കലാലയങ്ങൾ അക്രമികളുടെ വിളനിലമാകരുത്

ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരു നടത്തിയാലും അത് അത്യന്തം ഹീനവും നീചവുമാണ്
adv.Charly Paul

അഡ്വ. ചാർളി പോൾ

file photo

Updated on

അഡ്വ. ചാർളി പോൾ

ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരു നടത്തിയാലും അത് അത്യന്തം ഹീനവും നീചവുമാണ്. ഏറ്റവും ഒടുവിൽ ആലുവ യുസി കോളെജിലാണ് ഗുരുനിന്ദയുടെയും ധാർമിക ഭ്രംശത്തിന്‍റെയും സാംസ്കാരിക അധഃപതനത്തിന്‍റെയും സമരമാർഗം അരങ്ങേറിയത്. പ്രിൻസിപ്പൽ ഡോ. മിനി ആലീസിനു നേരെ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ മിവ ജോളി കരി ഓയിൽ ഒഴിച്ചെന്ന് പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു.

കോളെജ് ഓഫിസിൽ നിന്നു പ്രിൻസിപ്പൽ പുറത്തേക്കിറങ്ങുന്നത് കാത്ത് കരി ഓയിൽ കുപ്പിയുമായി നിൽക്കുകയായിരുന്നു മിവ ജോളി എന്നു വീഡിയൊ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. കരി ഓയിൽ കുപ്പിയുമായി പ്രിൻസിപ്പലിന്‍റെ നേരെ പാഞ്ഞടുത്ത മിവയെ തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫിസർ സന്ധ്യയെ അവരും കൂട്ടുപ്രതികളും ചേർന്നു ഭീഷണിപ്പെടുത്തിയെന്നും സംഘർഷത്തിനിടെ നിലത്തു വീണ സന്ധ്യയ്ക്ക് പരിക്കേറ്റെന്നും എഫ്ഐആറിലുണ്ട്.

A group of students prepared a grave for Principal Dr. Sarasu at Victoria College, Palakkad on his retirement day

പാലക്കാട് വിക്റ്റോറിയ കോളെജിൽ പ്രിൻസിപ്പൽ ഡോ. സരസുവിന്‍റെ റിട്ടയർമെന്‍റ് ദിനത്തിൽ ഒരു സംഘം വിദ്യാർഥികൾ അവർക്ക് ഒരുക്കിയ  കുഴിമാടം

file photo

കേസിലെ 10 പ്രതികളിൽ മിവ അടക്കം 7 പേർ കോളെജിന് പുറത്തുള്ളവരാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത ടിസി നൽകിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് കരി ഓയിൽ പ്രയോഗം. ഫെബ്രുവരി 26 നായിരുന്നു സംഭവം.

2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പലിന്‍റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ട് എസ്എഫ്ഐ സംഘടനക്കാർ കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു; "പ്രിൻസിപ്പലിന്‍റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കൽപ്പത്തിനുമപ്പുറമുള്ള കാടത്തമാണ്. അത് ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിനു തുല്യമാണ് '.

പാലക്കാട് വിക്റ്റോറിയ കോളെജിൽ പ്രിൻസിപ്പൽ ഡോ. സരസുവിന്‍റെ റിട്ടയർമെന്‍റ് ദിനത്തിൽ ഒരു സംഘം വിദ്യാർഥികൾ അവർക്ക് കുഴിമാടം ഒരുക്കി റീത്ത് വച്ച് പ്രതിഷേധിച്ചു. അത് ആർട്ട് ഇൻസ്റ്റലേഷനായി (പ്രതിഷ്ഠാപന കല) കാണണമെന്ന് എം.എ. ബേബി അടക്കമുള്ള ചില പ്രമുഖർ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു അത് .

2018ൽ കാസർഗോഡ് ജില്ലയിലെ പടന്നക്കാട് നെഹ്റു കോളെജിലെ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്യാംപസിൽ പോസ്റ്റർ പതിച്ചു. "വിദ്യാർഥി മനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്റുവിന് ശാപമോക്ഷം'.

ഇതായിരുന്നു പോസ്റ്ററിലെ വരികൾ. 31 വർഷം കോളെജിൽ അധ്യാപികയും രണ്ടുവർഷം പ്രിൻസിപ്പലുമായിരുന്ന വ്യക്തിയോടായിരുന്നു ഈ പ്രതികരണം. ഇതിനു പുറമേ യാത്രയയപ്പ് യോഗം നടക്കുമ്പോൾ പടക്കവും പൊട്ടിച്ചു. മക്കളെപ്പോലെ സ്നേഹിച്ച വിദ്യാർഥികളിൽ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം വേദനിപ്പിച്ചെന്ന് പ്രിൻസിപ്പൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കട്ടപ്പന ഗവൺമെന്‍റ് കോളെജിന്‍റെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറുകയും റസിഡന്‍റ് ട്യൂട്ടർ ചുമതല വഹിച്ചിരുന്ന അധ്യാപികയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. അവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ 6 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു. ഇത്തരം ഒട്ടേറെ സംഭവങ്ങളുടെ തുടർച്ചയായി വേണം ആലുവ യുസി കോളെജിലെ കാടത്തത്തെയും കാണാൻ.

