'സൂപ്പർ' അലക്സാണ്ടർ

'പുരുഷപ്രേതം' എന്നി സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച പ്രശാന്ത് അലക്സാണ്ടറുമായി മെട്രൊ വാർത്ത പ്രതിനിധി നടത്തിയ അഭിമുഖം.
'സൂപ്പർ' അലക്സാണ്ടർ

പ്രശാന്ത് അലക്സാണ്ടർ | പി.ജി.എസ്. സൂരജ്

വലിയ ആരവങ്ങളും ഹിറ്റുകളും ഹീറോ പരിവേഷവുമൊന്നുമില്ലാതെ കടന്നു പോയ ഇരുപത്തിരണ്ടു വർഷം... അതിനൊടുവിൽ ആരും കൊതിക്കുന്നൊരു പുത്തൻ സിംഹാസനത്തിലേക്കാണ് മലയാള സിനിമ പ്രശാന്ത് അലക്സാണ്ടറെന്ന നടനെ ആനയിച്ചിരുത്തിയത്. കണ്ടു ശീലിച്ചതിൽ നിന്ന് മാറി നിഷ്കളങ്കതയും ക്രൗര്യവും കുബുദ്ധിയും നിസ്സഹായതയും വാശിയും തോൽവികളുമെല്ലാം മിന്നിമിന്നിത്തെളിഞ്ഞ പ്രശാന്തിന്‍റെ പുതിയ മുഖം ഒരു തരത്തിൽ മലയാളികളെ അമ്പരപ്പിച്ചുവെന്നു വേണം പറയാൻ. പുരുഷപ്രേതം എന്ന സിനിമയിലെ, ഉള്ളതും ഇല്ലാത്തതും എല്ലാം ചേർത്ത് കഥകൾ മെനയുന്ന എസ്ഐ 'സൂപ്പർ' സെബാസ്റ്റ്യനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇനിയും അവസാനിച്ചിട്ടില്ല. പ്രേക്ഷകരുടെ ഹൃദയം കവർന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് പ്രശാന്ത് അലക്സാണ്ടർ. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ മുതൽ പുരുഷപ്രേതം വരെയുള്ള സിനിമാക്കാലത്തെക്കുറിച്ച് പ്രശാന്ത് മെട്രൊ വാർത്തയോടു സംസാരിക്കുന്നു.

പുരുഷപ്രേതം എന്ന സിനിമയിലേക്കുള്ള യാത്രയെക്കുറിച്ച് പറയാമോ?

കൃഷാന്ത് എന്ന സംവിധായകന്‍റെ മൂന്നാമത്തെ സിനിമയാണ് പുരുഷപ്രേതം. ഒരു വെബ് സീരീസിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ കൃഷാന്തിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കൃഷാന്ത് ആദ്യമായി സംവിധാനം നിര്‍വഹിച്ച 'വൃത്താകൃതിയിലുള്ള ചതുരം' എന്ന സിനിമയില്‍ അഭിനയിച്ചു. അവിടെ വച്ചാണ് കൃഷാന്തുമായി ദൃഢമായ ഒരു സൗഹൃദം ഉണ്ടാകുന്നത്. വൈവിധ്യമാർന്നൊരു ആഖ്യാനത്തിലൂന്നിയാണ് കൃഷാന്ത് തന്‍റെ എല്ലാ സിനിമകളും ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ചതുരം കഴിഞ്ഞതിനു ശേഷം എന്നെ പ്രധാന കഥാപാത്രമാക്കി ഒരു മുഴുനീള സിനിമ ചെയ്യണമെന്ന് കൃഷാന്ത് പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും എന്നെ നായകനാക്കി ഒരു സിനിമ എന്നൊക്കെ പറയുമ്പോള്‍ അതിന്‍റെ വിപണന സാധ്യതകളെക്കുറിച്ച് കൂടി ആലോചിക്കണമല്ലോ.

