് ഹാർബർ’നിബന്ധനകൾക്കു വിധേയമാണെന്നതു ജാഗ്രതാ മാനദണ്ഡങ്ങളിൽ മാറ്റം വരാമെന്നുതന്നെയാണ് എപ്പോഴും അർഥമാക്കുന്നത്.

ഇത്തരം നടപടികൾക്കു കൂടുതൽ നിയമസാധുത നൽകുന്നതിനായി, ഇത്തരം ഉപദേശങ്ങളും SOPകളും പ്രസിദ്ധീകരിക്കുക, കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുക, സാധ്യമെങ്കിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തുക തുടങ്ങിയ സുതാര്യമായ നടപടികൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

മൂന്നാമതായി, ചട്ടം 8.1ന്‍റെ വ്യവസ്ഥയിൽ ഭേദഗതി വരുത്താൻ നിർദേശമുണ്ട്. ഇതുപ്രകാരം ഭാഗം III-ലെ ചട്ടങ്ങൾ 14, 15, 16 എന്നിവ പ്രസാധകർക്കു മാത്രമല്ല, മാധ്യസ്ഥർക്കും, പ്രസാധകർ അല്ലാത്ത ഉപഭോക്താക്കൾ ഇടനിലക്കാരുടെ കംപ്യൂട്ടർ വിഭവങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്കും സമകാലിക ഉള്ളടക്കങ്ങൾക്കും ബാധകമാകും. ഇതിലൂടെ ""ഉപഭോക്താവ്'' (User), ""പ്രസാധകൻ'' (Publisher) എന്നിവർ തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. ഡിജിറ്റൽ മീഡിയ മേൽനോട്ട ചട്ടക്കൂടിന്‍റെ വ്യാപ്തി വർധിപ്പിക്കുന്ന ശ്രദ്ധേയമായ മാറ്റമാണിത്; മുമ്പ് ഇതു പ്രധാനമായും സംഘടിത വാർത്താപ്രസാധകരെയും ക്യൂറേറ്റ് ചെയ്ത ഉള്ളടക്കങ്ങളെയും മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ചട്ടം 14 മുതൽ 16 വരെയുള്ളവയുടെ പരിധിയിൽ ഇത്തരം ഉള്ളടക്കങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ, ചട്ടങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ എവിടെ നിന്നുണ്ടായാലും അവ പരിഹരിക്കപ്പെടുന്നു എന്നുറപ്പാക്കാൻ ഈ ഭേദഗതി ലക്ഷ്യമിടുന്നു. ഇതു പരമ്പരാഗത പ്രസാധകരും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തികളും തമ്മിലുള്ള സന്തുലിതാവസ്ഥ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ, ഈ ഭേദഗതി നിയന്ത്രണങ്ങളിലെ തുല്യതയെ പ്രോത്സാഹിപ്പിക്കുകയും നിലവിലുള്ള ചട്ടക്കൂടിലെ ഘടനാപരമായ വിടവു നികത്തുകയും ചെയ്യുന്നു. അതേസമയം, ഭാഗം III ഉപഭോക്തൃ ഉള്ളടക്കങ്ങൾക്കു ബാധകമാക്കുമ്പോൾ അതു ഗുരുതരവും വ്യവസ്ഥാപിതവുമായ ദോഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരിക്കണം എന്നതു ശ്രദ്ധേയമായ നിർദേശമാണ്.

വ്യക്തികളുടെ ന്യായമായ രാഷ്‌ട്രീയ പ്രകടനങ്ങളെയോ അന്വേഷണാത്മക പത്രപ്രവർത്തനത്തെയോ തടസപ്പെടുത്തുന്ന രീതിയിലുള്ള അമിതമായ ഇടപെടലുകൾ ഒഴിവാക്കാൻ മന്ത്രാലയത്തിനു ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. ചട്ടം 14 മുതൽ 16 വരെയുള്ളവ പ്രകാരം ഇടനിലക്കാർക്കെതിരെ നടത്തുന്ന ഇടപെടലുകൾ, ഉള്ളടക്കത്തിന്‍റെ വ്യാപ്തിയും സ്വാധീനവും അപകടസാധ്യതയും പോലുള്ള വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ള ഫലപ്രദമായ മാർഗമേ സ്വീകരിക്കൂ എന്നും വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതു മന്ത്രാലയത്തിനു പരിഗണിക്കാം. തുറന്നതും വൈവിധ്യമാർന്നതുമായ ഡിജിറ്റൽ പൊതുമണ്ഡലത്തെ സംരക്ഷിച്ച്, മാധ്യസ്ഥ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളുടെ മേൽനോട്ടം ശക്തമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഇതു പൊരുത്തപ്പെടും.

