ക്യാൻസർ ചികിത്സാ മരുന്നുകൾ ഇനി താങ്ങാവുന്ന വിലയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 12 വർഷമായി നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ പരിഷ്കരണങ്ങളുടെ തുടർച്ചയാണ് ടിഎംആർ പദ്ധതി
Jagat Prakash Nadda

ജഗത് പ്രകാശ് നഡ്ഡ

Updated on: 

* രോഗബാധിതർക്ക് പ്രഥമ പരിഗണന

ജഗത് പ്രകാശ് നഡ്ഡ

"ക്യാൻസർ' എന്ന വാക്കിന് ഒരു കുടുംബത്തിന്‍റെ ജീവിതത്തെ ഒരു നിമിഷം കൊണ്ട് മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്. രോഗനിർണയ ആഘാതത്തിനപ്പുറം, ചികിത്സ, സാമ്പത്തിക ബാധ്യതകൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങി നിരവധി വെല്ലുവിളികളാണ് രോഗികൾക്കും പ്രിയപ്പെട്ടവർക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്. രോഗമുക്തിക്കായി എല്ലാ വിഭവങ്ങളും വിനിയോഗിക്കേണ്ട സമയത്ത്, മരുന്നുകൾക്കായുള്ള ചെലവ് മിക്ക കുടുംബങ്ങൾക്കും അധിക ഭാരമാണ്. അതിനാൽ, ചികിത്സയ്ക്കൊപ്പം അതു മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെയും അഭിസംബോധ ചെയ്യാൻ ആരോഗ്യ സംവിധാനത്തിന് കഴിയണം.

ഈ സാഹചര്യം കണക്കിലെടുത്ത്, എല്ലാവർക്കും താങ്ങാനാവുന്നതായി ക്യാൻസർ ചികിത്സയെ മാറ്റുന്നതിനുള്ള നടപടിയെന്ന നിലയിൽ, ഷെഡ്യൂൾ ചെയ്യപ്പെടാത്ത137 കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (Trade Margins) ഭാരത സർക്കാർ പുനർനിർണയിച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ഈ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി ചില്ലറ വിലയുടെ 30 ശതമാനമായി നിജപ്പെടുത്തി. പുതുക്കിയ വിലകൾ 9 മുതൽ പ്രാബല്യത്തിൽ വന്നു. ഈ നടപടിയുടെ ലക്ഷ്യം വ്യക്തമാണ്: ക്യാൻസർ മരുന്നുകൾ രോഗികൾക്ക് ന്യായമായ വിലയിൽ ലഭ്യമാക്കുക, അനാവശ്യമായ വിലവർധന തടയുക, വിതരണ ശൃംഖലയിലെ അമിത ലാഭവിഹിതം നിയന്ത്രിക്കുക.

ഈ തീരുമാനത്തിന്‍റെ ഗുണഫലങ്ങൾ ഫാർമസി കൗണ്ടറുകളിൽ ഇപ്പോൾ ദൃശ്യമാണ്. 137 മരുന്നുകളിൽ 121 എണ്ണത്തിലുൾപ്പെടുന്ന 1,366 ഉത്പന്നങ്ങളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപ്പനവില (എംആർപി) 80ലധികം ഔഷധ നിർമാതാക്കൾ പ്രഖ്യാപിച്ചു. ഇതിൽ 80 ശതമാനത്തിലധികം ഉത്പന്നങ്ങളുടെയും വില കുറഞ്ഞു. പകുതിയോളം ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലധികം വിലക്കുറവ് ലഭിച്ചപ്പോൾ, ചില മരുന്നുകളുടെ വിലയിൽ 96 ശതമാനത്തിലധികം കുറവുണ്ടായി. ദീർഘകാലം കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയരാകേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ഇത് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ മരുന്നുകളുടെ ഉപഭോഗക്കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ വിലനിയന്ത്രണത്തിലൂടെ രോഗികൾക്കും കുടുംബങ്ങൾക്കും പ്രതിവർഷം ഏകദേശം 3,500 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മുൻകാല അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ഈ തീരുമാനം നടപ്പാക്കുന്നത്. 2019ൽ ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതും എന്നാൽ നിയന്ത്രിത വിലപ്പട്ടികയിൽ (Scheduled Drugs) ഉൾപ്പെടാത്തതുമായ 42 മരുന്നുകളെ ഉൾപ്പെടുത്തി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി "ട്രേഡ് മാർജിൻ റാഷണലൈസേഷൻ' എന്ന പരീക്ഷണ പദ്ധതി നടപ്പാക്കിയിരുന്നു. ഈ ഇടപെടലിലൂടെ 526 ബ്രാൻഡുകളിലുള്ള മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പനവിലയിൽ 90 ശതമാനം വരെ കുറവ് വരുത്താൻ സാധിച്ചു. നിലവിലെ നടപടിയിലൂടെ, ഈ രീതി കൂടുതൽ വിപുലീകരിച്ച് 137 മരുന്നുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പ്രമുഖ ഓങ്കോളജിസ്റ്റുകൾ (കാൻസർ രോഗവിദഗ്ധർ), മറ്റ് ആരോഗ്യ വിദഗ്ധർ, ആശുപത്രി മേഖലയിലെ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മരുന്നുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടിക കാലാകാലങ്ങളിൽ പുനഃപരിശോധിക്കുകയും പുതുക്കുകയും ചെയ്യും.

