

മലേറിയയ്ക്കെതിരായ പോരാട്ടത്തിന്റെ അര നൂറ്റാണ്ട്
ഡോ. രാജീവ് ബഹൽ,
ഡോ. അനുപ് അൻവികർ
15 വർഷം മുമ്പ് രാജ്യത്ത് ഓരോ വർഷവും മലേറിയ മൂലം 1,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ചുരുങ്ങി- 90 ശതമാനത്തിലധികം കുറവ്. 2015നും 2025നും മധ്യേ മലേറിയ കേസുകളും മരണങ്ങളും ഏകദേശം 80 ശതമാനം കുറഞ്ഞു. കൂടാതെ, മലേറിയയുടെ വ്യാപനം കൂടുതലായുള്ള ജില്ലകളുടെ എണ്ണം 155ൽ നിന്ന് 33ലേക്ക് താഴ്ന്നു. മാത്രമല്ല, 2022നും 2025നും മധ്യേ 160 ജില്ലകളിൽ മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല; അതായത്, ആ കാലയളവിൽ ഈ ജില്ലകളിൽ മലേറിയ പടർന്നുപിടിച്ചിട്ടില്ല. 2027ഓടെ രാജ്യത്തിനകത്ത് പടരുന്ന മലേറിയ കേസുകൾ പൂർണമായും ഇല്ലാതാക്കാനും, 2030ഓടെ രോഗത്തെ ഉന്മൂലനം ചെയ്യാനുമാണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്നത്.
എന്നാൽ, ഏതൊരു പോരാട്ടത്തിലെയും അന്തിമഘട്ടമാണ് ഏറ്റവും ദുഷ്കരം, ആ ഘട്ടത്തിലെ ചെറിയ അശ്രദ്ധ പോലും വലിയ തിരിച്ചടികൾക്ക് വഴിവയ്ക്കും. കയ്പേറിയ അനുഭവങ്ങളിലൂടെയാണ് ഇന്ത്യ ഇക്കാര്യം തിരിച്ചറിഞ്ഞത്. 2026ൽ 50ാം വർഷത്തിലേക്ക് കടന്ന ഐസിഎംആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് രൂപം കൊണ്ടത് അത്തരമൊരു പാഠത്തിൽ നിന്നാണ്.
കഠിന പാഠത്തിൽ നിന്ന് പിറവിയെടുത്ത സ്ഥാപനം
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് രാജ്യത്തുടനീളം മലേറിയ വ്യാപകമായിരുന്നു. പ്രതിവർഷം ഏകദേശം 7.5 കോടി പേർക്ക് രോഗം ബാധിക്കുകയും 8 ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു. 1958ൽ ദേശീയ മലേറിയ നിർമാർജന പരിപാടി ആരംഭിച്ചു. ഡിഡിടി തളിക്കുന്നതിലൂടെയും ക്ലോറോക്വിൻ നൽകുന്നതിലൂടെയും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. ഇതിന്റെ ഫലമായി 1965ഓടെ മലേറിയ ബാധിതരുടെ എണ്ണം ഒരു ലക്ഷമായി കുറഞ്ഞു. ആ കാലയളവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മലേറിയയെ രാജ്യത്തുനിന്ന് പൂർണമായും തുടച്ചുനീക്കാമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി.
എന്നാൽ, മലേറിയ കൂടുതൽ ശക്തിയോടെ തിരിച്ചെത്തി. കൊതുകുകൾ ഡിഡിടിക്കെതിരെ പ്രതിരോധശേഷി ആർജിച്ചപ്പോൾ, മലേറിയയ്ക്ക് കാരണമാകുന്ന പരാന്നജീവികൾ ക്ലോറോക്വിനെയും അതിജീവിക്കാൻ തുടങ്ങി. രോഗവ്യാപനം കുറഞ്ഞതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസഹായവും നിരീക്ഷണ സംവിധാനങ്ങളും ദുർബലമായി. 1976ഓടെ മലേറിയ ബാധിതരുടെ എണ്ണം വീണ്ടും 64 ലക്ഷമായി ഉയർന്നു. കീടനാശിനികളും മരുന്നുകളും മാത്രം ആശ്രയിച്ച് മലേറിയയെ പരാജയപ്പെടുത്താനാവില്ലെന്ന പാഠമാണ് ഈ തിരിച്ചുവരവ് നൽകിയത്. കൊതുകുകൾ, രോഗകാരികളായ പരാദങ്ങൾ, രോഗസാധ്യതയുള്ള ജനവിഭാഗങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം അനിവാര്യമാണെന്ന് ഇതോടെ വ്യക്തമായി.