എന്നാല്‍, കൃഷാന്തിന്‍റെ ഒരു മേക്കിങ് പ്രോസസ് അനുസരിച്ച് വളരെ ചെലവ് കുറച്ച് ചിലപ്പോള്‍ എടുക്കാന്‍ കഴിയുമായിരിക്കും എന്ന് തോന്നി. ഒരു പത്തോ പതിനഞ്ചോ ലക്ഷം രൂപയൊക്കെ ഞാന്‍ വിചാരിച്ചാലും എങ്ങനെയെങ്കിലും സംഘടിപ്പിക്കാമല്ലോ എന്നു കരുതി. എന്നാല്‍, ഇത് കുറച്ചുകൂടി വലിയൊരു ക്യാന്‍വാസില്‍ പറയേണ്ട സിനിമയാണെന്ന് കൃഷാന്ത് പറഞ്ഞു. എന്നെ വച്ച് ഒരു വലിയ ബജറ്റ് പടം എന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അയാളെ നിരുത്സാഹപ്പെടുത്തി. പക്ഷേ, കൃഷാന്തിന്‍റെ കഥ കേട്ടപ്പോള്‍ എനിക്ക് ത്രില്ലടിച്ചു. ഒരു നിർമാതാവിനെ കിട്ടാൻ ഒരു വര്‍ഷം വരെ നമുക്ക് ശ്രമിക്കാം എന്ന് കൃഷാന്ത് പറഞ്ഞു.

2019 ലാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. ഈ പറഞ്ഞ ഒരു വര്‍ഷത്തെ കാലയളവ്‌ തീരാന്‍ മൂന്നു മാസമുള്ളപ്പോള്‍ കൊവിഡ് വന്നു. പിന്നെ രണ്ട് വര്‍ഷം കൊവിഡ് കൊണ്ടു പോയി. ഈ രണ്ട് വര്‍ഷം കൊണ്ട് മലയാള സിനിമയുടെ രീതികളെല്ലാം മാറിയിരുന്നു. എന്നെപ്പോലെയുള്ള നടന്മാരെ വച്ചുള്ള സിനിമകള്‍ സംഭവിച്ചു തുടങ്ങി. 'ഓപ്പറേഷന്‍ ജാവ' റിലീസായ ശേഷം ഒരു നടന്‍ എന്ന നിലയില്‍ എന്നെയും കുറച്ചുകൂടി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി. അപ്പോഴെല്ലാം നമ്മള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടേയിരുന്നു. എന്നാല്‍, ഒരു നിര്‍മാതാവിനെ മാത്രം അപ്പോഴും കിട്ടിയില്ല.

ഒടുവില്‍ ഞാന്‍ തന്നെ ഇതിന്‍റെ നിർമാണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍, വലിയ തുകയാണ് വേണ്ടത്. എനിക്ക് ഒറ്റയ്ക്ക് അത് സംഘടിപ്പിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. എങ്കിലും ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചു. അങ്ങനെ സുഹൃത്തായ ജിയോ ബേബിയെ കണ്ട് കാര്യം അവതരിപ്പിച്ചു. ജിയോ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ജിയോ ഇതിലൊരു പങ്കാളിയാവാമെന്നു സമ്മതിച്ചു. എന്‍റെ മറ്റൊരു സുഹൃത്തായ ഐന്‍സ്റ്റൈനും ഇതില്‍ നിര്‍മാണ പങ്കാളിയാകാമെന്നേറ്റു. അങ്ങനെയാണ് സിനിമ ആരംഭിക്കുന്നത്.

22 വർഷമായി പ്രശാന്ത് മലയാള സിനിമയുടെ ഭാഗമാകാൻ തുടങ്ങിയിട്ട്. ഇക്കാലത്തിനിടയിൽ പല പ്രതിസന്ധികളിലൂടെയും കടന്നുപോയി. ഒരിക്കലെങ്കിലും സിനിമയെ ഉപേക്ഷിക്കണമെന്നു തോന്നിയിട്ടുണ്ടോ?

