സ്ഥല പരാസൂത്രണത്തിലൂടെ വികസിത കേരളം

എല്ലാ വർഷവും നവംബർ 8 ലോക നഗരാസൂത്രണ ദിനമായി ആചരിക്കുന്നു
A Developed Kerala Through Spatial Planning special story by minister k.m. shaji

സ്ഥല പരാസൂത്രണത്തിലൂടെ വികസിത കേരളം

പ്രതീകാത്മക ചിത്രം- എഐ

Updated on: 

കെ. എം. ഷാജി

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

വികസനത്തിന്‍റെ പുതിയ സാധ്യതകളും വെല്ലുവിളികളും ഒരുപോലെ അഭിമുഖീകരിക്കുന്ന നിർണായക ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. മാറിവരുന്ന നഗരവത്കരണ പ്രക്രിയകൾ, വർധിച്ചുവരുന്ന അടിസ്ഥാനസൗകര്യ ആവശ്യങ്ങൾ, പുതിയ സാമ്പത്തിക സാധ്യതകൾ, കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വെല്ലുവിളികളും വികസന സമീപനത്തിൽ സമഗ്രമായ മാറ്റം ആവശ്യപ്പെടുന്നു. വികസനം കേവലം പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും ആകെത്തുകയല്ല. മറിച്ച്, നമ്മുടെ ഭൂമിയും വിഭവങ്ങളും ജനവാസ കേന്ദ്രങ്ങളും എങ്ങനെ വിനിയോഗിക്കപ്പെടണം എന്നതിനെക്കുറിച്ചുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളുടെ തുടർച്ചയാണ്. ഈ സാഹചര്യത്തിലാണ് സ്ഥല പരാസൂത്രണത്തിന്‍റെ പ്രസക്തി വർധിക്കുന്നത്.

എല്ലാ വർഷവും നവംബർ 8 ലോക നഗരാസൂത്രണ ദിനമായി ആചരിക്കുന്നു. മികച്ച ജീവിത സാഹചര്യങ്ങളും സുസ്ഥിര ജനവാസ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിൽ ആസൂത്രണത്തിനുള്ള നിർണായക പങ്ക് ഓർമിപ്പിക്കുന്ന ദിനമാണിത്. ഈ വർഷത്തെ ആഘോഷത്തിന്‍റെ സന്ദേശമായ "ആസൂത്രണത്തിലൂടെയാണ് മികച്ച സമൂഹങ്ങൾ രൂപപ്പെടുന്നത് ' (Great Communities Are Built on Planning) എന്നത് കേരളത്തിന്‍റെ വികസന കാഴ്ചപ്പാടിനോടും ഏറെ ചേർന്നുനിൽക്കുന്നു. സാമ്പത്തികമായി ഊർജസ്വലവും സാമൂഹികമായി ഉൾക്കൊള്ളുന്നതും പരിസ്ഥിതി സൗഹൃദവും ഭാവി വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ സമൂഹങ്ങളെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം.

കേരളത്തിന്‍റെ നഗരവത്കരണ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഗ്രാമ- നഗര വ്യത്യാസങ്ങൾ നേർത്തുവരുന്ന, തുടർച്ചയായ ജനവാസ മേഖലകളാൽ രൂപപ്പെട്ട സവിശേഷമായ നഗരവൽക്കരണ മാതൃകയാണ് കേരളത്തിലുള്ളത്. നഗരങ്ങളുടെ അതിർത്തികൾക്കപ്പുറം വ്യാപിക്കുന്ന വികസനം, നഗരപരിസര മേഖലകളുടെ (Peri-urban Areas) വളർച്ച, സാമ്പത്തിക ഇടനാഴികളുടെ രൂപീകരണം, ഗതാഗത ആവശ്യങ്ങളിലെ വർധന, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവ പരമ്പരാഗത നഗര- ഗ്രാമ വികസന സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ആസൂത്രണ സമീപനം ആവശ്യപ്പെടുന്നു. ഇതിനൊപ്പം പ്രളയം, ഉരുൾപൊട്ടൽ, തീരശോഷണം, പരിസ്ഥിതി നാശം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം തുടങ്ങിയ വെല്ലുവിളികളും നാം നേരിടുന്നു. ഇവയെല്ലാം വികസനത്തെ സമഗ്രമായ സ്ഥല പരിപ്രേക്ഷ്യത്തിൽ കാണേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ സ്ഥല പരാസൂത്രണം കേവലം ഭൂവിനിയോഗം നിയന്ത്രിക്കുന്നതിനുള്ള ഉപാധിയല്ല; സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും പരിസ്ഥിതി സംരക്ഷണത്തിനും വഴിയൊരുക്കുന്ന വികസന തന്ത്രമാണ്. ഒരു പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ സവിശേഷതകൾ വിലയിരുത്തി ഭാവി വികസനത്തിന് അനുയോജ്യമായ ദിശാബോധം നൽകുകയാണ് സ്ഥല പരാസൂത്രണം ചെയ്യുന്നത്. ഭൂവിനിയോഗം, ഗതാഗതം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, വാണിജ്യം, പരിസ്ഥിതി സംരക്ഷണം, ദുരന്തസാധ്യതാ ലഘൂകരണം എന്നിവയെ പരസ്പരം ബന്ധപ്പെടുത്തി വികസനത്തിന് ഏകീകൃത ചട്ടക്കൂട് ഒരുക്കാൻ ഇതിലൂടെ സാധിക്കുന്നു.

