

സ്വാമി വിവേകാനന്ദനും യോഗയുടെ പുനരാഗമനവും
"പശ്ചിമ ബംഗാളിലെ സഹോദരി സഹോദരന്മാരേ, നിങ്ങളുടെ സ്വന്തം നാട്ടിൽ, ചിക്കാഗോയുടെ ആഗോള വേദിയിൽ നിന്ന് ഹൂഗ്ലി തീരത്തേക്ക് യോഗയുടെ പുനരാഗമനത്തിന് സാക്ഷ്യം വഹിക്കൂ'
കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി
ചരിത്രത്തിലുടനീളം ചില ആശയങ്ങൾ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിർ വരമ്പുകൾ ഭേദിച്ച് വലിയ സാമൂഹിക പരിവർത്തനം സൃഷ്ടിക്കാൻ ഹേതുവായിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ഇന്ത്യയുടെ സ്വന്തം പാരമ്പര്യമായ യോഗയുടെ, പൗരാണിക ഗ്രന്ഥങ്ങളിൽ നിന്ന് ആഗോള അംഗീകാരത്തിലേക്കുള്ള പ്രയാണം.
"യോജിപ്പിക്കുക' അല്ലെങ്കിൽ "ഒന്നിപ്പിക്കുക' എന്നർഥമുള്ള സംസ്കൃത ധാതുവായ യുജ് എന്നതിൽ നിന്നാണ് യോഗ എന്ന പദം ഉരുത്തിരിഞ്ഞത്. വ്യഷ്ടിയും (വ്യക്തിഗത സ്വത്വം - ജീവാത്മൻ) സമഷ്ടിയും (സാർവത്രിക ബോധം - പരമാത്മൻ) തമ്മിലുള്ള സംയോഗം എന്ന ലക്ഷ്യത്തോടെയുള്ള സമഗ്രമായ ദാർശനിക അന്വേഷണത്തിന്‍റെയും പ്രായോഗിക ശിക്ഷണത്തിന്‍റെയും ശാസ്ത്രീയ സംവിധാനത്തെ ഇത് സംഗ്രഹിക്കുന്നു.
യോഗയുടെ വേരുകൾ ഋഗ്വേദത്തിൽ (ബിസി 1500– 1200) കാണപ്പെടുന്നു. അവിടെ തപസ് (ആത്മനിരാസം), ധ്യാനം (ഏകാഗ്ര ചിന്ത) എന്നീ ആശയങ്ങൾ പരാമർശിക്കപ്പെടുന്നു. യോഗയുടെ ദാർശനിക അടിത്തറ വിശദീകരിച്ച ഉപനിഷത്തുക്കളിലൂടെ ഈ ആശയങ്ങൾ കൂടുതൽ വികാസം പ്രാപിച്ചു. എന്നിരുന്നാലും, യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ ഉൾപ്പെടുന്ന എട്ട് അംഗങ്ങളടങ്ങിയ ക്ലാസിക്കൽ പാരമ്പര്യ യോഗ - വ്യവസ്ഥാപിതമായ യോഗ ചട്ടക്കൂട് -പ്രദാനം ചെയ്തത് പതഞ്ജലി മഹർഷിയുടെ (ബിസി 200– 400) യോഗസൂത്രങ്ങളാണ്.
പതഞ്ജലിയുടെ ദർശനങ്ങൾക്കപ്പുറം ദൈനംദിന ജീവിതത്തോട് താദാത്മ്യം പ്രാപിച്ച പ്രായോഗിക തത്ത്വചിന്തയായി ഭഗവദ്ഗീത യോഗയെ അവതരിപ്പിക്കുന്നു. കുരുക്ഷേത്ര യുദ്ധഭൂമിയിൽ നടക്കുന്ന ഭഗവാൻ കൃഷ്ണനും അർജുനനും തമ്മിലുള്ള സംഭാഷണം കർത്തവ്യം, ലക്ഷ്യബോധം, ആത്മവികാസം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. മോക്ഷത്തിലേക്കുള്ള നിരവധി മാർഗങ്ങൾ ഗീത വിവരിക്കുന്നു, അവയിൽ കർമയോഗം (നിസ്വാർഥ പ്രവർത്തനം), ജ്ഞാനയോഗം (അറിവും ജ്ഞാനവും), ഭക്തിയോഗം (ഈശ്വര ഭക്തി) എന്നിവയെ മൂന്ന് പ്രധാന മോക്ഷാമാർഗങ്ങളായി കണക്കാക്കുന്നു. യോഗയുടെ ജന്മഭൂമി മാത്രമല്ല ഇന്ത്യ, ആയിരക്കണക്കിന് വർഷങ്ങളായി ആത്മീയ, സാംസ്കാരിക, ദാർശനിക പൈതൃകത്തിന്‍റെ അവിഭാജ്യ ഘടകമായി യോഗയ്ക്ക് സ്വാഭാവിക പരിണാമം സംഭവിച്ച ഒരു ജൈവിക നാഗരികത കൂടിയാണ് നമ്മുടെ നാട്.