സിനിമയിലൂടെയോ ടെലിവിഷനിലൂടെയൊ എനിക്ക് ജീവിക്കാന്‍ കഴിയും എന്നുറപ്പുണ്ടായിരുന്നു. ഞാന്‍ പഠിച്ചത് മീഡിയ കമ്മ്യൂണിക്കേഷനാണ്. ഇതല്ലാതെ മറ്റൊരു ജോലിയും എനിക്കു ചെയ്യാന്‍ കഴിയില്ലെന്നു ഞാന്‍ തന്നെ തീരുമാനിച്ചതാണ്. ടെലിവിഷനിലൂടെ വന്ന് സിനിമയില്‍ സജീവമാകാന്‍ തന്നെയായിരുന്നു ഉദ്ദേശ്യം. ടെലിവിഷന്‍റെ വളര്‍ച്ചയ്ക്ക് ചിലപ്പോള്‍ ഒരവസാനമുണ്ടായേക്കാം, എന്നാല്‍, സിനിമയ്ക്ക് അങ്ങനെ സംഭവിക്കില്ല. നമുക്ക് എത്രകാലം വേണമെങ്കിലും അഭിനയിക്കാം. ഓരോ നിമിഷവും സിനിമ മാറിക്കൊണ്ടേയിരിക്കുന്നു.

ഇപ്പോഴും സിനിമയില്‍ എവിടെയെങ്കിലും എത്തിയെന്നു പറയാറായിട്ടില്ല. ഇനിയും എത്രയോ കാലം മുന്നോട്ട് കിടക്കുന്നു. തിരുവല്ലയാണ് എന്‍റെ സ്വദേശം. തിരുവല്ലയില്‍ നിന്ന് ഞാന്‍ എറണാകുളത്തേയ്ക്ക് ട്രെയിനില്‍ കയറുമ്പോള്‍ ട്രെയിനിന് അകത്തു നിന്ന് മുന്നോട്ട് ഓടിയിട്ടു കാര്യമില്ലല്ലോ. ട്രെയിന്‍ എറണാകുളത്ത് എത്തുമ്പോഴേ ഞാനും എറണാകുളത്തെത്തൂ. അതുപോലെ, സ്വപ്നം കണ്ട ഉയരങ്ങളില്‍ ഞാന്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, വന്ന വഴികളില്‍ ചില കഷ്ടപ്പാടൊക്കെ ഉണ്ടായിരുന്നതായി തോന്നുന്നുണ്ട്. ഒരുകാലത്ത് ഞാന്‍ വളരെ നെഗറ്റീവ് ആയിരുന്നു. എന്‍റെ ചുറ്റുമുള്ളവരെയും ഞാന്‍ നെഗറ്റീവാക്കും. കുറേ പരിശ്രമിച്ചു കഴിഞ്ഞ ശേഷവും റിസൽറ്റ് ഇല്ലാതെ വരുമ്പോള്‍ നമ്മളെല്ലാവരും നെഗറ്റിവ് ആയിപ്പോകുമല്ലോ. എന്നാല്‍, ഇന്ന് ഞാന്‍ എല്ലാകാര്യങ്ങളെയും പോസിറ്റീവായി മാത്രം നോക്കിക്കാണുന്ന ആളാണ്‌.

ക്രിസ്ത്യന്‍ പുരോഹിതനായിരുന്ന പിതാവിന്‍റെ പ്രോത്സാഹനം പ്രശാന്തിന്‍റെ കലാജീവിതത്തെ ഏറെ സഹായിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് പറയാമോ?