വിപണിയിൽ ലഭ്യമാണെങ്കിലും, ഒരു രോഗിക്ക് വാങ്ങാൻ കഴിയാത്ത മരുന്നുകൾ കൊണ്ട് യഥാർഥത്തിൽ ഒരു പ്രയോജനവുമില്ല. 1955ലെ അവശ്യസാധന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച "ഡ്രഗ്സ് (പ്രൈസസ് കൺട്രോൾ) ഓർഡർ- 2013' പ്രകാരം മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള ചുമതല നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റിക്കാണ്. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾക്ക് പരമാവധി വില നിശ്ചയിക്കുന്നതിനൊപ്പം, പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വാർഷിക വിലവർധനയും നിരീക്ഷിച്ചുവരുന്നു. വിപണിവിവരങ്ങളുടെ വിശകലനത്തിൽനിന്ന് ഒരു പ്രധാന വസ്തുത വ്യക്തമായിട്ടുണ്ട്: പട്ടികയിൽപ്പെടാത്ത ചില മരുന്നുകളുടെ കാര്യത്തിൽ, പ്രത്യേകിച്ച് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളിൽ, നിർമാതാക്കൾ നിശ്ചയിക്കുന്ന ഫാക്റ്ററി വിലയും ഉപഭോക്താവ് നൽകേണ്ടിവരുന്ന ചില്ലറ വിൽപ്പനവിലയും തമ്മിൽ വലിയ അന്തരമുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് സർക്കാർ നിർണായകമായ ഇടപെടൽ നടത്തിയത്. അമിതമായ വ്യാപാര ലാഭവിഹിതം നിയന്ത്രിക്കുന്നതിലൂടെ രോഗികൾക്ക് ന്യായ വിലയിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി, നിർദിഷ്ട കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി ചില്ലറ വിൽപ്പനവിലയുടെ 30 ശതമാനമായി നിജപ്പെടുത്തി.

പുതുക്കിയ വിലകൾ രാജ്യത്തെ എല്ലാ ഫാർമസികളിലും ആശുപത്രികളിലും സമയബന്ധിതമായി നടപ്പാക്കുക എന്നത് മരുന്നു നിർമാതാക്കളുടെ ഉത്തരവാദിത്തമാണ്. ഫാർമസികളും ആശുപത്രികളും പുതുക്കിയ വിലകൾ പ്രദർശിപ്പിക്കുകയും അവ കർശനമായി പാലിക്കുകയും വേണം. രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും മരുന്നുകളുടെ പുതുക്കിയ വിലകൾ എൻപിപിഎയുടെ വെബ്‌സൈറ്റിലൂടെയോ "ഫാർമ സഹി ദാം' മൊബൈൽ ആപ്പിലൂടെയോ പരിശോധിക്കാം. പരമാവധി വിലയേക്കാൾ കൂടുതൽ തുക ഏതെങ്കിലും ഫാർമസിയോ ആശുപത്രിയോ ഈടാക്കുന്നുണ്ടെങ്കിൽ, അത്തരം ക്രമക്കേടുകൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം, പരാതിപ്പെടാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 12 വർഷമായി നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ പരിഷ്കരണങ്ങളുടെ തുടർച്ചയായാണ് ടിഎംആർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ഈ സമീപനത്തിൽ മുൻഗണന നൽകുന്നത്. ഈ ലക്ഷ്യത്തോടെ നടപ്പാക്കിയ 'ആയുഷ്മാൻ ഭാരത്' പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

