

തലേന്നു രാത്രി മദ്യപിച്ച ശേഷം രാവിലെ വാഹനം ഓടിച്ചാലും ഇനി പണി കിട്ടും.
Freepik
ജിബി സദാശിവൻ
മദ്യപിച്ച് വണ്ടിയോടിച്ചാൽ ഇനി അത്രയെളുപ്പം പിഴയടച്ച് ഊരിപ്പോരാനാകില്ല. മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവു കൂടി വന്നതോടെ പൊലീസ് നടപടി കടുപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരാണ് കുടുങ്ങിയത്. ചെറുതായി ഒന്ന് മിനുങ്ങിയിട്ട് ചെറുതല്ലേ അടിച്ചിട്ടുള്ളൂ, കുഴപ്പമില്ലെന്ന് കരുതി വാഹനം ഓടിക്കാൻ വരട്ടെ. തലേദിവസം രാത്രി മദ്യപിച്ച ശേഷം രാവിലെ വാഹനം ഓടിച്ചാലും ഇനി പണി കിട്ടും.
ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ തെറ്റിധാരണകളാണ് വാഹനം ഓടിക്കുന്നവർക്കുള്ളത്. കഴിഞ്ഞ ദിവസം ഇരുപതോളം സ്‌കൂൾ ഡ്രൈവർമാർ പരിശോധനയ്ക്കിടെ പിടിയിലായതും ഇത്തരം തെറ്റിദ്ധാരണ മൂലമാണ്.
നമ്മുടെ നാട്ടിൽ മദ്യപിച്ചു വണ്ടി ഓടിക്കുന്നതിനുള്ള നിയമപരമായ പരിധി 0.03% ബിഎസി (ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രഷൻ) ആണ്. അതായത് 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടാകാൻ പാടില്ല.
* ഒരു "ഫുൾ പെഗ്' (60 മില്ലി ലിറ്റർ) അഥവാ 4 പെഗ് (240 എംഎൽ) അടിച്ചാൽ എന്ത് സംഭവിക്കും?
•ബ്രാൻഡി, റം, വിസ്കി എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്‍റെ അളവ് (40% to 42.8% എബിവി) ഒന്നുതന്നെയാണ്.
•4 ഫുൾ പെഗ് (240 എംഎൽ): ഇത് ഏകദേശം 6 സ്റ്റാൻഡേർഡ് ഡ്രിങ്ക്സിന് തുല്യമാണ്. ഇത്രയും മദ്യം ശരീരത്തിൽ എത്തിയാൽ രക്തത്തിലെ ആൽക്കഹോളിന്‍റെ അളവ് നിയമപരമായ പരിധിയേക്കാൾ വളരെ മുകളിലായിരിക്കും.
* എന്തുകൊണ്ട് 7 മണിക്കൂർ കഴിഞ്ഞാലും വണ്ടി ഓടിക്കാൻ കഴിയില്ല?
•നമ്മുടെ കരളിലെ എൻസൈമുകൾക്ക് ഒരു മണിക്കൂറിൽ പരമാവധി ഒരു ചെറിയ പെഗ് (30 എംഎൽ ) മദ്യം മാത്രമേ സംസ്കരിച്ച് കളയാൻ സാധിക്കൂ.
•4 ഫുൾ പെഗ് (240 എംഎൽ ) മദ്യം പൂർണമായും സംസ്കരിക്കാൻ കരളിന് കുറഞ്ഞത് 10 മുതൽ 12 മണിക്കൂർ വരെ സമയം വേണം.
അതായത് മദ്യപിച്ച ശേഷം 7 മണിക്കൂർ കഴിഞ്ഞാലും പകുതിയിലധികം മദ്യം രക്തത്തിൽ തന്നെ ഉണ്ടാകും. ആ സമയത്ത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചാൽ പൊലീസിന്‍റെ പിടിയിലാകുകയും പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുകയും ചെയ്യും.
* മദ്യപിച്ച ശേഷം വണ്ടി ഓടിക്കാൻ എത്ര മണിക്കൂർ കാത്തിരിക്കണം?
(ഇത് ഏകദേശ കണക്കാണ്, ശരീര പ്രകൃതിക്ക് അനുസരിച്ച് മാറാം):
•1 ഫുൾ പെഗ് (60 മില്ലി ) അഥവാ 2 സ്മോൾ പെഗ്: കുറഞ്ഞത് 4 മണിക്കൂർ കഴിഞ്ഞേ വണ്ടി ഓടിക്കാവൂ.
•2 ഫുൾ പെഗ് (120 മില്ലി): കുറഞ്ഞത് 6 മുതൽ 7 മണിക്കൂർ വരെ കാത്തിരിക്കണം.
•3 ഫുൾ പെഗ് (180 മില്ലി): കുറഞ്ഞത് 8 മുതൽ 9 മണിക്കൂർ വരെ കാത്തിരിക്കണം.
•4 ഫുൾ പെഗ് (240 മില്ലി) അല്ലെങ്കിൽ അതിൽ കൂടുതൽ: കുറഞ്ഞത് 10 മുതൽ 12 മണിക്കൂർ എങ്കിലും കഴിഞ്ഞേ വണ്ടി തൊടാവൂ (അതായത് തലേദിവസം രാത്രി നന്നായി മദ്യപിച്ചാൽ പിറ്റേന്ന് രാവിലെയും വണ്ടി ഓടിക്കരുത്).
* ചില തെറ്റായ ധാരണകൾ (ഒരിക്കലും ചെയ്യരുത്):
•കാപ്പി കുടിച്ചാലോ കുളിച്ചാലോ മദ്യം മാറില്ല: ശക്തമായ കാപ്പി കുടിക്കുന്നതോ, തണുത്ത വെള്ളത്തിൽ കുളിക്കുന്നതോ, നാരങ്ങാ വെള്ളമോ മോരോ തൈരോ കുടിക്കുന്നതോ കരളിലെ ആൽക്കഹോൾ സംസ്കരണ പ്രക്രിയയെ വേഗത്തിലാക്കില്ല. അത് നിങ്ങൾക്ക് താൽക്കാലിക ഉന്മേഷം തരുമെങ്കിലും രക്തത്തിലെ മദ്യത്തിന്‍റെ അളവ് കുറയ്ക്കില്ല.
•ഉറക്കം പരിഹാരമല്ല: മദ്യപിച്ച് 5-6 മണിക്കൂർ ഉറങ്ങിയതുകൊണ്ട് മാത്രം രക്തത്തിലെ മദ്യം ഇല്ലാതാകില്ല. കരളിന് അതിന്‍റെ സമയമെടുത്ത് മാത്രമേ മദ്യം നീക്കം ചെയ്യാൻ സാധിക്കൂ.
ചുരുക്കത്തിൽ 3 പെഗ്ഗിൽ കൂടുതൽ കഴിച്ചാൽ ആ രാത്രി വണ്ടി ഓടിക്കുന്നത് പൂർണമായും ഒഴിവാക്കുക. ടാക്സിയോ സുഹൃത്തുക്കളുടെ സഹായമോ തേടുക. ഇല്ലങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന് മാത്രമല്ല, ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.