1977ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കീഴിൽ ഡൽഹിയിൽ "മലേറിയ റിസർച്ച് സെന്റർ' സർക്കാർ സ്ഥാപിച്ചു. പിന്നീട് ഇതിനെ ഒരു ദേശീയ സ്ഥാപനമായി ഉയർത്തി 2005ൽ "ഐസിഎംആർ- എൻഐഎംആർ' എന്ന് പുനർനാമകരണം ചെയ്തു.
50 വർഷത്തെ ഗവേഷണം, നിർണായക കണ്ടെത്തലുകൾ
മലേറിയ ഉണ്ടാകുന്നത് ഒരു പരാദജീവി മൂലമാണെങ്കിലും, പെൺ അനോഫിലിസ് കൊതുകുകൾ കടിക്കുമ്പോൾ മാത്രമാണ് മനുഷ്യരിലേക്ക് പകരുന്നത്. അതിനാൽ, രോഗവാഹകരായ ഈ കൊതുകുകളെക്കുറിച്ചാണ് ഗവേഷണ സ്ഥാപനം പഠനം ആരംഭിച്ചത്; അവ എവിടെ പ്രജനനം നടത്തുന്നു, എവിടെനിന്ന് ഭക്ഷണം തേടുന്നു, എവിടെ വിശ്രമിക്കുന്നു, എവിടെ വച്ച് കടിക്കുന്നു എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാഴ്ചയിൽ ഒന്നുപോലെ തോന്നിക്കുന്ന കൊതുകുകൾ പോലും വ്യത്യസ്ത വർഗങ്ങളിൽപ്പെട്ടവയാകാം എന്നതാണ് പഠനത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന്. ഇതിൽ ചിലയിനം കൊതുകുകൾ മനുഷ്യരക്തം കുടിക്കാൻ ഇഷ്ടപ്പെടുകയും മലേറിയ വേഗത്തിൽ പടർത്തുകയും ചെയ്യുന്നു; എന്നാൽ മറ്റു ചിലയിനം പ്രധാനമായും കന്നുകാലികളുടെ രക്തമാണ് കുടിക്കുന്നത്, ഇവ മൂലം രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. ഇവയെ തിരിച്ചറിയാൻ സാധിച്ചതോടെ, രോഗം യഥാർഥത്തിൽ പടരുന്ന ഇടങ്ങളിൽ മാത്രം പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ കഴിഞ്ഞു.
5 പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അനോഫിലിസ് കൊതുകുകളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനങ്ങൾ നടത്തിവരുന്നു. കീടനാശിനികളോടുള്ള അവയുടെ പ്രതിരോധ ശേഷിയും നിരന്തരം നിരീക്ഷിച്ചു. പരിസ്ഥിതി പരിപാലനത്തിലൂടെയും കൊതുകുകളുടെ ലാർവകളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ പ്രയോജനപ്പെടുത്തിയും സാമൂഹിക തലത്തിൽ മലേറിയ നിയന്ത്രിക്കാൻ കഴിയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫീൽഡ് പഠനങ്ങൾ തെളിയിച്ചു. ഈ നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ലഭിച്ച ശാസ്ത്രീയ തെളിവുകൾ, ക്ലോറോക്വിൻ ചികിത്സാ രീതിയിൽ നിന്ന് ആർട്ടെമിസിനിൻ അടിസ്ഥാനമാക്കിയുള്ള സംയുക്ത ചികിത്സാ രീതിയിലേക്ക് (എസിടി) മാറുന്നതിനുള്ള തീരുമാനങ്ങൾക്ക് പിന്തുണ നൽകി. ദേശീയതലത്തിൽ വ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ് കൊതുകു വലകളുടെയും ദ്രുത രോഗനിർണയ പരിശോധനാ സംവിധാനങ്ങളുടെയും ഫലപ്രാപ്തി യഥാർഥ സാഹചര്യങ്ങളിൽ പരീക്ഷിച്ച് ഉറപ്പാക്കുന്നതിലും ഇൻസ്റ്റിറ്റ്യൂട്ട് പങ്ക് വഹിച്ചു.