കേരളത്തിന്‍റെ സാമ്പത്തിക പരിവർത്തനത്തിൽ സ്ഥല പരാസൂത്രണത്തിന് നിർണായക പങ്കുവഹിക്കാനാകും. പുതിയ വികസന കേന്ദ്രങ്ങൾ കണ്ടെത്തുക, സാമ്പത്തിക ഇടനാഴികൾ ശക്തിപ്പെടുത്തുക, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പൊതുഗതാഗതം അടിസ്ഥാനമാക്കിയുള്ള വികസനം പ്രോത്സാഹിപ്പിക്കുക, ചെറു പട്ടണങ്ങളുടെയും വളർന്നു വരുന്ന നഗര കേന്ദ്രങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയവയിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടാം. പ്രധാന നഗരങ്ങളിലെ അമിത കേന്ദ്രീകരണം കുറച്ച് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ കൂടുതൽ സമതുലിതമായ വികസനം ഉറപ്പാക്കാനും ആസൂത്രിതമായ ഇടപെടലുകൾ സഹായിക്കും.

സർക്കാരിന്‍റെ വികസന കാഴ്ചപ്പാടിൽ പ്രധാന സ്ഥാനമുള്ള അർബൻ ഗ്രോത്ത് മിഷൻ (Urban Growth Mission), അർബൻ ചലഞ്ച് ഫണ്ട് (Urban Challenge Fund) തുടങ്ങിയ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തിനും സമഗ്രമായ സ്ഥല പരാസൂത്രണം അനിവാര്യമാണ്. ജലവിതരണം, ശുചിത്വം, ഭവനനിർമാണം, ഗതാഗതം, പൊതു സ്ഥലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപങ്ങൾ ഭാവിയിലെ നഗര വളർച്ചയും ജനങ്ങളുടെ ആവശ്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കണം. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊതുനിക്ഷേപങ്ങളുടെ പരമാവധി പ്രയോജനം ഉറപ്പാക്കാൻ സ്ഥല പരാസൂത്രണത്തിലൂടെ കഴിയും.

വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ട്. പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഉൾപ്പെടെയുള്ള ദുരന്താനുഭവങ്ങൾ ഓരോ പ്രദേശത്തിന്‍റെയും പാരിസ്ഥിതിക സവിശേഷതകളും ദുരന്തസാധ്യതകളും മനസിലാക്കിയുള്ള വികസന തീരുമാനങ്ങളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നദീതടങ്ങൾ, നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, വനമേഖലകൾ, തീരപ്രദേശങ്ങൾ, പരിസ്ഥിതിലോല മേഖലകൾ എന്നിവയുടെ സംരക്ഷണം വികസന ആസൂത്രണത്തിന്‍റെ അവിഭാജ്യ ഘടകമാകണം. ദുരന്ത സാധ്യതകൾ പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനുകളും പ്രാദേശിക വികസന പദ്ധതികളും സുരക്ഷിതമായ വികസന മേഖലകൾ കണ്ടെത്തുന്നതിനും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ഇടപെടലുകൾ നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഫലപ്രദമായ സ്ഥല പരാസൂത്രണത്തിന് വിശ്വസനീയമായ വിവരശേഖരവും ആധുനിക സാങ്കേതികവിദ്യയും സ്ഥാപനതലത്തിലുള്ള ശേഷിയും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ആവശ്യമാണ്. ഭൂമിശാസ്ത്ര വിവര സംവിധാനം (GIS), റിമോട്ട് സെൻസിങ്, ഡിജിറ്റൽ മാപ്പിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ വിവരാധിഷ്ഠിത ആസൂത്രണത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ദീർഘവീക്ഷണമുള്ള സ്ഥല പരാസൂത്രണ ചട്ടക്കൂടുകൾ, ജില്ലാ നഗരവത്കരണ റിപ്പോർട്ടുകളുടെ പുതുക്കൽ, ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാനുകളുടെ തയാറാക്കൽ, പ്രാദേശിക സ്ഥലവികസന തന്ത്രങ്ങളുടെ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ കേരളത്തിന്‍റെ സമഗ്രമായ സ്ഥല പരാസൂത്രണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പുകളാണ്.

