

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണം
file photo
നാളെ തുടങ്ങുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ സുപ്രധാനമായ വനിതാ സംവരണ, മണ്ഡല പുനർനിർണയം സംബന്ധിച്ച ബില്ലുകൾ പരിഗണനയ്ക്കു വരികയാണ്.
വനിതാ സംവരണത്തെ തത്വത്തിൽ അംഗീകരിക്കുന്ന പാർട്ടികൾ പോലും ബിൽ വരുമ്പോൾ വോട്ടിനിട്ടു പരാജപ്പെടുത്തി വരുന്നതാണ് നാം കാലങ്ങളായി കണ്ടുവരുന്നത്. എന്നാൽ, മാറിയ സാഹചര്യത്തിൽ എല്ലാവരും വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കണമെന്നതാണ് എന്‍റെ നിലപാട്.
ഇത്തവണ ഈ ബിൽ നിയമമാക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
file photo
ഇത്തവണ ഈ ബിൽ നിയമമാക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിൽ ബിൽ നിയമമാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന് പ്രതിപക്ഷ കക്ഷികളുടെ കൂടി പിന്തുണ വേണം. ഇതിനു മുമ്പും ഈ ബിൽ പാർലമെന്‍റിന്‍റെ പരിഗണനയ്ക്കു വന്നതാണ്. അന്ന് ലാലു പ്രസാദ് യാദവിന്‍റെ രാഷ്‌ട്രീയ ജനതാദൾ പാർട്ടി ശക്തമായി വിയോജിച്ചു കൊണ്ട് രംഗത്തു വന്നതോടെ സഭകളിലെ കടമ്പ കടക്കാതെ മാറ്റിവയ്ക്കേണ്ടി വന്നു.
ഇത്തവണ ഇങ്ങനെയുള്ള എതിർപ്പുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്‌ട്രീയ പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹത്തിന്‍റെ ആത്മാർഥത വെളിവാക്കുന്ന നടപടിയായി ഇതിനെ കാണാൻ കഴിയും.
പ്രൊഫ. കെ.വി. തോമസ്
file photo
കൂടുതൽ വനിതകൾ ഭരണ - നിയമ നിർമാണ സംവിധാനങ്ങളിലേക്കു കടന്നുവരുന്നത് തീർച്ചയായും രാജ്യ പുരോഗതിയുടെ ഉത്തുംഗതയാർന്ന നേർക്കാഴ്ചയാണ്. എന്നാൽ സ്ത്രീകൾ വീടകങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണെന്നാണ് ആർജെഡി ഉൾപ്പെടെ ഇതിനെ എതിർത്തുവരുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഒരർഥത്തിൽ ശരിയെന്ന് തോന്നാമെങ്കിലും, ഇങ്ങനെയൊന്ന് തുടങ്ങിവച്ചാൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അവരെ ആനയിക്കാൻ വരുംനാളുകളിൽ കഴിഞ്ഞേക്കും. ഇപ്പോൾ തന്നെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്നു വരെ പൊതുരംഗത്തേക്ക് സ്ത്രീകളുടെ കടന്നുവരവ് വർധിച്ചിട്ടുണ്ട്. നമ്മുടെ രാഷ്‌ട്രപതി തന്നെ ആ വിഭാഗത്തിൽ നിന്നുള്ള ആളാണല്ലോ.
സ്ത്രീകളുടെ പ്രാതിനിധ്യ വർധനവിന് അനുസരിച്ച് പാർലമെന്‍റിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള പാർലമെന്‍റ്, നിയമസഭാ മണ്ഡലങ്ങളുടെ പരിധി പരിശോധിച്ച് പുനർനിർണയം നടത്തി അവയെ വിഭജിക്കാനാണ് നീക്കം. അവിടെ വലിയൊരു പ്രശ്നം ഒളിഞ്ഞു കിടപ്പുണ്ട്. കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ നേതൃത്വം ഇതിനകത്തെ അപകടം മുന്നിൽക്കണ്ട് രംഗത്തു വന്നിട്ടുമുണ്ട്.
ഉത്തരേന്ത്യൻ മേഖലയിൽ പാർലമെന്‍റ് സീറ്റുകൾ വർധിക്കുന്നതിന് ആനുപാതികമായ വർധന ദക്ഷിണേന്ത്യയിൽ ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന പ്രധാന പോരായ്മ. ഇത് രാജ്യത്തെ രാഷ്‌ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്.
ഏതൊരു നിയമവും എതിരാളിക്കെതിരേ എന്ന ആപ്തവാക്യമാണ് ഇതിൽ നിഴലിച്ചു നിൽക്കുന്നത് എന്നാണ് പ്രധാന ആരോപണം. കൂടാതെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തിവരുന്ന നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. രാജ്യത്തെ ജനസംസ്കൃതിയെ രണ്ടായി വിഭജിക്കുന്ന അത്യന്തം ആപത്കരമായ നീക്കമായാണ് കോൺഗ്രസും ഡിഎംകെ പോലെയുള്ള ദക്ഷിണേന്ത്യൻ പാർട്ടികളും ഇതിനെ കാണുന്നത്. ഈ സാഹചര്യത്തിലാണ് സോണിയ കേന്ദ്ര സർക്കാരിനു കത്ത് നൽകിയത്.
പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണയില്ലാതെ ഇതൊന്നും നിയമമാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞേക്കില്ല. സീറ്റ് വർധനക്കാര്യത്തിൽ മറ്റു തരത്തിലുള്ള രാഷ്‌ട്രീയ എതിർപ്പുകൾ ഉണ്ടാവാൻ വേറെ സാധ്യതയൊന്നും കാണുന്നുമില്ല. ഇന്ത്യ പോലൊരു ജനാധിപത്യ ബഹുസ്വര സമൂഹത്തിൽ സ്ത്രീകൾക്ക് പുരുഷനൊപ്പം തുല്യത ലഭിക്കാനുതകുന്ന ഒരവസരവും പാഴാക്കാൻ പാടില്ല എന്നു തന്നെയാണ് എന്‍റെ വ്യക്തമായ നിലപാട്.
(മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയും ഇപ്പോൾ ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമാണ് ലേഖകൻ)