

സാങ്കേതിക വിദ്യ: ഇന്ത്യ കീഴടക്കേണ്ട ആസ്തിയും ഭരണനേട്ടവും
രാജീവ് ഗൗബ
ഭരണപരാജയം അപൂർവമായേ ഉദ്ദേശ്യത്തിന്‍റെ പരാജയമാകാറുള്ളൂ. ഒരു സബ്സിഡി ഉദാരമായിരിക്കാം; എന്നാൽ, അതിൽ ചോർച്ചയുണ്ടാകാം. നിയന്ത്രണം നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം; എന്നാൽ നടപടിക്രമത്തിലെ പിഴവ് മൂലം സത്യസന്ധനായ സംരംഭകൻ പോലും ഭയപ്പെടുന്ന സാഹചര്യമുണ്ടാകാം. പരാതി പരിഹാര പോർട്ടൽ നിലവിലുണ്ടാകാം; എന്നിട്ടും ഒരു പൗരന് തന്‍റെ പരാതി കേട്ടില്ലെന്ന തോന്നലുണ്ടാകാം.
അതിനാൽ, ഒരു നയം നല്ല ഉദ്ദേശ്യത്തോടെയായിരുന്നോ എന്നതു മാത്രമല്ല ചോദ്യം. ആ സംവിധാനം യഥാർഥത്തിൽ എന്തുതരം രീതിയാണു സൃഷ്ടിച്ചത്, ലക്ഷ്യമിട്ട കാര്യങ്ങൾ എളുപ്പത്തിലും പ്രവചനാത്മകമായും വലിയ തോതിൽ നടപ്പാക്കാൻ കഴിയുന്ന തരത്തിലുമാക്കിയോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം.
രാജ്യത്തിന്‍റെ വലിപ്പവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ, ഭരണ നിർവഹണം എന്നത് പദ്ധതികൾ നടപ്പാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. കോടിക്കണക്കിനു പൗരന്മാരിലേക്ക് വേഗത്തിലും കാര്യക്ഷമമായും പ്രവചനീയമായും സേവനങ്ങൾ എത്തിക്കാൻ കഴിയുന്ന സംവിധാനങ്ങൾ കെട്ടിപ്പടുക്കുക എന്നതും അതിന്‍റെ ഭാഗമാണ്. ഗുജറാത്ത് മുതൽ കേന്ദ്ര ഗവണ്മെന്‍റ് വരെയുള്ള നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണയാത്രയുടെ കേന്ദ്രബിന്ദുവും ഇതുതന്നെയാണ്. വ്യക്തിഗത പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് പൗരന്മാരുമായും ബിസിനസുകളുമായും ഉദ്യോഗസ്ഥരുമായും ഇടപെടുന്ന സംവിധാനങ്ങളെ തന്നെ ഗവണ്മെന്‍റ് പുനർരൂപകൽപ്പന ചെയ്യുന്നതിലേക്കുള്ള മാറ്റമാണ് ഇതിന്‍റെ സവിശേഷത.
തത്വം ലളിതമാണ്: ശരിയായ ഫലം കൈവരിക്കുന്നത് എളുപ്പമാക്കുക; അത് അളക്കുന്നത് എളുപ്പമാക്കുക; വലിയ തോതിൽ നടപ്പാക്കുന്നത് എളുപ്പമാക്കുക.
ഈ പരിവർത്തനത്തിൽ സാങ്കേതികവിദ്യയ്ക്ക് നിർണായക പങ്കാണ്. ഡിജിറ്റൽ തിരിച്ചറിയൽ, നേരിട്ടുള്ള ധന കൈമാറ്റം, ഏകീകരിച്ച നടപടിക്രമങ്ങൾ, ഡാഷ്ബോർഡുകൾ, റാങ്കിങ്ങുകൾ, ഡിജിറ്റൽ സംഭരണം, പരാതി പരിഹാര പ്ലാറ്റ്‌ഫോമുകൾ, പൊതുവായി ലഭ്യമായ പ്രവർത്തനക്ഷമതാ വിവരങ്ങൾ എന്നിവ ചേർന്ന് പുതിയ ഭരണ മാതൃക സൃഷ്ടിച്ചു. ഇതിലൂടെ മുമ്പ് കാണാത്ത തോതിലും വേഗത്തിലും ഗവണ്മെന്‍റിനു പ്രവർത്തിക്കാൻ സാധിക്കുന്നു. ഇതിന്‍റെ സാമ്പത്തിക സ്വാധീനം ഗണ്യമാണ്.