2013 മുതൽ ഒഡിഷ സർക്കാരുമായി സഹകരിച്ച് 4 ജില്ലകളിൽ നടപ്പാക്കിയ സമഗ്ര മലേറിയ കേസ് മാനെജ്മെന്റ് പദ്ധതി ശക്തമായ രോഗനിരീക്ഷണ സംവിധാനത്തിന്റെ പിന്തുണയോടെയും എല്ലാവർക്കും രോഗപരിശോധനയും രോഗം സ്ഥിരീകരിക്കുന്നവർക്ക് സമ്പൂർണ ചികിത്സയും ഉറപ്പാക്കുന്നതിലൂടെയും വിദൂരസ്ഥവും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിൽപ്പോലും മലേറിയ ബാധ ഗണ്യമായി കുറയ്ക്കാനാകുമെന്ന് തെളിയിച്ചു.
കൊതുകുകളെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന് രോഗകാരികളായ പരാന്നജീവികളെക്കുറിച്ചുള്ള ഗവേഷണങ്ങളിലേക്ക്, ലബോറട്ടറികളിലെ പരീക്ഷണങ്ങളിൽ നിന്ന് ഫീൽഡ് പ്രവർത്തനങ്ങളിലേക്ക്, മൈക്രോസ്കോപ്പിക് പരിശോധനകളിൽ നിന്ന് ജീനോമിക്സ്, നിർമിത ബുദ്ധി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് ഐസിഎംആർ- എൻഐഎംആറിന്റെ ഓരോ ചുവടുവയ്പ്പും ഇന്ത്യയുടെ മലേറിയ നിർമാർജന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പുത്തൻ ഉണർവേകി. 50 വർഷം മുമ്പ്, മലേറിയയെക്കുറിച്ച് മനസിലാക്കുക എന്നതായിരുന്നു വെല്ലുവിളിയെങ്കിൽ, ഇന്ന് അതിനെ പൂർണമായും തുടച്ചുനീക്കുക എന്നതാണ് വെല്ലുവിളി.
അന്തിമഘട്ടം ഏറ്റവും ദുഷ്കരമാകുന്നതെന്ത്?
നാം ലക്ഷ്യത്തോട് എന്നത്തേക്കാളും അടുത്തെത്തിയിരിക്കുന്നു; എന്നാൽ, ഈ നിർണായക ഘട്ടത്തിലാണ് ഏറ്റവും വലിയ വെല്ലുവിളികളും അപകടസാധ്യതകളും നിലനിൽക്കുന്നത്. രോഗബാധ കുറയുമ്പോൾ മലേറിയ നിയന്ത്രണവിധേയമായെന്നും ദൗത്യം ഏതാണ്ട് പൂർത്തിയായെന്നും കരുതാനുള്ള പ്രവണതയുണ്ടാകാം. എന്നാൽ യാഥാർഥ്യം അങ്ങനെയല്ല. 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വെറും 33 ജില്ലകളിലാണ് ഇപ്പോഴും ആകെ രോഗബാധയുടെ 64 ശതമാനവും, മരണങ്ങളുടെ 54 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിദൂര വനമേഖലകളിലെ ഗ്രാമങ്ങളിലും, ലക്ഷണങ്ങൾ തീരെയില്ലാത്തതോ നേരിയ തോതിൽ മാത്രം പ്രകടമാകുന്നതോ ആയ ആളുകളിലുമാണ് രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ തുടരുന്നത്.
രോഗകാരിയായ പരാദവും കൊതുകും നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ മുന്നേറ്റങ്ങൾ കൊണ്ടു മാത്രം ഈ വിടവ് നികത്താനാവില്ല. ഗവേഷണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്; അതായത്, ഒറ്റപ്പെട്ട സമൂഹങ്ങൾ പനിയെ എങ്ങനെ കാണുന്നു, എപ്പോഴാണ് അവർ ചികിത്സ തേടുന്നത്, രോഗപ്രതിരോധ മാർഗങ്ങൾ അവർ സ്വീകരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ഈ ദൗത്യം പൂർത്തിയാക്കാൻ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ 5 മേഖലകളിൽ ഫലപ്രദമായ സംഭാവനകൾ നൽകേണ്ടതുണ്ട്.
വരും ദശകത്തിലെ 5 മുൻഗണനകൾ
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് രോഗവാഹകരായ കൊതുകുകളുടെ സ്വഭാവത്തിലും വ്യാപനത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ആഗോള താപനവും മഴയുടെ ക്രമത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ, അവയുടെ ശരീരത്തിനുള്ളിൽ മലേറിയ പരാന്നജീവികൾ വളരുന്ന വേഗം, രോഗവ്യാപനത്തിന് അനുകൂലമായ കാലയളവ് എന്നിവയെ സ്വാധീനിക്കുന്നു. ഇതിന്റെ ഫലമായി, മലേറിയ നിർമാർജനം ചെയ്ത പ്രദേശങ്ങളിൽപ്പോലും രോഗം വീണ്ടും പ്രത്യക്ഷപ്പെടാനും വ്യാപിക്കാനും സാധ്യതയുണ്ട്.
