

മലബാർ മേഖലയെ ലഡാക്ക് പോലെ കേന്ദ്ര ഭരണത്തിൽ കൊണ്ടുവരണം: വിഎച്ച്പി
കൊച്ചി: മലബാർ വികസനത്തിന് മലപ്പുറം ജില്ലാ വിഭജനമല്ല, മലബാർ മേഖലയെ ലഡാക്ക് മാതൃകയിൽ കേന്ദ്രഭരണ പ്രദേശം തന്നെയാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ജനസംഖ്യാ വർധനവ് എന്ന കാരണം കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കിൽ മലബാറിന്‍റെ സമ്പൂർണ വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരണം- വിഎച്ച്പി ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു.
വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, ആരോഗ്യരംഗം തുടങ്ങിയ കാര്യങ്ങളിൽ വളരെ പിന്നിലാണ് മലബാർ മേഖല. മലബാറിലെ ജില്ലകൾ കൂട്ടിച്ചേർത്ത് ഒരു കേന്ദ്രഭരണ പ്രദേശം വരികയാണെങ്കിൽ രാജ്യത്തിന്‍റെ തന്ത്ര പ്രാധാന്യമുള്ള സ്ഥലം എന്ന രീതിയിലും വികസനത്തിന് കുറവുള്ള സ്ഥലം എന്ന രീതിയിലും അവിടെ വികസനം കൂടാൻ സാധ്യതയുണ്ട്. കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമ്പോൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരവുമുണ്ടാകും. ജമ്മു കശ്‌മീർ സംസ്ഥാനത്തു നിന്നും ലഡാക്കിനെ വേർപെടുത്തി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതു പോലെ മലബാർ എന്ന കേന്ദ്രഭരണ പ്രദേശം ഉണ്ടായാൽ നല്ലതാണ്.
മുസ്‌ലിം ലീഗും മറ്റു മുസിലിം സംഘടനകളും കുറെ ഏറെ നാളായി ആവശ്യപ്പെടുന്നതാണ് മലപ്പുറത്തെ വിഭജിക്കണമെന്നത്. പുതിയ സംസ്ഥാന ബജറ്റിൽ ഇതിന് അംഗീകാരം തത്വത്തിൽ നൽകിയ രീതിയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതീകരിച്ചതും. ജനസംഖ്യാ പെരുപ്പമല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കിൽ മലബാറിന്‍റെ സമ്പൂർണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരുന്നതാണ് നല്ലത്. ജില്ലകളുടെ വിഭജനത്തിനു കമ്മിഷനെ വയ്ക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്തിനാണ് വെറുതേ ഇതിനൊക്കെ പണം മുടക്കുന്നത്. ഏറ്റവും എളുപ്പമാർഗം മലബാറിന്‍റെ വികസനത്തിന് പ്രത്യേക കേന്ദ്രഭരണ പ്രദേശം എന്നതു തന്നെയാണ്.
രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ പ്രദേശം എന്ന രീതിയിൽ സുരക്ഷ ലഭിക്കും. തീവ്രവാദ പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, കടൽ വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കാം. കേന്ദ്രത്തിന്‍റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കും. ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. ദേശീയ പാതകൾ, റെയ്ൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ വികസനത്തിന് കൂടുതൽ മുൻഗണന വരും.
കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കെജുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ തൊഴിൽ, വ്യവസായം, ടൂറിസം മേഖലകളിൽ വളർച്ച ഉണ്ടാകും. മലബാറിലെ പിന്നാക്കാവസ്ഥ, തീരദേശ വികസനം, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേകം നയങ്ങൾ രൂപപ്പെടുത്താൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തെ അപേക്ഷിച്ച് റോഡുകൾ, പാലങ്ങൾ എന്നിവയുടെ വികസനം മലബാറിൽ കുറവാണ്.
മെഡിക്കൽ കോളേജുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മലബാർ മേഖലയിൽ ആവശ്യത്തിനില്ല. ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യവും പ്രൊഫഷണൽ കോളെജുകളുടെ കുറവും വലിയ പ്രശ്നമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം കേന്ദ്ര സർക്കാരിന് പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാം- അഡ്വ. അനിൽ വിളയിൽ പറഞ്ഞു. അനിൽ വിളയിലിന്‍റെ ആവശ്യത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അടകല അടക്കമുള്ളവർ പിന്തുണച്ചിട്ടുണ്ട്.