ജെഎഎം ആർക്കിടെക്ചർ – ജൻധൻ, ആധാർ, മൊബൈൽ കണക്റ്റിവിറ്റി – ഗവണ്മെന്‍റിനും പൗരനും ഇടയിൽ നേരിട്ടുള്ള ഡിജിറ്റൽ ബന്ധം സൃഷ്ടിച്ചു. ഡിബിടി സംവിധാനങ്ങളിലൂടെ ₹53 ലക്ഷം കോടിയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തി. ഇരട്ടപ്പട്ടികയിലുള്ളവരും മരണപ്പെട്ടവരും വ്യാജവുമായ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെ ഗവണ്മെന്‍റിന് ₹5.14 ലക്ഷം കോടി ലാഭിക്കാനായി. 2025ലെ വിലയിരുത്തലിൽ, ഗുണഭോക്താക്കളുടെ എണ്ണം 16 മടങ്ങ് വർധിച്ചപ്പോഴും ക്ഷേമ കാര്യക്ഷമതാ സൂചിക, അതായത്, ഗവണ്മെന്‍റ് ചെലവഴിക്കുന്ന തുകയിൽ യഥാർഥത്തിൽ പൗരന്മാരിലേക്ക് എത്തുന്ന വിഹിതം, 2014ലെ 0.32ൽ നിന്ന് 2023ൽ 0.91 ആയി ഉയർന്നു.
പിഎം- കിസാൻ പദ്ധതിയിൽ ₹4.47 ലക്ഷം കോടി നേരിട്ട് 9.49 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയപ്പോൾ, അർഹതയില്ലാത്ത 2.1 കോടി ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെ ഏകദേശം ₹22,106 കോടി ലാഭമുണ്ടായി. ഭക്ഷ്യവിതരണ സംവിധാനത്തിൽ 5.03 കോടിയിലധികം ഇരട്ട- വ്യാജ അല്ലെങ്കിൽ നിലവിലില്ലാത്ത റേഷൻ കാർഡുകൾ നീക്കം ചെയ്തു. അതേസമയം, 80 കോടി പേർക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി. പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ചിട്ടുള്ള, ആഗോളതലത്തിൽ സവിശേഷമായ ഒരു സാർവത്രിക അടിസ്ഥാന വരുമാന പിന്തുണാ സംവിധാനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ലക്ഷ്യം ചോർച്ചകൾ തടയൽ മാത്രമല്ല. ക്ഷേമ പദ്ധതികളുടെ വിതരണം കൂടുതൽ ലക്ഷ്യബദ്ധവും കാര്യക്ഷമവും വലിയ തോതിൽ നടപ്പാക്കാൻ കഴിയുന്നതുമായ രീതിയിലാക്കുക എന്നതാണ്.
പ്രധാനമന്ത്രി മോദിയുടെ ""ജൻ ഭാഗീദാരി'' എന്ന ജനപങ്കാളിത്ത തത്വത്തിന്‍റെ അടിസ്ഥാനത്തിൽ, പൗരന്മാരും ഭരണത്തിന്‍റെ പങ്കാളികളായി മാറിയിട്ടുണ്ട്. ""ഗിവ് ഇറ്റ് അപ്പ്'' ക്യാംപെയിൻ വഴി കുടുംബങ്ങളെ അവരുടെ എൽപിജി സബ്സിഡി സ്വമേധയാ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. 1.13 കോടിയിലധികം ഉപഭോക്താക്കൾ ഇതിന് പ്രതികരിച്ചപ്പോൾ, 4.15 കോടി ഇരട്ട- വ്യാജ- നിലവിലില്ലാത്ത അല്ലെങ്കിൽ സജീവമല്ലാത്ത എൽപിജി കണക്‌ഷനുകൾ ഒഴിവാക്കി.
നിയന്ത്രണങ്ങളിലൂടെ മാത്രമല്ല, വിശ്വാസം, സുതാര്യത, പൗരപങ്കാളിത്തം എന്നിവയിലൂടെയും നയങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. ഇതേ തത്വശാസ്ത്രം സാമ്പത്തിക നിയന്ത്രണ മേഖലയിലേക്കും വ്യാപിക്കുന്നു.
സംരംഭകനെ സംബന്ധിച്ചിടത്തോളം നിയന്ത്രണങ്ങളുടെ ചെലവ് പണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അത് സമയം, ശ്രദ്ധ, അനിശ്ചിതത്വം, ചില ഘട്ടങ്ങളിൽ ആത്മവിശ്വാസം എന്നിവയും നഷ്ടപ്പെടുത്തുന്നു. അതിനാൽ, അമിതമായ ക്രിമിനൽവത്കരണം ഉത്പാദനക്ഷമമായ നിയമാനുസൃത പ്രവർത്തനങ്ങൾക്ക് പകരം പ്രതിരോധപരമായ പെരുമാറ്റത്തിന് പ്രേരണ നൽകാം.