എന്നിരുന്നാലും, കൊളോണിയൽ ഭരണകാലത്ത്, വിദ്യാസമ്പന്നരായ നിരവധി ഇന്ത്യക്കാർ പാശ്ചാത്യ ചിന്താഗതികളാൽ സ്വാധീനിക്കപ്പെട്ടു, യോഗ പോലുള്ള പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ കാലഹരണപ്പെട്ടതോ ആധുനിക കാലത്ത് അപ്രസക്തമോ ആയ ദർശനങ്ങളായി പലപ്പോഴും കണക്കാക്കപ്പെട്ടു. ആ നിർണായക നിമിഷത്തിൽ, യോഗയുടെ യഥാർഥ മൂല്യം വീണ്ടും കണ്ടെത്താൻ ജനങ്ങളെ സഹായിച്ച ശക്തനായ ആത്മീയ നേതാവായി സ്വാമി വിവേകാനന്ദൻ ഉയർന്നുവന്നു.
തന്‍റെ ദർശനങ്ങളിലൂടെയും ചിക്കാഗോയിലെ ലോക മത പാർലമെന്‍റിലെ പ്രശസ്തമായ പ്രസംഗത്തിലൂടെയും സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന് അന്താരാഷ്‌ട്രമാനം പകരുകയും യോഗയിലും വേദാന്തത്തിലും ആഗോളതാത്പര്യം ഉണർത്തുകയും ചെയ്തു. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾക്ക് മനസിലാകുന്ന രീതിയിൽ അദ്ദേഹം ഈ ആശയങ്ങൾ അവതരിപ്പിച്ചു, യോഗ കേവലം മതപരമായ ആചാരമല്ല, മറിച്ച് വ്യക്തിവികാസത്തിനും ആത്മവികാസത്തിനും ആന്തരിക സമാധാനത്തിനുമുള്ള ഒരു മാർഗം കൂടിയാണെന്ന് തെളിയിച്ചു. വിദേശത്ത് അദ്ദേഹത്തിന് ലഭിച്ച ആദരവും ആരാധനയും സ്വന്തം പൗരാണിക പാരമ്പര്യങ്ങളിലും സംസ്കാരത്തിലും ആത്മവിശ്വാസവും അഭിമാനവും വീണ്ടെടുക്കാൻ ഇന്ത്യക്കാരെ സഹായിച്ചു.
ചിക്കാഗോയിലും പിന്നീട് അമെരിക്കയിലെമ്പാടുമായും യൂറോപ്പിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ രാജയോഗ (മനസിനെ നിയന്ത്രിക്കുന്ന രാജകീയ യോഗ), ജ്ഞാനയോഗ (ബൗദ്ധിക വിവേചനത്തിന്‍റെ യോഗ), കർമയോഗ (നിസ്വാർഥ സേവനത്തിന്‍റെ യോഗ), ഭക്തിയോഗ (ഭക്തിയുടെ യോഗ) എന്നീ ആശയങ്ങൾ പാശ്ചാത്യർക്ക് പരിചയപ്പെടുത്തി. പതഞ്ജലിയുടെ യോഗസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്‍റെ രാജയോഗ (1896) എന്ന പുസ്തകം പാശ്ചാത്യ വായനക്കാർക്ക് യോഗദർശനങ്ങളുടെ ഇദംപ്രദമവും സ്വാധീനശാലിയുമായ കൃതികളിൽ ഒന്നായി മാറി.
രാജയോഗത്തെക്കുറിച്ചുള്ള തന്‍റെ പ്രഭാഷണങ്ങളിൽ, മാനവികതയുടെ ആന്തരിക മാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വ്യവസ്ഥാപിതവും അനുഭവാധിഷ്ഠിതവുമായ ഒരു രീതിയായി സ്വാമി വിവേകാനന്ദൻ യോഗയെ അവതരിപ്പിച്ചു. ലോകത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സമ്മാനം ആത്മജ്ഞാനമാണെന്നും പ്രസ്തുത പൈതൃകത്തിന്‍റെ സുപ്രധാനവും ശാശ്വതവുമായ പ്രകടീകരണമാണ് യോഗയെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ ആശയങ്ങൾ അക്കാലത്തെ പ്രമുഖ ബുദ്ധിജീവികളെയും ചിന്തകരെയും ഹഠാദാകർഷിച്ചു. ഇത് ഭാരതീയ തത്ത്വചിന്തയെയും ആത്മീയതയെയും കുറിച്ചുള്ള പാശ്ചാത്യ ജിജ്ഞാസയും മതിപ്പും വർധിക്കാൻ കാരണമായി.
