

ബ്രിക്സും കാർഷിക വ്യാപാരത്തിന്‍റെ നവ രൂപരേഖയും
ഇക്കൊല്ലത്തെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനം കാർഷിക വ്യാപാരം തീരുവകളെയും വിപണി പ്രവേശനത്തിനുമപ്പുറം പുനർനിർവചിക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് വരുന്നത്. കാലാവസ്ഥാ ആഘാതങ്ങൾ, ഭക്ഷ്യവില അസ്ഥിരത, വളം വിതരണത്തിലെ തടസങ്ങൾ, സുസ്ഥിരതാ മാനദണ്ഡങ്ങൾ, ഡിജിറ്റൽ മാർഗങ്ങളുടെ ആവശ്യകതകൾ, പ്രതിസന്ധി ഘട്ടങ്ങളിൽ വിപണികൾ തുറന്നുനിലനിർത്തേണ്ടതിന്‍റെ അനിവാര്യത എന്നിവ ഇന്ന് വ്യാപാര അജൻഡയിലെ കേന്ദ്ര വിഷയങ്ങളായി മാറിയിരിക്കുന്നു.
കാർഷിക മേഖല തന്ത്രപ്രധാനമാകുന്നു
അംഗത്വ വികസനത്തിനു ശേഷം, ബ്രിക്സ് കൂട്ടായ്മ ഇന്ന് ലോക ജനസംഖ്യയുടെ ഏകദേശം പകുതിയെയും, ആഗോള ജിഡിപിയുടെ ഏകദേശം 40 ശതമാനത്തെയും, ലോക വ്യാപാരത്തിന്‍റെ ഏകദേശം നാലിലൊന്നിനെയും പ്രതിനിധീകരിക്കുന്നു. 2024ൽ പ്രസിദ്ധീകരിച്ച യുഎൻ സിടിഎഡിയുടെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം 2003 മുതൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് വ്യാപാരം 13 ഇരട്ടിയിലധികം വർധിച്ച് 2024ൽ 1.17 ട്രില്യൺ യുഎസ് ഡോളറിലെത്തി.
ഈ വിപുലമായ വ്യാപാര കഥയിലെ ഒരു ഘടകം മാത്രമായിരിക്കാം കാർഷിക മേഖല. എന്നാൽ രാഷ്‌ട്രീയപരമായും സാമൂഹികപരമായും ഏറ്റവും കൂടുതൽ സംവേദനക്ഷമമായ മേഖലകളിൽ ഒന്നാണത്. ഭക്ഷ്യവില ഉയരുമ്പോഴോ, വളം വിതരണത്തിൽ തടസമുണ്ടാകുമ്പോഴോ, കപ്പൽ ഗതാഗത മാർഗങ്ങളിൽ അനിശ്ചിതത്വം ഉണ്ടാകുമ്പോഴോ അതിന്‍റെ പ്രത്യാഘാതം നേരിട്ട് അനുഭവിക്കുന്നത് കർഷകരും ഉപഭോക്താക്കളും ഗവൺമെന്‍റുകളും തന്നെയാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തിന്‍റെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നായി കാർഷിക രംഗം മാറുന്നു.
ബ്രിക്സ് കൂട്ടായ്മയ്ക്കുള്ളിലെ കാർഷിക പരസ്പര പൂരകത വ്യക്തമാണ്. സോയാബീൻ, മാംസം, പഞ്ചസാര എന്നിവയുടെ പ്രധാന കയറ്റുമതിക്കാരാണ് ബ്രസീൽ. റഷ്യ ധാന്യങ്ങളുടെയും വളങ്ങളുടെയും രംഗത്ത് നിർണായക സ്ഥാനമാണു വഹിക്കുന്നത്. അരി, സമുദ്രോത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മാംസം, ചെറുകിട കർഷകരെ ആശ്രയിച്ചുള്ള വൈവിധ്യമാർന്ന കാർഷിക ഉത്പന്നങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് ശക്തമായ മേൽക്കൈയുണ്ട്. ചൈന വലിയൊരു ഭക്ഷ്യ ഇറക്കുമതിക്കാരനും സംസ്കരണ കേന്ദ്രവുമാണ്. ദക്ഷിണാഫ്രിക്ക ആഫ്രിക്കയിലെ പ്രധാന കാർഷിക- ഭക്ഷ്യ വിപണികളുമായി ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നു.