രാഷ്‌ട്രീയത്തിന്‍റെ കൈത്താങ്ങിൽ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാർഥി സംഘടനാ പ്രവർത്തകർ സമൂഹത്തിന്‍റെ മുന്നിൽ ഉയർത്തുന്ന അപായ ഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങൾ ഒരിക്കലും ആക്രമികളുടെ വിളനിലമാകരുത്. മാതാ, പിതാ, ഗുരു എന്നിവർ ദേവതുല്യരാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്. ഒരുകാലത്ത് നന്മയുടെയും പരസ്പര സ്നേഹത്തിന്‍റെയും സർഗാത്മകതയുടേയും വിളനിലങ്ങളായിരുന്നു കലാലയങ്ങൾ. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാന തൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങൾ ഇന്ന് ഹിംസാത്മകമാവുകയാണ്.

ജനാധിപത്യ സംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകർത്താക്കളായി മാറാനും വിദ്യാർഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്‌ട്രീയത്തെയും സംഘടനാ പ്രവർത്തനങ്ങളെയും ക്രിയാത്മാകമായി സമീപിക്കാൻ പക്വമതികളെ പ്രേരിപ്പിച്ചത്. എന്നാൽ വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെ അപഭ്രംശങ്ങൾ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ കലാലയങ്ങളിലെത്തുന്ന ചെറിയ കുട്ടികൾക്ക് എന്തു സന്ദേശമാണ് നൽകുക? പ്ലസ് ടു കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും കേരളം വിടുകയാണ് പ്രതിഭകളായ കുട്ടികൾ. പ്രിൻസിപ്പലിനു പോലും രക്ഷയില്ലെങ്കിൽ കുട്ടികൾ ഭയന്നോടും.

പല ക്യാപസ് അക്രമ സംഭവങ്ങളുടെയും സൂത്രധാരന്മാർ പുറത്തുള്ള രാഷ്‌ട്രീയക്കാർ തന്നെയായിരുന്നു. യുസി കോളെജിലെ അക്രമത്തിന് മുന്നിലും പിന്നിലും പുറമെ നിന്നുള്ളവരുണ്ട്. മുതിർന്ന നേതാക്കൾ കുട്ടികളെ ആയുധമാക്കുകയാണ്. കലാലയ ക്യാമ്പസിൽ പുറത്തുനിന്നള്ളവർക്ക് എന്ത് കാര്യം? അവരെ മാതൃകാപരമായി ശിക്ഷിക്കണം. കലാപത്തിന് നേതൃത്വം നൽകാൻ രാഷ്‌ട്രീയ പ്രവർത്തകർ കലാലയങ്ങളിൽ വരുന്നത് വലിയ ദുരന്തമാണ്.

പഠനമാണ് പ്രധാനം എന്ന കാര്യം മറന്ന്, പാർട്ടി രാഷ്‌ട്രീയത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങളായി ചില മുതിർന്ന നേതാക്കൾ വിദ്യാലയങ്ങളെ കാണുന്നു. മാതൃസംഘടനക്കാർ കുട്ടികളെ നേർവഴിക്ക് നയിക്കണം. അക്രമ പ്രവർത്തനങ്ങൾക്ക് ഉത്തേജക മരുന്നായി മുതിർന്നവർ മാറരുത്. കുറ്റവാളികളെ സംരക്ഷിക്കുകയുമരുത്. "ഞങ്ങൾ തന്നെ വിധികർത്താക്കൾ, വിധിയും ഞങ്ങൾ നടപ്പാക്കും' എന്ന മുഷ്ക് മുളയിലേ നുള്ളണം, തിരുത്തിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പേനയ്ക്ക് പകരം ആയുധമെടുക്കുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്ന വിദ്യാർഥി രാഷ്‌ട്രീയം തിരുത്താൻ സമയമായി. അരങ്ങ് വാഴുന്ന അക്രമ-അരാജകത്വ വാസനകളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും രാഷ്‌ട്രീയ നേതാക്കൾക്കും ബാധ്യതയുണ്ട്.

ഭാരതീയ സംസ്കൃതിയിൽ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേ ഒരു പ്രത്യുത്തരമാണ് ഗുരു എന്നത്. "ന ഗുരോരധികം തത്വം, ന ഗുരോമധികം തപഃ'. (ഗുരുവിനേക്കാൾ വലിയൊരു തത്വമില്ല, ഗുരുവിനേക്കാൾ വലിയൊരു തപസുമില്ല). ഗുരുവിനെ ഈശ്വരതുല്യനായി കാണുന്ന ഒരു സംസ്കൃതിയിലാണ് ഗുരുവിന്‍റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നത്. എത്ര മലിനമായ മനസാകും ആ പ്രവർത്തിക്ക് മുതിരുന്നവരുടേത്. ഗുരു-ശിഷ്യ ബന്ധത്തിന്‍റെ പാവനത കളങ്കപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. ഓർക്കുക; ഗുരു നിന്ദ മഹാപാപമാണ്.

(അഭിഭാഷകനും ട്രെയ്നറും മെന്‍ററുമായ ലേഖകൻ കാലടി ശ്രീ ശങ്കരാ കോളെജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, കളമശേരി രാജഗിരി കോളെജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 8075789768 )

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com