പലപ്പോഴും അവഗണിക്കപ്പെടുന്നതും എന്നാൽ പ്രാധാന്യമർഹിക്കുന്നതുമായ ഒരു കാര്യം, പാശ്ചാത്യലോകത്തെ സ്വാമി വിവേകാനന്ദന്‍റെ വിജയം ഇന്ത്യയിൽ യോഗയുടെയും ആത്മീയ അവബോധത്തിന്‍റെയും പുനരുജ്ജീവനത്തിന് കാരണമായി എന്നതാണ്. 1897ൽ സ്വാമി വിവേകാനന്ദൻ ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ അന്താരാഷ്‌ട്ര അംഗീകാരത്തിനുപരിയായ സ്വീകാര്യത അദ്ദേഹത്തിന് ലഭിച്ചു; ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൽ പുനർനിർമിക്കപ്പെട്ട ഒരു അഭിമാനബോധവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. വിദേശത്ത് അദ്ദേഹത്തിന് ലഭിച്ച ആദരവും ആരാധനയും സ്വന്തം പാരമ്പര്യങ്ങളുടെ മൂല്യം കണ്ടെത്താൻ കൂടുതൽ പ്രേരണയായി.
1897ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിവേകാനന്ദൻ രാജ്യമെമ്പാടും പ്രഭാഷണങ്ങൾ നടത്തി, ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളിലൂടെ വീണ്ടും കടന്നു പോകാൻ ജനങ്ങളെ പ്രചോദിപ്പിച്ചു. 1897 മെയ് ഒന്നിന് സ്വാമിജി ബംഗാളിലെ ഹൗറയിലെ ബേലൂർ മഠത്തിൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്ത്, ദക്ഷിണേശ്വരത്തിൽ ശ്രീരാമകൃഷ്ണ പരമഹംസർ അവസാന വർഷങ്ങൾ ചെലവഴിച്ച സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനം, വേദാന്ത ദർശങ്ങൾ, സേവനം ആരാധനയാണ് എന്ന ആശയം (ശിവ ജ്ഞാനേ ജീവ സേവ), യോഗ തത്ത്വചിന്തയുടെ പ്രായോഗിക പ്രയോഗം എന്നിവ പ്രചരിപ്പികുന്ന ഒരു മഹാപ്രസ്ഥാനത്തിന്‍റെ ആഗോള ആസ്ഥാനമായി.
ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാത്മാക്കളായ ആത്മീയ വ്യക്തിത്വങ്ങളുടെ നാടായിരുന്നിട്ടു പോലും ബംഗാളിൽ കാലക്രമേണ യോഗയുടെ സ്വാധീനം കുറഞ്ഞു വന്നു. ജീവിതശൈലിയിലെ പരിവർത്തനം, ആധുനികതയുടെ സ്വാധീനം, സാമൂഹികമായ പരിവർത്തനം എന്നിവ മൂലം യോഗ ദൈനംദിന ജീവിതത്തിൽ നിന്ന് പതുക്കെ അകന്നു. എന്നിരുന്നാലും, ആത്മീയ സ്ഥാപനങ്ങളിലൂടെയും സമർപ്പിതരായ പരിശീലകരിലൂടെയും അതിന്‍റെ വേരുകൾ സജീവമായി തുടർന്നു.
1893 സെപ്റ്റംബർ 11ന്, "അമെരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്മാരേ' എന്ന അനശ്വര അഭിസംബോധനയോടെ ആരംഭിച്ച ലോക മത പാർലമെന്‍റിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തെ വിവേകാനന്ദൻ ലോകത്തിന് പരിചയപ്പെടുത്തി. ഇപ്പോൾ "പശ്ചിമ ബംഗാളിലെ സഹോദരി സഹോദരന്മാരേ, നിങ്ങളുടെ സ്വന്തം നാട്ടിൽ, ചിക്കാഗോയുടെ ആഗോള വേദിയിൽ നിന്ന് ഹൂഗ്ലി തീരത്തേക്ക് യോഗയുടെ പുനരാഗമനത്തിന് സാക്ഷ്യം വഹിക്കൂ'. ഈ വാക്കുകൾ ആഴത്തിലുള്ള വൈകാരിക ബന്ധം വെളിപ്പെടുത്തുന്നു, സ്വാമി വിവേകാനന്ദൻ ഇന്ത്യയുടെ ആത്മീയ ജ്ഞാനം ലോകത്തിന് പരിചയപ്പെടുത്തിയ ചരിത്ര നിമിഷത്തെ ഓർമിപ്പിക്കുന്നു. യോഗ, ഐക്യം, ആന്തരിക സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ സന്ദേശങ്ങൾ ഇന്ത്യയിൽ നിന്ന് ലോക വേദിയിലേക്ക് പ്രസരിച്ചു.
