30 വർഷത്തെ കാത്തിരിപ്പ്, കോസ് കുര്യന്‍റെ ശ്രമങ്ങൾ ഫലംകണ്ടു; പെരിയാർ കുള്ളന്മാർക്ക് ദേശീയാംഗീകാരം

പശുക്കളുടെ എണ്ണം 500-ൽ താഴെയായി ചുരുങ്ങിയ ഘട്ടത്തിലാണ് കോസ്, പെരിയാർ കുള്ളന്‍റെ സംരക്ഷണശ്രമം തുടങ്ങിയത്.
 30-year wait ends as Kos Kurian's efforts bear fruit; 'Periyar Dwarf' cattle receive national recognition

കോസ് കുര്യൻ പെരിയാർകുള്ളൻ പശുക്കിടാങ്ങൾക്കൊപ്പം

Updated on

കോതമംഗലം: കേരളത്തിന്‍റെ തനത് കന്നുകാലി പൈതൃകം നിലനിർത്തുന്ന പെരിയാർകുള്ളൻ പശുക്കൾക്ക് ദേശീയാംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കോടനാട് ചേട്ടാകുളത്തിൻകര വീട്ടിൽ കോസ് കുര്യൻ എന്ന 58-കാരൻ. വംശനാശഭീഷണി നേരിടുന്ന പെരിയാർ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് വർഷങ്ങളായി ഇവയുടെ ജനിതകപരമ്പരയ്ക്ക് അംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു കോസ്. സിവിൽ എൻജിനീറിയറിംഗ് ബിരുദധാരിയായ കോസ് ജോലി ഉപേക്ഷിച്ചാണ് പെരിയാർ പശുക്കളുടെ ജനിതകപരമ്പര നിലനിർത്തുന്നതിനായുള്ള ശ്രമങ്ങളിലേയ്ക്ക് പത്തുവർഷം മുമ്പ് ഇറങ്ങിത്തിരിച്ചത്.

കേരളാ വെറ്ററിനറി ആന്‍റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയും ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസേർച്ചിനു കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സും ചേർന്ന് നടത്തിയ പഠനഗവേഷണങ്ങൾക്കായി ഒരു നിമിത്തമാവുകയായിരുന്നു കോസ് കുര്യൻ. വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് പെരിയാർ കുള്ളൻ എന്ന പേരിൽ അറിയപ്പെടുന്ന അപൂർവ്വയിനം പശുക്കളെ ഭാരതത്തിന്‍റെ തദ്ദേശീയ പശുവർഗ്ഗത്തിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിക്കൊണ്ട് ഐസിഎആർ ഉത്തരവിറക്കിയത്. ഓഗസ്റ്റ് 7ന് ചേർന്ന 14-ാമത് ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി യോഗത്തിലായിരുന്നു ചരിത്രപരമായ ഈ തീരുമാനം. വെച്ചൂർ പശുവിന് ദേശീയ അംഗീകാരം ലഭിച്ച് 30 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു തദ്ദേശീയ പശുവർഗ്ഗത്തിന് ഈ അപൂർവ്വ നേട്ടം കൈവരുന്നത്. വെച്ചൂർ പശുക്കൾക്കും കാസർഗോഡ് കുള്ളനും ലഭിച്ച ശ്രദ്ധയും സംരക്ഷണവും പെരിയാർ പശുക്കൾക്ക് ലഭിക്കാതിരുന്നതാണ് ഇവയെ വംശനാശത്തിന്‍റെ വക്കിലെത്തിച്ചതെന്ന് കോസ് കുര്യൻ പറഞ്ഞു.

