കേരളത്തെ ചൂടാക്കിയ "പാഴായ പരീക്ഷണം'

രാഷ്‌ട്രീയം തന്നെയായിരുന്നു കെ.കുഞ്ഞിക്കണ്ണന്‍റെ സർഗാത്മകത.
 K. Kunjikannan

കെ. കുഞ്ഞിക്കണ്ണൻ

Updated on

1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയും ചേർന്നു രഹസ്യ ധാരണ‍യുണ്ടാക്കിയിരുന്നുവെന്ന് കെ.ജി. മാരാരുടെ ജീവചരിത്രത്തിലൂടെ കെ. കുഞ്ഞിക്കണ്ണൻ തുറന്നെഴുതിയത് കേരള രാഷ്‌ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പം ചെറുതല്ല. രാഷ്‌ട്രീയകേരളം മൂന്നര പതിറ്റാണ്ട് മുന്നോട്ടുപോയെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും ചർച്ചകളിൽ ഇടം നേടുന്ന "കോ-ലീ-ബി സഖ്യ'മെന്ന പ്രയോഗത്തിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു.

സ്വന്തം ലേഖകൻ

രാഷ്‌ട്രീയം തന്നെയായിരുന്നു കെ.കുഞ്ഞിക്കണ്ണന്‍റെ സർഗാത്മകത. ഏറ്റവും തീവ്രവും രാഷ്‌ട്രീയപ്രബുദ്ധവുമായ ഒരു അശ്വമേധത്തിന്‍റെ കഥാരൂപങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ലേഖനങ്ങളും പുസ്തകങ്ങളും. എഴുത്ത് ഒരു രാഷ്‌ട്രീയ പ്രക്രിയയാണെന്ന് വിശ്വസിച്ച അദ്ദേഹം രാജ്യത്തിന്‍റെ ഭാവിയും ചരിത്രവും തിരിച്ചുപിടിയ്ക്കാനുള്ള അവസാനമില്ലാത്തെ പ്രക്ഷോഭങ്ങളുടെ അമരത്തുതന്നെയുണ്ടായിരുന്നു. കെ.കുഞ്ഞിക്കണ്ണൻ എഴുതിയ കെ.ജി മാരാരുടെ ജീവചരിത്രം "കെ.ജി. മാരാര്‍ രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം' വലിയ ചർച്ചയായിരുന്നു. അതിലെ പതിനെട്ടാമത്തെ അധ്യായം "പാഴായ പരീക്ഷണം' കേരളം ചൂടോടെ ചർച്ച ചെയ്തു. ഇന്നും ആ ചർച്ചയുടെ അലയൊലികൾ അ‌ടങ്ങിയിട്ടില്ല. രാഷ്‌ട്രീയ ചരിത്രത്തില്‍ കേരളത്തിലെ 1991ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് - ലീഗ് - ബിജെപി രഹസ്യധാരണയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദമാണ് "കോലീബി സഖ്യം'. 1991-ൽ കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ വോട്ടുകച്ചവടം നടന്നു എന്നും കോൺഗ്രസ്, ലീഗ്, ബിജെപി കക്ഷികൾ തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു എന്നും രാഷ്‌ട്രീയ വിമർശനങ്ങൾ ഉയർന്നു.

91 ലാണ് കേരളത്തില്‍ ആദ്യമായി കോലീബി സഖ്യം രൂപപ്പെട്ടത്. കുഞ്ഞിക്കണ്ണൻ എഴുതിയ കെ.ജി. മാരാരിന്‍റെ ജീവചരിത്രത്തിലൂടെയാണ് ഈ സഖ്യത്തിന്‍റെ പുറംകഥകള്‍ ലോകമറിഞ്ഞത്. തെരഞ്ഞടുപ്പില്‍ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രര്‍. കേരളത്തിലാകെ യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപി നേതാവ് കെ.ജി. മാരാര്‍ക്കെതിരേ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക. ഇതായിരുന്നു ആ രഹസ്യ ധാരണ. കെ.ജി. മാരാരുടെ ജീവചരിത്രത്തിലെ പാഴായപരീക്ഷണം എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുസ്തകം പുറത്തുവന്നതോടെ കേരള രാഷ്‌ട്രീയം ചൂടേറിയ ചർച്ചകൾക്ക് വഴിമാറി. ദേശാഭിമാനിയിൽ പി. ഗോവിന്ദപ്പിള്ള " കുഞ്ഞിക്കണ്ണൻ തുറന്നുവിട്ട ഭൂതം ' എന്ന പേരിൽ ഇതിനെക്കുറിച്ച് കവർ സ്റ്റോറിയെഴുതി.

'മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പാര്‍ലമെന്‍ററി വ്യാമോഹം മത്തുപിടിച്ചതിന്‍റെ പരിണിത ഫലമായിരുന്നു 1991ലെ നിയമസഭാ തെരഞ്ഞെടുപ്പ്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ സിപിഎം തീരുമാനിച്ചു. നായനാരെ മാറ്റി അച്യുതാനന്ദന് മുഖ്യമന്ത്രിയാകുകയായിരുന്നു ലക്ഷ്യം. സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയത് 1991ലാണ്. ഇത് അനുകൂല സാഹചര്യമായി അവര്‍ കണക്കുകൂട്ടി. കോണ്‍ഗ്രസിലെ അന്തഃഛിദ്രവും മൂര്‍ച്ഛിച്ചതിനാല്‍ വിജയ പ്രതീക്ഷയില്‍ അവര്‍ക്കു ലവലേശം സംശയമുണ്ടായില്ല' എന്നു തുടങ്ങുന്നതായിരുന്നു 18 ാം അധ്യായം.

"പരമ്പരാഗത വൈരം പോലും മറന്ന് നിശ്ചിത ലീഗ് - കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ.ജി. മാരാര്‍, ഓ .രാജഗോപാല്‍, കെ. രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. തെരഞ്ഞെടുപ്പ് ഫലം പക്ഷേ, മറിച്ചായി. ധാരണയനുസരിച്ചു ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫ് - പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. ബിജെപി സ്ഥാനാർഥികളെ അവസാന നിമിഷം അവര്‍ തന്ത്രപൂര്‍വം തോല്‍പ്പിച്ചു' എന്നതായിരുന്നു അധ്യായത്തിന്‍റെ അവസാന ഭാഗം.

മലയാള പത്രപ്രവർത്തന രംഗത്തും രാഷ്‌ട്രീയ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും കെ. കുഞ്ഞിക്കണ്ണന്‍റെ സംഭാവന എന്നും ഒരുപടി മുന്നിൽത്തന്നെയായിരുന്നു. 1968ലെ തളിപ്പറമ്പിൽ ഗുരുജി ഗോൾവാൾക്കർ പങ്കെടുത്ത ആർഎസ്എസ് ശിബിരത്തിൽ പങ്കെടുത്തോടെ ഉറച്ച സ്വയം സേവകനായിമാറിയ കുഞ്ഞിക്കണ്ണൻ. ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്‍റെ മുഴുവൻ സമയ പ്രവർത്ത കനായി കാസർഗോഡ്ട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ എംഎൽഎ, ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോണ്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, എംപി മാരായ ജോണ്‍ ബ്രിട്ടാസ്, എ.എ.റഹീം, വി.മുരളീധരന്‍ എംഎല്‍എ, ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി സുരേഷ്, മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.രാമന്‍പിള്ള, മേയര്‍ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് എം.എസ്. രമേശ്, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്‍റ് ശ്രീകേഷ്, സെക്രട്ടറി പി.ആര്‍.പ്രവീണ്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മറ്റി പ്രസിഡന്‍റ്ഷില്ലര്‍ സ്റ്റീഫന്‍, സെക്രട്ടറി അനുപമ ജി. നായര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

logo
Metro Vaartha
www.metrovaartha.com