ക്യാൻസറിനെ പ്രതിരോധിക്കുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക, സമയബന്ധിത ചികിത്സ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് ബഹുമുഖ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. നാഷണൽ ഹെൽത്ത് മിഷന്‍റെ കീഴിൽ നടപ്പാക്കുന്ന "നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ- കമ്മ്യൂണിക്കബിൾ ഡിസീസസ്' പദ്ധതിയുടെ ഭാഗമായി, കീമോ തെറാപ്പിയും അനുബന്ധ ഓങ്കോളജി സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളം 500ലധികം ഡേ- കെയർ ക്യാൻസർ സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം, ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ മുഖേന 30 വയസിന് മുകളിലുള്ള പൗരന്മാർക്ക് സാധാരണയായി കണ്ടുവരുന്ന ക്യാൻസറുകൾക്കായി സൗജന്യ പരിശോധനകളും (സ്ക്രീനിങ്) ലഭ്യമാക്കുന്നു.

തൃതീയതല ചികിത്സാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമഗ്രമായ ക്യാൻസർ ചികിത്സ ലഭ്യമാക്കാനും ടാറ്റാ മെമ്മോറിയൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ വാരണാസി, വിശാഖപട്ടണം, ന്യൂ ചണ്ഡീഗഡ്, ഗുവാഹത്തി, സങ്രൂർ, മുസാഫർപുർ എന്നിവിടങ്ങളിലായി 6 ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. രോഗനിർണയം, മെഡിക്കൽ, ശസ്ത്രക്രിയാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ക്യാൻസർ ചികിത്സാ സേവനങ്ങൾ പുതുതായി ആരംഭിച്ച 22 എയിംസ് ആശുപത്രികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജനയിലൂടെ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു. ഇതിനു പുറമെ, ജീവൻരക്ഷാ മരുന്നുകളും അവശ്യ മരുന്നുകളും വിപണിവിലയേക്കാൾ 50 മുതൽ 90 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി "അമൃത്' ഫാർമസികളും ആരംഭിച്ചിട്ടുണ്ട്. ചികിത്സാച്ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി, കാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കാവശ്യമായ 36 ജീവൻരക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഈ നടപടികളുടെ തുടർച്ചയായാണ് കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം യുക്തിസഹമായി നിയന്ത്രിക്കാനുള്ള പുതിയ തീരുമാനവും.

മരുന്നുകളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതായി നിലനിർത്തുന്നതിനൊപ്പം, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്‍റെ ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കേണ്ടതുണ്ടെ് ടിഎംആർ പദ്ധതി തിരിച്ചറിയുന്നു. ഇന്ത്യയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ആഗോളതലത്തിൽ മരുന്നുകളുടെ പ്രധാന വിതരണശക്തിയായി രാജ്യത്തിന്‍റെ സ്ഥാനം നിലനിർത്തുന്നതിലും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖല നിർണായക പങ്കുവഹിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പുതിയ വിലനിയന്ത്രണം മരുന്നുകളുടെ വിതരണ ശൃംഖലയിലെ വ്യാപാര ലാഭവിഹിതത്തിന് മാത്രമാണ് ബാധകമാകുന്നത്. മരുന്ന് നിർമാതാക്കൾ നിശ്ചയിക്കുന്ന വിൽപ്പനവിലയിൽ ഈ നടപടി മാറ്റമൊന്നും വരുത്തുന്നില്ല. അതിനാൽ, നിർമാതാക്കളുടെ ന്യായമായ വരുമാനം സംരക്ഷിക്കപ്പെടുന്നതിനൊപ്പം, ഗവേഷണം, വികസനം, നൂതന സാങ്കേതികവിദ്യകൾ എന്നിവയിലെ നിക്ഷേപം തുടരുന്നതിനുള്ള അവരുടെ സാമ്പത്തിക ശേഷിക്കും തടസമുണ്ടാകുന്നില്ല.