

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
ശരത് ഉമയനല്ലൂര്‍
തിരുവനന്തപുരം: നാട് പ്രചാരണച്ചൂടിൽ മുന്നേറുമ്പോൾ, അച്ഛൻ നാടുകടത്തിയയാളെ സ്വീകരിച്ച മകൻ മേയറുടെ ചരിത്രം തിരുവനന്തപുരം നഗരസഭയ്ക്കുണ്ട്. നാടിന്‍റെ നെറികേടുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതു ദിവാനാണെങ്കിൽ, അദ്ദേഹത്തിന്‍റെ മകന്‍ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ സ്വദേശാഭിമാനിയെ സ്വീകരിച്ചതാണു ചരിത്രം. പക്ഷേ, ഒരു വ്യത്യാസം മാത്രം. സ്വീകരിച്ചതു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടമാണെന്നു മാത്രം!
തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരേടുതന്നെയായിരുന്നു ഇത്. രാജപ്രതാപത്തിനെതിരേയും ദിവാന്‍റെ അരാജകത്വപ്രവണതകള്‍ക്കെതിരേയും വക്കം മൗലവിയുടെ സ്വദേശാഭിമാനി എന്ന പത്രത്തിലൂടെ രാമകൃഷ്ണപിള്ള തൂലിക ചലിപ്പിച്ചതു ദിവാനെയും തിരുവിതാംകൂര്‍ രാജഭരണത്തെയും ചൊടിപ്പിച്ചു.
തുടര്‍ന്നു 1910 ല്‍ നാടുകടത്തല്‍ ഉത്തരവ്. പി. രാജഗോപാലാചാരിയായിരുന്നു അന്ന് തിരുവിതാംകൂര്‍ ദിവാന്‍. മൂന്നു പതിറ്റാണ്ടിനു ശേഷം 1948 ല്‍ കണ്ണൂരില്‍ നിന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നപ്പോള്‍, രാജഗോപാലാചാരിയുടെ മകന്‍ എസ്. വരദരാജന്‍ നായര്‍ ആയിരുന്നു തിരുവനന്തപുരം മേയർ.
നഗരാതിര്‍ത്തിയില്‍ സ്വദേശാഭിമാനിയുടെ ഭൗതികാവശിഷ്ടങ്ങള്‍ മേയര്‍ എന്ന നിലയില്‍ വരദരാജന്‍ നായര്‍ ഏറ്റുവാങ്ങി. കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തിലാണു ഭൗതികാവശിഷ്ടങ്ങള്‍ എത്തിച്ചത്. രാമകൃഷ്ണ പിള്ളയ്ക്കു സ്റ്റാച്യു ഭാഗത്ത് (ഇന്നത്തെ സെക്രട്ടറിയേറ്റ് നില്‍ക്കുന്ന ഭാഗം) സ്മാരകം വേണമെന്നു കുമ്പളം വാദിച്ചു. എന്നാല്‍, അന്നത്തെ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഇതിനെ എതിര്‍ത്തു. തുടര്‍ന്നു പട്ടത്തിന്‍റെ നേതൃത്വത്തിലുള്ള സമരക്കാര്‍ വെള്ളയമ്പലം ജംക്ഷനിൽ യോഗം ചേര്‍ന്നു. ഇവിടെ പട്ടംതാണുപിള്ളയ്ക്കെതിരേ കുമ്പളം തീപ്പൊരി പ്രസംഗവും നടത്തി.
ഇതിനെത്തുടര്‍ന്നു തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പിന്നീടു പട്ടത്തിനെതിരേ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അലയടിച്ച പ്രതിഷേധത്തിനുമൊടുവില്‍ പട്ടം താണുപിള്ളയ്ക്കു രാജിവയ്ക്കേണ്ടിവന്നുവെന്നതും അനന്തപുരിനഗരസഭയുടെ ചരിത്രത്താളുകളില്‍ മങ്ങാതെ കിടപ്പുണ്ട്.
ഇതേ പട്ടം താണുപിള്ളയാണ് 1962 മാര്‍ച്ചില്‍ നഗരസഭയുടെ ഇപ്പോഴത്തെ കാര്യാലയത്തിനു തറക്കല്ലിട്ടത്. മുന്‍പ് ഓാവര്‍ ബ്രിഡ്ജിനു സമീപം എസ്എംവി സ്കൂളിനെതിരെ രാജവീഥിക്കരികിലായി പ്രവര്‍ത്തിച്ചിരുന്നതായിരുന്നു നഗരസഭാ കാര്യാലയം. അവിടെ നിിന്നാണു ഇപ്പോഴത്തെ എല്‍എംഎസ് ജംക്ഷന് സമീപം പുതുതായി പണിത മന്ദിരത്തിലേയ്ക്കു മാറ്റിയത്.
യൂണിവേഴ്സിറ്റി യൂണിയന്‍റെ ആസ്ഥാനം പൊളിച്ചുമാറ്റിയാണ് ഇപ്പോഴത്തെ നഗരസഭാ കാര്യാലയം പണിതത്. ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ. മാധവനായിരുന്നു ആദ്യ നോമിനേറ്റഡ് മേയര്‍. രണ്ടാമത്തെ തെരഞ്ഞെടുക്കപ്പെട്ട മേയര്‍ കരിമ്പുവിളാകം ഗോവിന്ദപിള്ളയായിരുന്നു. സി.ഒ.മാധവന്‍ മുതല്‍ ആര്യാ രാജേന്ദ്രൻ വരെ 46 മേയര്‍മാര്‍ തിരുവനന്തപുരം നഗരസഭയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.
1920ല്‍ തിരുവനന്തപുരം മുനിസിപ്പാലിറ്റി നിലവില്‍ വന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ് ശ്രീ ചിത്തിര തിരുനാാളിന്‍റെ കാലത്ത് 1940ഒക്റ്റോബര്‍ 30 തിരുവനന്തപുരം കോര്‍പറേഷനായത്. എന്നാല്‍ അന്നുകരമൊടുക്കുന്നവര്‍ക്കായിരുന്നു വോട്ടവകാശം. 1953 ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിന് നല്‍കപ്പെട്ടു.