എന്നാൽ ആസൂത്രണം വിദഗ്ധർ തയാറാക്കുന്ന സാങ്കേതിക രേഖകളിൽ മാത്രം ഒതുങ്ങേണ്ടതല്ല. തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ, പ്രൊഫഷണൽ സംഘടനകൾ, വ്യവസായ മേഖല, സിവിൽ സമൂഹം, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ മുന്നോട്ടുപോകേണ്ട ജനകീയ പ്രക്രിയയാണത്. വിശാലമായ വികസന കാഴ്ചപ്പാടുകളെ പ്രാദേശിക തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. ജനപങ്കാളിത്തം, സുതാര്യത, വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള ആസൂത്രണമാണ് ദീർഘകാലാടിസ്ഥാനത്തിൽ വിജയകരമാകുക.

അതോടൊപ്പം പ്രൊഫഷണൽ ആസൂത്രണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും എല്ലാ തലങ്ങളിലും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുകയും വേണം. ഭാവിയിലെ വികസന സാധ്യതകൾ മുൻകൂട്ടി കാണാനും വിവിധ മേഖലകളിലെ നിക്ഷേപങ്ങൾക്ക് ദിശാബോധം നൽകാനും വികസന പ്രവർത്തനങ്ങൾ പൊതുതാത്പര്യവും പാരിസ്ഥിതിക മൂല്യങ്ങളും സംരക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകാനും ശേഷിയുള്ള ശക്തമായ ആസൂത്രണ സംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

2047ഓടെ വികസിതവും സമൃദ്ധവുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ സ്ഥല പരാസൂത്രണം നമ്മുടെ ഭരണ- വികസന നയങ്ങളുടെ അവിഭാജ്യ ഘടകമായി മാറേണ്ടതുണ്ട്. പദ്ധതികേന്ദ്രീതമായ ഇടപെടലുകളിൽ നിന്ന് പ്രദേശ കേന്ദ്രിത വികസനത്തിലേക്കും, ഒറ്റപ്പെട്ട മേഖലാ തീരുമാനങ്ങളിൽനിന്ന് ഏകീകൃത ആസൂത്രണത്തിലേക്കും, പ്രശ്നങ്ങൾ ഉണ്ടായശേഷമുള്ള പ്രതികരണങ്ങളിൽ നിന്ന് ഭാവിയെ മുൻകൂട്ടി കണ്ടുള്ള ഇടപെടലുകളിലേക്കും മാറണം.

ലോക നഗരാസൂത്രണ ദിനം ഒരു പ്രൊഫഷണൽ വിഭാഗത്തിന്‍റെ മാത്രം ആഘോഷമല്ല. മികച്ച ജനവാസ കേന്ദ്രങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഭാവി തലമുറകൾക്കായി സൃഷ്ടിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തം പുതുക്കിയുറപ്പിക്കാനുള്ള അവസരമാണിത്.

മികച്ച സമൂഹങ്ങൾ യാദൃച്ഛികമായി രൂപപ്പെടുന്നതല്ല; ദീർഘവീക്ഷണമുള്ള ആസൂത്രണത്തിലൂടെയും കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെയുമാണ് അവ കെട്ടിപ്പടുക്കപ്പെടുന്നത്. സമൃദ്ധവും ഉൾക്കൊള്ളുന്നതും ദുരന്തപ്രതിരോധ ശേഷിയുള്ളതും സുസ്ഥിരവുമായ കേരളത്തെ വാർത്തെടുക്കുന്നതിൽ സ്ഥല പരാസൂത്രണത്തെ വികസനത്തിന്‍റെ ശക്തമായ ചാലക ശക്തിയാക്കാം.