പുതുതായി ചേർന്ന അംഗരാജ്യങ്ങൾ ഈ കൂട്ടായ്മയ്ക്ക് കൂടുതൽ മാനങ്ങൾ നൽകുന്നു. യുഎഇയും സൗദി അറേബ്യയും ലോജിസ്റ്റിക്സ്, ധനകാര്യം, ഭക്ഷ്യസുരക്ഷാ നിക്ഷേപങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈജിപ്റ്റും എത്യോപ്യയും ആഫ്രിക്കയിലെ ഭക്ഷ്യസംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളെ പ്രതിനിധീകരിക്കുന്നു. ഇന്തോനേഷ്യ പാം ഓയിൽ, മത്സ്യമേഖല, ഉഷ്ണമേഖലാ കാർഷികം എന്നിവയിലൂടെ ഈ കൂട്ടായ്മയ്ക്ക് പുതിയൊരു ശക്തി പകരുന്നു.
പ്രവർത്തന സംവിധാനങ്ങളിലേക്ക്
എന്നാൽ, വലിയ തോതിലുള്ള വ്യാപാരവും പരസ്പര പൂരകതയും മാത്രം കരുത്തുറ്റ വ്യാപാര സംവിധാനത്തെ സൃഷ്ടിക്കുകയില്ല. വരാനിരിക്കുന്ന ബ്രിക്സ് കാർഷിക മന്ത്രിമാരുടെ യോഗം, സഹകരണത്തെ കൂടുതൽ പ്രായോഗികമായ സംവിധാനങ്ങളിലേക്കു നയിക്കാൻ ഇന്ത്യയ്ക്ക് ഒരു സുപ്രധാന അവസരം നൽകുന്നു. വിശ്വസനീയമായ വ്യാപാര അടിസ്ഥാനസൗകര്യങ്ങൾ, പ്രതിരോധശേഷിയുള്ള കാർഷിക ഉത്പാദന സാമഗ്രികളുടെ വിതരണ ശൃംഖലകൾ, വിപണി വിവരശേഖരണ സംവിധാനങ്ങൾ, സ്ത്രീകളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന ചെറുകിട കർഷക മൂല്യശൃംഖലകൾ എന്നിവയിലേക്കാണ് ഈ സഹകരണം കേന്ദ്രീകരിക്കേണ്ടത്.
വിശ്വസനീയമായ വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ പ്രാരംഭ മുൻഗണനകളിൽ ഒന്നായിരിക്കണം. 2024ലെ കാർഷിക വ്യാപാര സുഗമവത്കരണത്തെക്കുറിച്ചുള്ള ബ്രിക്സ് തത്വങ്ങൾ ഇതിനകം തന്നെ ആധുനിക കാർഷിക വ്യാപാരത്തിന്‍റെ അടിസ്ഥാന ഘടകങ്ങളെ അംഗീകരിക്കുന്നുണ്ട്. എസ്പിഎസ്, ടിബിടി സഹകരണവും, സമമൂല്യതാ അംഗീകാരവും, വ്യാപാരച്ചെലവ് കുറയ്ക്കലും, ഡിജിറ്റൽ വ്യാപാര സുഗമവത്കരണവും ഇതിൽ ഉൾപ്പെടുന്നു.
പരസ്പരം പ്രവർത്തനക്ഷമമായ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, വിശ്വസനീയമായ സംവിധാനങ്ങൾ, വേഗമേറിയ നിയന്ത്രണ വിവര വിനിമയം, ഉത്പാദകരുടെയും കയറ്റുമതിക്കാരുടെയും ശേഷിവികസനം എന്നിവയിലൂടെ ഈ അജൻഡയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തിന് നിർണായകമായ മൂല്യം കൂട്ടിച്ചേർക്കാൻ കഴിയും.