അവസാനമായി, ചട്ടം 14-ൽ ""പരാതികൾ'' (Complaints) എന്നതിനുപകരം ""വിഷയങ്ങൾ'' (Matters) എന്നു മാറ്റാനുള്ള നിർദേശം, മുൻപത്തെക്കാൾ സജീവവും മുൻകൂട്ടിയുള്ളതുമായ നിയന്ത്രണ സമീപനത്തിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ അന്തർവകുപ്പുതലസമിതിക്ക് (IDC) വ്യക്തിഗത പരാതികൾ പരിഹരിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഗവണ്മെന്‍റ് നിർദേശിക്കുന്ന കൂടുതൽ വിപുലവും വ്യവസ്ഥാപിതവുമായ വിഷയങ്ങൾകൂടി പരിഗണിക്കാൻ സാധിക്കും.

തെറ്റായ വിവരങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രചാരണം പോലുള്ള പ്രശ്നങ്ങൾ വ്യക്തിഗത പരാതികൾക്കതീതമായി വ്യാപിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഈ ഇടപെടൽ ഉചിതവും അനിവാര്യവുമാണ്. അതേസമയം, IDC-യുടെ അധികാരപരിധി വർധിപ്പിക്കുന്നത്, നടപടിക്രമപരമായ സുരക്ഷാ മാനദണ്ഡങ്ങളുടെ ആവശ്യകതയെ അടിവരയിടുന്നു. പരിഗണനയ്ക്കെടുത്ത ""വിഷയങ്ങളുടെ'' സ്വഭാവം കൃത്യമായ ഇടവേളകളിൽ വെളിപ്പെടുത്തുന്നതും സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കുന്നതും ഈ സംവിധാനത്തിന്‍റെ വിശ്വാസ്യത വർധിപ്പിക്കുകയും ഏകപക്ഷീയമായ ഇടപെടലുകളെന്ന രീതിയിലുള്ള മുൻവിധികൾ തടയുകയും ചെയ്യും.

ചുരുക്കത്തിൽ, ഈ ഭേദഗതി കരടുകൾ ഇന്ത്യയുടെ മാധ്യസ്ഥ ബാധ്യതയുമായി ബന്ധപ്പെട്ട ചട്ടക്കൂടിനെ ആധുനികവൽക്കരിക്കാനുള്ള പ്രായോഗിക ശ്രമത്തെയാണു വെളിവാക്കുന്നത്. മാറ്റമില്ലാത്ത നിയമതത്വങ്ങൾക്കു നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക യാഥാർഥ്യങ്ങളെ പൂർണമായി അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് ഇവ അംഗീകരിക്കുന്നു. എന്നിരുന്നാലും, ഇതിന്‍റെ വെല്ലുവിളി ഇതു നടപ്പാക്കുന്നതിൽ അധിഷ്ഠിതമാണ്. വർധിപ്പിച്ച നിയന്ത്രണ അധികാരങ്ങൾ സുതാര്യമായും ആനുപാതികമായും ഇന്‍റർനെറ്റിന്‍റെ തുറന്ന സ്വഭാവം നിലനിർത്തുന്ന രീതിയിലുമാണു വിനിയോഗിക്കുന്നത് എന്നുറപ്പാക്കേണ്ടതു പ്രധാനമാണ്. കൃത്യമായ മുൻകരുതലുകളോടെ നടപ്പാക്കുകയാണെങ്കിൽ, നവീകരണങ്ങളെയോ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ തടസപ്പെടുത്താതെ ഉത്തരവാദിത്വം ശക്തമാക്കാനും ഉചിതമായ സന്തുലിതാവസ്ഥ നിലനിർത്താനും ഈ പരിഷ്കാരങ്ങൾക്കു സാധിക്കും.

(ഡൽഹി ഹൈക്കോടതിയിലും ഇന്ത്യയുടെ സുപ്രീം കോടതിയിലും പ്രാക്റ്റീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകനാണു വൈഭവ് ഗഗ്ഗർ. "ഗഗ്ഗർ ആൻഡ് പാർട്ണേഴ്സി'ലെ അസോസിയേറ്റാണു കാമ്യ വഹാൽ. സ്റ്റാർട്ടപ്പുകൾ, ഫിൻടെക്, മറ്റ് അതിവേഗ വളർച്ചാ മേഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കമ്പനി നിയമം, വെഞ്ച്വർ കാപ്പിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി പ്രാക്റ്റീസ് എന്നിവയിൽ ഇവർ വൈദഗ്ധ്യം നേടിയിട്ടുണ്ട്).

logo
Metro Vaartha
www.metrovaartha.com