ഇന്ന് ഹൂഗ്ലി നദിയുടെ തീരത്തേക്ക് തിരികെ എത്തുന്നത് യോഗയല്ല, ലോകമെമ്പാടും അത് നേടിയ ആദരവും അംഗീകാരവുമാണ്. യോഗ എല്ലായ്പ്പോഴും ഇന്ത്യയിൽ ഒരു സജീവ പാരമ്പര്യമായി തുടരുന്നു. ഈ ആഗോള പ്രശംസ ഇന്ത്യയുടെ പുരാതന ഋഷിമാരുടെ ജ്ഞാനത്തിൽ നിന്നാണ് ഉത്ഭവിച്ചത്. കൂടാതെ ലോകമെമ്പാടുമുള്ള ജനസമൂഹങ്ങൾക്ക് പ്രയോജനപ്രദമാം വിധം ആത്മീയ വളർച്ച, ആത്മ സാക്ഷാത്കാരം, ഐക്യം എന്നിവയുടെ സാർവത്രിക സന്ദേശമായി യോഗയെ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്‍റെ ഉദ്യമങ്ങളിലൂടെ ഇത് കൂടുതൽ വ്യാപിച്ചു.
ഹൂഗ്ലി നദീതീരത്തേക്ക് യോഗ തിരിച്ചെത്തിയിരിക്കുന്നു - യോഗ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു, പുനരംഗീകരിക്കപ്പെട്ടിരിക്കുന്നു, പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ ശ്രദ്ധേയമായ യാത്രയുടെ ജീവസുറ്റ പ്രതീകമായി ബേലൂർ മഠം നിലകൊള്ളുന്നു. ഇന്ന്, ലോകമെമ്പാടുമുള്ള ജനങ്ങൾ യോഗ പരിശീലിക്കുന്നതിനാലും ലോകം യോഗയെ ഒരു അദൃശ്യ സാംസ്കാരിക പൈതൃകമായി അംഗീകരിക്കുന്നതിനാലും ഇന്ത്യയുടെ ആത്മീയ ജ്ഞാനം ലോകവുമായി പങ്കിടുക എന്ന സ്വാമി വിവേകാനന്ദന്‍റെ ചരിത്രപരമായ ദൗത്യം അതിന്‍റെ ആഗോള വ്യാപനത്തെ സ്വാധീനിച്ചു എന്നത് സാദാ സ്മരിക്കേണ്ടതാണ്.
കൊൽക്കത്തയിൽ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുമ്പോൾ, യോഗയുടെ സന്ദേശം ആഗോള വേദിയിലേക്കുള്ള യാത്ര ആരംഭിച്ച മണ്ണിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുവരവു പോലെയാണ് അത് അനുഭവപ്പെടുന്നത്. സമുദ്രങ്ങൾ കടന്ന് കൂടുതൽ അംഗീകാരവും ആദരവും സമ്പാദിച്ച് മടങ്ങിയെത്തിയ പാരമ്പര്യത്തെ ആഘോഷിക്കാൻ ജനങ്ങൾ ഒത്തുചേരുന്നതിന് ഹൂഗ്ലിയുടെ തീരങ്ങൾ വീണ്ടും സാക്ഷ്യം വഹിക്കുന്നു.
"ചിക്കാഗോയിൽ നിന്ന് ഹൂഗ്ലിയിലേക്കുള്ള' ഈ യാത്ര യോഗ എന്ന ശാരീരിക പരിശീലനത്തിന്‍റെ കേവലമായ പ്രയാണമല്ല; ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ശക്തമായ ഒരു ആശയത്തിന്‍റെയും ആത്മീയ സന്ദേശത്തിന്‍റെയും യാത്രയാണത്. സന്തുലിതാവസ്ഥ, അനുകമ്പ, ആത്മാവബോധം, ആന്തരിക ഐക്യം എന്നിവയിലൂടെ മാനവരാശിയെ ബന്ധിപ്പിക്കുന്ന ഒരു ആശയത്തിന്‍റെ - തീർച്ചയായും ഒരു സഹജ വാസനയുടെ - പ്രയാണമാണ്.