ജൻ വിശ്വാസ് പരിഷ്കാരങ്ങൾ ഈ പ്രശ്നത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. 2023ലെ ജൻ വിശ്വാസ് നിയമം 42 കേന്ദ്ര നിയമങ്ങളിലെ 183 വ്യവസ്ഥകൾ കുറ്റകരമല്ലാത്തവയായി മാറ്റി. 2026ലെ നിയമ നിർമാണം ഇതിലും വലിയ പരിഷ്കാരങ്ങളാണ് കൊണ്ടുവന്നത്. 23 മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്ന 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകൾ ഭേദഗതി ചെയ്തു. ഇതിൽ 717 വ്യവസ്ഥകളും 1,000ത്തിലധികം കുറ്റങ്ങളും കുറ്റകരമല്ലാത്തവയായി മാറ്റുകയും, 67 വ്യവസ്ഥകൾ ജനജീവിതം സുഗമമാക്കുന്നതിനായി ഭേദഗതി ചെയ്യുകയും ചെയ്തു.
ഇതേ ചിന്താഗതിയാണ് റെഗുലേറ്ററി കംപ്ലയൻസ് ബർഡൻ കുറയ്ക്കുന്നതിനുള്ള പദ്ധതിയിലും പ്രതിഫലിക്കുന്നത്. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 47,000ത്തിലധികം നിബന്ധനകൾ കുറച്ചിട്ടുണ്ട്. ഇതിൽ 16,108 എണ്ണം ലളിതമാക്കി, 22,287 എണ്ണം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി, 4,458 എണ്ണം കുറ്റകരമല്ലാത്തവയാക്കി, 4,270 അനാവശ്യ നിബന്ധനകൾ ഒഴിവാക്കി.
ഓരോന്നായി നോക്കുമ്പോൾ ഇവയിൽ ഓരോ പരിഷ്കാരവും ചെറുതായി തോന്നാം. എന്നാൽ ദശലക്ഷക്കണക്കിന് സ്ഥാപനങ്ങളെയും പൗരന്മാരെയും ബാധിക്കുമ്പോൾ, ഈ ചെറിയ കുറവുകൾ വലിയൊരു സാമ്പത്തിക നേട്ടമായി മാറുന്നു.
പൊതുസംഭരണ മേഖലയിലും ഇതേ തത്വം കാണാം. പരസ്പര ബന്ധങ്ങളിലും വ്യക്തിഗത ഇടപാടുകളിലും അധിഷ്ഠിതമായ, ചിതറിക്കിടന്നിരുന്ന പൊതുസംഭരണ രീതിയിൽ നിന്ന് കൂടുതൽ സുതാര്യമായ ഒരു ഡിജിറ്റൽ വിപണിയിലേക്കാണ് ജെം (GeM) മാറ്റം കൊണ്ടുവന്നത്. ഇവിടെ വാങ്ങുന്നവർക്ക് വിവിധ വിതരണക്കാരെ താരതമ്യം ചെയ്യാനും, വിൽപ്പനക്കാർക്ക് ഗവണ്മെന്‍റിന്‍റെ ആവശ്യകത നേരിട്ട് മനസിലാക്കാനും കഴിയും.
2026 ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം ജെമ്മിൽ 11.75 ലക്ഷം എംഎസ്എംഇകളും, 37,758 സ്റ്റാർട്ടപ്പുകളും, 2.17 ലക്ഷം വനിതാ സംരംഭകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025–26ൽ ഈ പ്ലാറ്റ്‌ഫോമിലൂടെയുള്ള എംഎസ്എംഇ സംഭരണം ₹2.37 ലക്ഷം കോടിയായി.
ഈ കണക്കുകൾ പ്രധാനമാണ്. കാരണം, ഗവണ്മെന്‍റ് ആവശ്യകതയിലേക്കുള്ള പ്രവേശനം തന്നെ വ്യാവസായിക നയ ഉപകരണമായി മാറാൻ കഴിയും. ചെറുകിട സ്ഥാപനങ്ങൾക്ക് ഗവണ്മെന്‍റ് ആവശ്യകത കാണാനും അതിനായി മത്സരിക്കാനും കഴിയുമ്പോൾ, ശേഷി, ഗുണനിലവാരം, പ്രവർത്തനവ്യാപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ശക്തമായ പ്രേരണ ലഭിക്കുന്നു.
പ്രവർത്തനക്ഷമതയും കൂടുതൽ കൂടുതൽ അളക്കാവുന്നതായി മാറുകയാണ്. 2026ൽ CPGRAMS പരാതികൾ പരിഹരിക്കുന്നതിനുള്ള നിശ്ചിത സമയപരിധി 30 ദിവസത്തിൽ നിന്ന് 21 ദിവസമായി കുറച്ചു. 2026 ജനുവരി 1 മുതൽ ജൂലൈ 15 വരെ ഈ പ്ലാറ്റ്‌ഫോമിൽ 15.21 ലക്ഷം പരാതികൾ ലഭിച്ചു. കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും പരാതികൾ പരിഹരിക്കാൻ ശരാശരി 13 ദിവസം മാത്രമാണ് എടുത്തത്.
