കുഞ്ഞുങ്ങള്‍, വയോജനങ്ങള്‍: കരുതലും സ്‌നേഹവും വേണം

സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച വയോജന വകുപ്പ് ഇത്തരം പ്രശ്നങ്ങളെല്ലാം ഗൗരവമായി പഠിക്കുകയും, ഫലപ്രദവും സമയബന്ധിതവുമായ പരിഹാരങ്ങൾ കണ്ടെത്തുകയും വേണം എന്നാണ് പറയാനുള്ളത്
Representative image

പ്രതീകാത്മക ചിത്രം

Updated on

ജ്യോത്സ്യൻ

ബൈബിളിൽ മത്തായി എഴുതിയ സുവിശേഷം 19ാം അധ്യായം 13 മുതൽ 15 വരെയുള്ള വാക്യങ്ങൾ നൽകുന്ന സന്ദേശം വളരെ വലുതാണ്.

13: അവൻ കൈ വച്ചു പ്രാർഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.

14: യേശു പറഞ്ഞു, ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.

15: അങ്ങനെ അവൻ അവരുടെ മേൽ കൈ വച്ചു; പിന്നെ അവിടെ നിന്നു യാത്രയായി.

നമ്മുടെ വിശ്വാസപ്രകാരം ജീവന്‍റെ യഥാർഥ അവകാശി ദൈവമാണ്. എന്നാൽ, അത്തരം ദൈവീക ചിന്തകൾക്കോ മൂല്യങ്ങൾക്കോ ഇന്നത്തെ കാലഘട്ടത്തിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നത് ദുഃഖകരമായ സത്യമാണ്.

ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗർഭഛിദ്രങ്ങളും, ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കുന്നതും, അവയെ നിയമവിരുദ്ധമായി വിൽക്കുന്നതുമായ വാർത്തകൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന നാം കേൾക്കുന്നു. ഇതൊരു വലിയ സാമൂഹിക വിപത്താണ്.

ഗർഭപാത്രത്തിൽ ഒരു ഭ്രൂണം ജീവൻ വച്ചു കഴിഞ്ഞാൽ അതിന്‍റെ അവകാശി ദൈവമാണ്. അതിനാൽ തന്നെ ഭ്രൂണഹത്യയും ശിശുഹത്യയും കുഞ്ഞുങ്ങളെ അനാഥരാക്കുന്നതും സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത അനീതിയാണ്.

സാക്ഷരതയിൽ ഇന്ത്യയ്ക്ക് മാതൃകയായ, സാമൂഹ്യബോധമുള്ള ജനങ്ങൾ വസിക്കുന്ന കേരളത്തിൽ പോലും ഇത്തരം ക്രൂരതകൾ നടക്കുന്നു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇതിന് ഉദാഹരണമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ സംഭവം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ പണം നൽകി കേരളത്തിൽ കൊണ്ടുവന്ന്, പ്രസവശേഷം നവജാത ശിശുക്കളെ അനധികൃതമായി കൈമാറുന്ന ഒരു വലിയ ശൃംഖലയെയാണ് പൊലീസ് ഇവിടെ കണ്ടെത്തിയത്. ഇത് കേരളത്തിന് മൊത്തത്തിൽ വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാമൂഹിക അവബോധം ഉണ്ടാകേണ്ട മറ്റൊരു പ്രധാന പ്രശ്നം നമ്മുടെ സമൂഹം അതിവേഗം വാർധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു കാലത്ത് ജനസംഖ്യാ വിസ്ഫോടനമായിരുന്നു കേരളം നേരിട്ട വെല്ലുവിളിയെങ്കിൽ, ഇന്ന് വർധിച്ചു വരുന്ന വയോജനങ്ങളുടെ എണ്ണമാണ് പ്രധാന പ്രശ്നം. കൂടുതൽ കാലം മാന്യതയോടെയും അന്തസോടെയും എങ്ങനെ ജീവിക്കാം എന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്.

ദീർഘായുസ്, താഴ്ന്ന ജനന നിരക്ക്, മെച്ചപ്പെട്ട ആരോഗ്യ സൂചികകൾ, വ്യാപകമായ കുടിയേറ്റം, മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം കേരളത്തെ വേഗത്തിൽ ഒരു വാർധക്യ സമൂഹമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

വൃദ്ധ സമൂഹം കുടുംബത്തിനും നാടിനും ഒരു ബാധ്യതയാകുന്നതിനു പകരം, അവരുടെ അനുഭവ സമ്പത്ത് സമൂഹത്തിന് ആരോഗ്യപ്രദമായി മാറേണ്ടതുണ്ട്. പ്രായമുള്ളവരെ പരിചരിക്കുന്നതിനായി ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകണം.

അണു കുടുംബങ്ങൾ വ്യാപകമായതോടെ പ്രായമായ മാതാപിതാക്കളെ മക്കൾ സാമ്പത്തികമായി സംരക്ഷിക്കുന്നുണ്ടെങ്കിലും, അവരുടെ ശാരീരിക പരിചരണച്ചുമതല പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക സംരക്ഷണ സംവിധാനങ്ങൾക്കും കീഴിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ചയിലൂടെ മികച്ച അധ്യാപകരെയും ഡോക്റ്റർമാരെയും എൻജിനീയർമാരെയും കർഷകരെയുമെല്ലാം വാർത്തെടുക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ ജനവിഭാഗങ്ങളുടെ പ്രത്യേക വൈദഗ്ധ്യം പൊതുസമൂഹത്തിന്‍റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന മാർഗങ്ങളെക്കുറിച്ച് നാം ഗൗരവമായി ആലോചിക്കണം.

സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച വയോജന വകുപ്പ് ഇത്തരം പ്രശ്നങ്ങളെല്ലാം ഗൗരവമായി പഠിക്കുകയും, ഫലപ്രദവും സമയബന്ധിതവുമായ പരിഹാരങ്ങൾ കണ്ടെത്തുകയും വേണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com