ഒന്ന്: നഗരങ്ങളിലെ ജല സംഭരണികളിലും മറ്റും പ്രജനനം നടത്തുന്ന അനോഫിലിസ് സ്റ്റീഫൻസി പോലുള്ള ആക്രമണകാരികളായ രോഗവാഹക കൊതുകുകളുടെ വ്യാപനം പുതിയ ഭീഷണികൾ ഉയർത്തുന്നു. അതിനാൽ, കാലാവസ്ഥാ വിവരങ്ങളും പ്രവചന മാതൃകകളും സമന്വയിപ്പിച്ചുള്ള നിരന്തര കീടശാസ്ത്ര നിരീക്ഷണം അനിവാര്യമാണ്. ഇത്തരം മുന്നറിയിപ്പ് സംവിധാനം വഴി മലേറിയ വീണ്ടും പടരാൻ സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തേ തിരിച്ചറിയാനും രോഗവ്യാപനം ആരംഭിക്കും മുമ്പു തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ആരോഗ്യ സംവിധാനങ്ങൾക്ക് കഴിയണം.
രണ്ടാമതായി, പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. കീടനാശിനി അടങ്ങിയ കൊതുകുവലകളുടെയും വീടുകൾക്കുള്ളിൽ കീടനാശിനി തളിക്കുന്ന രീതിയുടെയും ഫലപ്രദമായ ഉപയോഗം മലേറിയ നിയന്ത്രണ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഉപയോഗിക്കുന്ന കൊതുകു വലകളിൽ പ്രധാനമായും ഒരേ വിഭാഗത്തിൽപ്പെട്ട കീടനാശിനികളാണ് പ്രയോജനപ്പെടുത്തുന്നത്. ഇവയോടുള്ള കൊതുകുകളുടെ പ്രതിരോധ ശേഷി വർധിച്ചുവരുന്നത് വെല്ലുവിളിയാകുന്നു. പുതിയ തരം കീടനാശിനികളെയും അത്യാധുനിക വലകളെയും കുറിച്ച് ഗവേഷണം നടത്തി അവ ഉപയോഗപ്രദമാക്കണം.
മൂന്നാമതായി, രോഗവ്യാപനം കുറയുന്നതനുസരിച്ച് രോഗനിർണയ സംവിധാനങ്ങൾ കൂടുതൽ കൃത്യതയുള്ളതും കാര്യക്ഷമവുമാകണം. ലബോറട്ടറി സൗകര്യങ്ങളില്ലാത്ത വിദൂര ഗ്രാമങ്ങളിൽപ്പോലും വിശ്വസനീയമായ രോഗനിർണയം സാധ്യമാക്കുന്നതിൽ ദ്രുത രോഗനിർണയ പരിശോധനാ സംവിധാനങ്ങൾ നിർണായക പങ്കുവഹിച്ചു. ഇന്നും മലേറിയ പരിശോധനയുടെ അടിത്തറയായി ഇവ തുടരുന്നു. എന്നാൽ, രോഗബാധിതരുടെ എണ്ണം കുറയുന്നതിനനുസരിച്ച് അവശേഷിക്കുന്ന അണുബാധ തിരിച്ചറിയുക കൂടുതൽ ദുഷ്കരമാകുന്നു. ചില പ്രദേശങ്ങളിൽ, മലേറിയയുടെ ഏറ്റവും അപകടകാരിയായ പരാന്നജീവിയായ പ്ലാസ്മോഡിയം ഫാൽസിപാറത്തിൽ ജനിതക മാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, നിലവിലുള്ള പരിശോധനാ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം അനിവാര്യമാണ്. ഒപ്പം, രോഗവ്യാപനം കുറഞ്ഞ സാഹചര്യങ്ങളിലും അണുബാധ കൃത്യമായി കണ്ടെത്താൻ കഴിയുന്ന കൂടുതൽ സംവേദനക്ഷമതയുള്ളതും ചെലവു കുറഞ്ഞതുമായ പരിശോധനാ സംവിധാനങ്ങൾ വികസിപ്പിക്കണം. മലേറിയ രോഗനിർണയത്തിലെ വിശ്വസനീയമായ രീതിയായി മൈക്രോസ്കോപ്പിക് പരിശോധന ഇന്നും തുടരുന്നുണ്ടെങ്കിലും, അതിന്റെ കൃത്യത മികച്ച ഉപകരണങ്ങളുടെയും പരിശീലനം ലഭിച്ച വിദഗ്ധരുടെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. ഈ പരിമിതി മറികടക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള മൈക്രോസ്കോപ്പിയും അത്യാധുനിക രോഗനിർണയ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താം.