ഇതിന്‍റെ തത്വം വളരെ ലളിതമാണ്: അളക്കാൻ കഴിയുന്നതിനെ നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും കഴിയും; കാണാൻ കഴിയുന്നതിനെ മെച്ചപ്പെടുത്താനും കഴിയും. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഴത്തിലുള്ള ഭരണ പരിവർത്തനം ഇതാണ്.
നേരിട്ട് സഹായം ലഭിക്കുന്ന കർഷകന് കൂടുതൽ ഉറപ്പോടെ ആസൂത്രണം ചെയ്യാൻ കഴിയും. അനാവശ്യ നിബന്ധനകൾ കുറയുന്ന സംരംഭകന് ബിസിനസ് വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഗവണ്മെന്‍റ് ആവശ്യകതയിലേക്ക് പ്രവേശനം ലഭിക്കുന്ന എംഎസ്എംഇക്ക് ഉത്പാദനശേഷിയിൽ നിക്ഷേപിക്കാം. പരാതി പിന്തുടരാനും അതിന്‍റെ പുരോഗതി അറിയാനും കഴിയുന്ന പൗരന് ഭരണ സംവിധാനത്തിൽ കൂടുതൽ വിശ്വാസം ഉണ്ടാകും. ഓരോ സാഹചര്യത്തിലും, ഭരണം ഗുണഭോക്താവിന്‍റെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നു. ദശലക്ഷക്കണക്കിന് പൗരന്മാരിലും സംരംഭകരിലും ഉദ്യോഗസ്ഥരിലും ഈ മാറ്റം ഉണ്ടാകുമ്പോൾ, അത് സാമ്പത്തിക നേട്ടമാകുന്നു.
പ്രധാനമന്ത്രി മോദിയുടെ ഭരണ മാതൃക കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റം സംസ്ഥാനം, പൗരൻ, സംരംഭകൻ, ഉദ്യോഗസ്ഥൻ എന്നിവർക്കിടയിൽ കൂടുതൽ ആസൂത്രിതമായി രൂപകൽപ്പന ചെയ്ത ഇടപെടൽ സംവിധാനം സൃഷ്ടിച്ചതാണ്. പൗരന്മാരിൽ വിശ്വാസം അർപ്പിക്കുന്ന ""ജൻ വിശ്വാസ്'' എന്ന ആശയത്തിലാണ് ഈ സംവിധാനം അധിഷ്ഠിതമായിരിക്കുന്നത്. വികസിത ഇന്ത്യ ലക്ഷ്യമാക്കി ഭരണത്തിന്‍റെ പുതിയ മാതൃകയായി പ്രധാനമന്ത്രി മോദി നിർവചിച്ചിരിക്കുന്ന ആശയമാണിത്.
ഇന്ത്യയുടെ വലിപ്പം ഒരുകാലത്ത് പ്രധാനമായും ഭരണപരമായ വെല്ലുവിളിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ വളർന്നുവരുന്ന ഭരണ സംവിധാനങ്ങൾ മറ്റൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്: പൊതുവായ ഡിജിറ്റൽ, സ്ഥാപന സംവിധാനങ്ങളിലൂടെ സേവനങ്ങളും വിപണികളും അവസരങ്ങളും ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ കഴിയുമ്പോൾ, ഇന്ത്യയുടെ വലിപ്പം നേട്ടമായി മാറാം.
ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടം മൂലധനം, അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയെ ആശ്രയിച്ചിരിക്കും. എന്നാൽ ഈ ഘടകങ്ങളെ എത്രത്തോളം ഫലപ്രദമായി ഒരുമിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് നിർണയിക്കുന്നത് ഭരണസംവിധാനമാണ്. അതുകൊണ്ടാണ് മോദി മാതൃകയിലുള്ള ഭരണം ഇനി വെറും ഭരണപരമായ പ്രവർത്തനം മാത്രമായി നിലനിൽക്കാത്തത്. ഇന്ത്യ വികസിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ച തുടരുമ്പോൾ, ഇത് സാമ്പത്തിക ആസ്തിയായും ഇന്ത്യയുടെ ഏറ്റവും ശക്തമായ മത്സരാധിഷ്ഠിത നേട്ടങ്ങളിലൊന്നായും മാറിക്കൊണ്ടിരിക്കുകയാണ്.
(നിതി ആയോഗ് അംഗവും കേന്ദ്ര ഗവൺമെന്‍റിന്‍റെ മുൻ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ലേഖകൻ.)