രണ്ടാമത്തെ മുൻഗണന കാർഷിക ഉല്പാദന സാമഗ്രികളുടെ കരുത്തുറ്റ വിതരണ ശൃംഖലകളായിരിക്കണം. ഭക്ഷ്യവ്യാപാരത്തെ വളം, ഊർജം, മൃഗതീറ്റ, വിത്ത്, ലോജിസ്റ്റിക്സ്, ധനസഹായം എന്നിവയിൽ നിന്ന് വേർതിരിച്ചു കാണാനാവില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൈദ്ധാന്തിക ആശങ്ക മാത്രമല്ല. ഇന്ത്യയുടെ വളം- ഊർജ ഇറക്കുമതികളിൽ പകുതിയിലധികവും ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നാണ് വരുന്നത്. അതിനാൽ കാർഷിക മേഖലയുടെ കരുത്തിന് ഉല്പാദന സാമഗ്രികളുടെ സുരക്ഷ നിർണായകമാണ്.
പശ്ചിമേഷ്യയിൽ അടുത്തിടെ ഉണ്ടായ പ്രതിസന്ധികൾ, ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നതിന് വളരെ മുമ്പുതന്നെ ഉത്പാദന പ്രക്രിയകൾ തടസപ്പെടാമെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ സഹകരണം ഭക്ഷ്യവ്യാപാരത്തിൽ മാത്രം ഒതുങ്ങാതെ, വളത്തിന്‍റെയും മറ്റ് കാർഷിക ഉത്പാദന സാമഗ്രികളുടെയും വിപണികൾക്കായുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, ശേഖരങ്ങളെയും വിലകളെയും സംബന്ധിച്ച സുതാര്യമായ വിവരവിനിമയം, അവശ്യ കാർഷിക ഉത്പാദന സാമഗ്രികളുടെ വിതരണത്തിൽ പെട്ടെന്നുണ്ടാകുന്ന തടസങ്ങൾ കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ഉൾക്കൊള്ളേണ്ടതാണ്.
മൂന്നാമത്തെ മുൻഗണന വിപണി വിവരശേഖരണവും വിശകലനവുമാണ്. ബ്രിക്സ് ധാന്യ വിനിമയ ആശയം, കൂടുതൽ സുതാര്യതയും വിലനിർണയ കാര്യക്ഷമതയും ഭക്ഷ്യസുരക്ഷാ തയാറെടുപ്പും ആവശ്യമാണ് എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിനകം തന്നെ ""അറിവിൽ നിന്ന് പ്രവർത്തനത്തിലേക്ക് '' എന്ന കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രിക്സ് കാർഷിക ഗവേഷണ പ്ലാറ്റ്ഫോമിനുള്ളിൽ ഒരു കാർഷിക വിപണി വിവരശേഖരണ സംവിധാനം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർദേശിക്കാനാകും.
ഭക്ഷ്യശേഖരങ്ങൾ, വിളസാധ്യതകൾ, എസ്പിഎസ് മുന്നറിയിപ്പുകൾ, കാർഷിക ഉത്പന്നങ്ങളുടെ വിപണി പ്രവണതകൾ എന്നിവ നിരീക്ഷിക്കാൻ ഇത്തരം ഒരു സംവിധാനത്തിന് കഴിയും. ഇതിലൂടെ തടസങ്ങൾ ഗുരുതര പ്രതിസന്ധികളായി മാറുന്നതിന് മുൻപ് തന്നെ രാജ്യങ്ങൾക്ക് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഫലപ്രദമായി പ്രതികരിക്കാനും സാധിക്കും.