നാലാമതായി, മരുന്നുകളോടുള്ള പരാന്നജീവികളുടെ പ്രതിരോധശേഷി വ്യാപകമാകും മുമ്പു തന്നെ പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കണം. ഒരു കാലത്ത് മലേറിയ ചികിത്സയിലെ പ്രധാന മരുന്നായിരുന്ന ക്ലോറോക്വിൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഫലപ്രദമല്ലാതായതോടെ, ആർട്ടെമിസിനിൻ അടിസ്ഥാനമാക്കിയുള്ള സംയുക്ത ചികിത്സാരീതികൾ നിലവിൽ വന്നു. ഇന്ത്യയിൽ ഈ ചികിത്സാ രീതികൾ ഫലപ്രദമായി തുടരുന്നുണ്ടെങ്കിലും, ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില പ്രദേശങ്ങളിൽ ആർട്ടെമിസിനിനോടുള്ള ഭാഗിക പ്രതിരോധശേഷി പരാന്നജീവികളിൽ പ്രകടമായിട്ടുണ്ട്. രാജ്യത്തുടനീളം മരുന്നുകൾ എത്രത്തോളം നന്നായി പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പരിശോധിക്കണം. വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ മലേറിയ പ്രതിരോധ മരുന്നുകളെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഘട്ടത്തിലേക്ക് എത്തിക്കേണ്ടതും അനിവാര്യമാണ്. പ്രാഥമിക അണുബാധയുണ്ടായി മാസങ്ങൾക്കു ശേഷം കരളിൽ നിഷ്ക്രിയാവസ്ഥയിൽ തുടരുകയും വീണ്ടും സജീവമാകുകയും രോഗം ആവർത്തിക്കാൻ കാരണമാകുകയും ചെയ്യുന്ന പ്ലാസ്മോഡിയം വൈവാക്സ് മൂലമുണ്ടാകുന്ന മലേറിയയും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.
അവസാനമായി, രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ തടയുന്നതാണ്. അതിനാൽ ഇന്ത്യയ്ക്ക് സ്വന്തമായി മലേറിയ വാക്സിൻ ആവശ്യമാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മലേറിയ വാക്സിൻ ആയ "അഡ്ഫാൽസിവാക്സ്' (AdFalciVax) ഐസിഎംആർ തയാറാക്കിയിട്ടുണ്ട്; ഇതിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള പഠനങ്ങൾ നടന്നുവരുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന വിവിധ തരം പരാന്നജീവികളെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിനുകൾ ആയിരിക്കണം വികസിപ്പിക്കേണ്ടത്. വ്യക്തിയിൽ നിന്ന് കൊതുകിലേക്ക് രോഗകാരി പകരുന്നത് തടയാൻ കഴിയുന്ന വാക്സിനുകൾ ആവശ്യമാണ്. അപ്പോഴേ വ്യക്തികൾക്കുപരിയായി മുഴുവൻ സമൂഹത്തിനും രോഗപ്രതിരോധം ലഭിക്കൂ.
ലക്ഷ്യത്തിനരികിൽ
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ജീവനുകൾ രക്ഷിക്കുക എന്ന ലളിതമായ ഒരു ലക്ഷ്യമുണ്ട്. കൊതുകു കടിയിലൂടെ ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുകയോ, ഉപജീവന മാർഗം തകരുകയോ, കുട്ടികളുടെ പഠന ദിനങ്ങൾ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇന്ത്യയിലെ ഒരു കുടുംബത്തിനും ഉണ്ടാകാത്ത ഒരു കാലത്തിനായി നാം പ്രവർത്തിക്കുന്നു. ആ ലക്ഷ്യം കൈയെത്തും ദൂരത്താണ്. മുമ്പ് ഒരിക്കൽ ഇന്ത്യ ഈ ലക്ഷ്യത്തിന് അടുത്തെത്തിയിരുന്നെങ്കിലും, മലേറിയയെ പൂർണമായും തുടച്ചുനീക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഇത്തവണ, അത് സംഭവിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം സ്വീകരിച്ചു കഴിഞ്ഞു.
(ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആർ ഡയറക്റ്റർ ജനറലുമാണ് ഡോ. രാജീവ് ബഹൽ. ഐസിഎംആർ അഡീഷണൽ ഡയറക്റ്റർ ജനറലാണ് ഡോ. അനൂപ് അൻവികർ).