പശുക്കളുടെ എണ്ണം 500-ൽ താഴെയായി ചുരുങ്ങിയ ഘട്ടത്തിലാണ് കോസ്, പെരിയാർ കുള്ളന്‍റെ സംരക്ഷണശ്രമം തുടങ്ങിയത്. നൂറിലധികം പശുക്കളെ അദ്ദേഹം നേരിട്ട് സംരക്ഷിച്ചു. കോസിന്‍റെ കോടനാടുള്ള വീട്ടിലെ തൊടിയിലെങ്ങും ഓടിനടക്കുന്ന പെരിയാർ പശുക്കിടാങ്ങൾ ഒരു കൗതുകക്കാഴ്ചയാണ്. കോടനാട്, പാണംകുഴി, മലയാറ്റൂർ, വടാട്ടുപാറ, കാലടി പ്ലാന്‍റേഷൻ, ഭൂതത്താൻകെട്ട് ഡാം പ്രദേശം, കുട്ടമ്പുഴ, അതിരപ്പിള്ളി എന്നീ പെരിയാർ തീരമേഖലകളിൽ കാണപ്പെടുന്ന ഈ അപൂർവ്വ ജനുസ്സിനെ വീണ്ടെടുക്കാൻ കോസ് നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ ഐ.സി.എ.ആറിന്‍റെ അംഗീകാരത്തിൽ എത്തിനിൽക്കുന്നത്. ഒരു നാടൻ ജീവിവർഗ്ഗത്തെ ദേശീയതലത്തിൽ 'ബ്രീഡ്' ആയി അംഗീകരിക്കപ്പെടാൻ കടുത്ത മാനദണ്ഡങ്ങളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിൽ കുറയാത്ത പ്യുവർ ബ്രീഡ് (ശുദ്ധരക്ത) പോപ്പുലേഷൻ ഉണ്ടായിരിക്കണം. മറ്റു നാടൻ ഇനങ്ങളുമായി യാതൊരുവിധ സങ്കരയിന ബന്ധവും പാടില്ല. മാതാപിതാക്കളുടെ അതേ സവിശേഷതകളുള്ള കിടാങ്ങൾ തന്നെ ജനിക്കണം.

ഈ മാനദണ്ഡങ്ങൾ പെരിയാർ കുള്ളന്മാരിൽ നൂറുശതമാനം തെളിയിക്കപ്പെട്ടതോടെയാണ് അംഗീകാരം ലഭിച്ചത്. വെച്ചൂർ പശുവിനേക്കാൾ അല്പംകൂടി ഉയരമുള്ള പെരിയാർ പശുക്കൾക്ക് 110 മുതൽ 120 സെന്‍റീമീറ്റർ വരെ ഉയരവും 250 കിലോ വരെ തൂക്കവുമുണ്ടാകും. ഉറച്ച ശരീരഘടനയും ചുവപ്പോ കറുപ്പോ നിറത്തിലുള്ള രോമങ്ങളുമാണ് ഇവയ്ക്കുള്ളത്. പെരിയാർ നദിയിലെ ശക്തമായ ഒഴുക്കിനെപ്പോലും നീന്തിക്കടന്ന് നദീതുരുത്തുകളിലും തോട്ടം മേഖലകളിലും മേഞ്ഞുനടക്കാനുള്ള അസാധാരണ കഴിവ് ഇവയ്ക്കുണ്ട്. 30 വർഷം വരെ ആയുസ്സുള്ള ഇവയ്ക്ക് വർഷംതോറും പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. ദിവസേന 3 മുതൽ 4 ലിറ്റർ വരെ പാൽ ലഭിക്കും. ഉയർന്ന കൊഴുപ്പും പോഷകമൂല്യവും ഔഷധഗുണവും വിശിഷ്ടമായ രുചിയും മണവുമാണ് ഇതിന്‍റെ പാലിന്‍റെ പ്രത്യേകത. പച്ചപ്പുല്ലും ഔഷധസസ്യങ്ങളും ഭക്ഷണമാക്കുന്ന പെരിയാർ പശുക്കൾക്ക് സ്വാഭാവികമായി തന്നെ ഉയർന്ന രോഗപ്രതിരോധശേഷിയുണ്ട്. ഒരു വ്യക്തിയുടെ ദീർഘവീക്ഷണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒരു നാടിന്‍റെ അപൂർവ്വ ജീവിവർഗ്ഗത്തെ വംശനാശത്തിൽ നിന്ന് കരകയറ്റുകയും ദേശീയതലത്തിൽ അംഗീകാരത്തിലെത്തിക്കുകയും ചെയ്തതിന്‍റെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് കോസ് കുര്യനും പെരിയാർ പശുസംരക്ഷണ സമിതിയും കോടനാട് മാർ ഔഗേൻ ഹൈസ്‌കൂൾ മാനേജർ കൂടിയായ ഇദ്ദേഹം പെരിയാർ കന്നുകുട്ടികളെ സ്കൂൾ കുട്ടികൾക്ക് കൈമാറുകയും അവയെ പരിപാലിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. മൃഗസംരക്ഷണത്തിലും കൃഷിയിലും താല്പര്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇതിനുപിന്നിൽ. ഭാര്യ, മാർ ഔഗേൻ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിന്ധു ടൈറ്റസും മക്കളായ എബ്രഹാം കുര്യനും അന്ന കുര്യനും പൂർണ്ണ പിന്തുണയോടെ കോസിനോടൊപ്പമുണ്ട്.

logo
Metro Vaartha
www.metrovaartha.com