വ്യാപാരത്തെ കർഷക കേന്ദ്രീകൃതമാക്കുക
നാലാമത്തെ മുൻഗണന സ്ത്രീകളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന ചെറുകിട കർഷക മൂല്യശൃംഖലകളായിരിക്കണം. കാർഷിക വ്യാപാരം വലിയ തോതിലുള്ള ചരക്ക് പ്രവാഹങ്ങളിൽ മാത്രം ഒതുങ്ങുകയാണെങ്കിൽ, അതിന്‍റെ വികസനപരമായ പ്രയോജനം പരിമിതമായിരിക്കും.
2026ലെ കാർഷിക- ഭക്ഷ്യ സംവിധാനങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ രൂപംകൊണ്ട ഡൽഹി പ്രഖ്യാപനം, കാർഷിക- ഭക്ഷ്യ മേഖലയുടെ പരിവർത്തനത്തിന്‍റെ കേന്ദ്രത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും സ്ഥാപിക്കുന്നതിലൂടെ ഒരു മികച്ച തുടക്കം നൽകുന്നു.
ചെറുകിട കർഷകർക്ക്, പ്രത്യേകിച്ച് വനിതാ കർഷകർക്കും ഗ്രാമീണ യുവാക്കൾക്കും, വിപണിക്കായി ഉത്പാദനം നടത്താൻ മാത്രമല്ല, മൂല്യശൃംഖലകളിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാനും ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിലൂടെ ഈ ആശയത്തിന്‍റെ ചൈതന്യത്തെ ഇന്ത്യയ്ക്ക് കാർഷിക വ്യാപാര അജൻഡയിലേക്ക് കൊണ്ടുവരാൻ കഴിയും.
ഈ മുൻഗണനകളുടെ ലക്ഷ്യം ഒരു അടച്ചുപൂട്ടിയ ഭക്ഷ്യ വ്യാപാര കൂട്ടായ്മ സൃഷ്ടിക്കുകയല്ല. മറിച്ച്, കൂടുതൽ അനിശ്ചിതത്വം നിറഞ്ഞ ലോകത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും കർഷകർക്കും ഉപഭോക്താക്കൾക്കും കാർഷിക വ്യാപാരം കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.
ഭക്ഷ്യസുരക്ഷാ പരിപാലനം, ചെറുകിട കർഷക അധിഷ്ഠിത കൃഷി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക ഗവേഷണം എന്നീ മേഖലകളിലെ സമ്പന്നമായ അനുഭവസമ്പത്ത് ഇന്ത്യയെ ഈ അജൻഡയ്ക്ക് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നു.
ഈ അജണ്ടയ്ക്ക് പ്രായോഗിക രൂപം നൽകാൻ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനം സമയോചിതമായ ഒരു അവസരം ഒരുക്കുന്നു. ചെറുതെങ്കിലും സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത സഹകരണ നടപടികൾക്ക് പോലും പ്രതിസന്ധി ഘട്ടങ്ങളിൽ കാർഷിക വ്യാപാരത്തെ കൂടുതൽ വിശ്വസനീയമാക്കാനും, അതിന്‍റെ നിയമങ്ങളും നടപടിക്രമങ്ങളും കൂടുതൽ സുതാര്യമാക്കാനും, കർഷകർക്ക് അതിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കാനും കഴിയും.
അത്തരമൊരു മുന്നേറ്റം കൂടുതൽ കരുത്തുറ്റതും, വിശ്വാസ്യതയുള്ളതും, കർഷക കേന്ദ്രീകൃതവുമായ ഒരു കാർഷിക വ്യാപാര വ്യവസ്ഥയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.
(ഐസിഎആർ ഡയറക്റ്റർ ജനറലും ഡിഎആർഇ സെക്രട്ടറിയുമാണ് ഡോ. എം.എൽ. ജാട്ട്. ഐസിഎആർ ദേശീയ പ്രൊഫസർ, എം.എസ്. സ്വാമിനാഥൻ ചെയർ, കാർഷിക- കർഷക ക്ഷേമ വകുപ്പ് മുൻ ജോയിന്‍റ് സെക്രട്ടറി [ജി20/ ബ്രിക്സ്] ആണ് ഡോ. സ്മിത സിറോഹി)