പപ്പ ഇന്ന് ജീവിച്ചിരിപ്പില്ല. പുരോഹിതനായിരുന്നെങ്കിലും പപ്പ ഒരു വിപ്ലവകാരിയെപ്പോലെയായിരുന്നു. പ്രത്യേകിച്ചൊരു ചിട്ടയിലൊന്നുമല്ല എന്നെ വളര്‍ത്തിയത്‌. ഞാന്‍ സ്കൂള്‍ കാലം മുതല്‍ തന്നെ കലാപരിപാടികളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. എന്നിലെ കലാഭിരുചികള്‍ക്കെല്ലാം പപ്പ വലിയ പ്രോത്സാഹനമാണു നല്‍കിയിരുന്നത്. ഡിഗ്രി ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് അന്നത്തെ ഒരു ട്രെന്‍ഡ് അനുസരിച്ച് ഞാന്‍ എംബിഎയ്ക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായായിരുന്നു. അപ്പോള്‍ പപ്പയാണ്‌ പറഞ്ഞത്, എടാ നീ കലാകാരനല്ലേ കലാപരമായ എന്തെങ്കിലും പഠിക്കാന്‍ പോകാന്‍. അങ്ങനെയാണ് ഞാന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ പോകുന്നത്. അങ്ങനെയുള്ള ഒരു പിതാവിന്‍റെ മകനായിട്ട് വളര്‍ന്നതുകൊണ്ട് എനിക്ക് ഗുണങ്ങളേ ഉണ്ടായിട്ടുള്ളൂ.

ഞാന്‍ ആദ്യമായി ഒരു നെഗറ്റീവ് വേഷം ചെയ്യുന്ന സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്. ആ സിനിമ ഒറ്റയ്ക്ക് പപ്പ കോട്ടയത്ത്‌ പോയാണ് കണ്ടത്. ഞാന്‍ രാത്രി വീട്ടില്‍ വന്നപ്പോള്‍ പപ്പ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. വലുതായ ശേഷം എനിക്ക് പപ്പയുടെ അടുത്ത് നിന്ന് കിട്ടുന്ന ആദ്യത്തെ ഉമ്മയായിരുന്നു അത്. പപ്പ മരിക്കുന്ന സമയത്ത് എനിക്കാകെയുള്ള വിഷമം, ഞാന്‍ ഒന്നും ആയില്ലല്ലോ എന്നായിരുന്നു. അതായിരുന്നു എന്‍റെ കലാജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ച സമയം. പുരുഷപ്രേതം പോലുള്ള സിനിമകളില്‍ ഞാന്‍ ഭാഗമായതു തന്നെ പപ്പയുടെ അനുഗ്രഹമുള്ളതുകൊണ്ടു മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരു നടനെ സംബന്ധിച്ചിടത്തോളം സെല്‍ഫ് മാര്‍ക്കറ്റിങ് ഏറെ പ്രധാനമാണെന്ന് കരുതുന്ന ഒരു കാലഘട്ടമാണിത്. ഇക്കാര്യത്തിൽ എന്താണ് പ്രശാന്തിന്‍റെ നിലപാട്?

സിനിമ ഒരു പ്രോഡക്റ്റ് ആണല്ലോ. അതുകൊണ്ട് തന്നെ സിനിമയുടെ ഭാഗമായി നില്‍ക്കുന്ന അഭിനേതാക്കളും പ്രോഡക്റ്റുകള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മാര്‍ക്കറ്റിങ് കൃത്യമായി തന്നെ നടത്തണം. ഒരു നടനായാലും സിനിമയ്ക്കായാലും മാര്‍ക്കറ്റിങ് വളരെ അത്യാവശ്യമാണ്. ഓരോ മാസവും നിരവധി സിനിമകളാണ് റിലീസാകുന്നത്. റിലീസാകുന്നതിനു മുന്‍പ് തന്നെ ഈ സിനിമ കാണണം എന്ന് പ്രേക്ഷകന്‍ തീരുമാനിക്കണമെങ്കില്‍ വലിയ രീതിയിലുള്ള മാര്‍ക്കറ്റിങ് വേണം.

താങ്കള്‍ അവതരിപ്പിച്ചവയില്‍ പലതും ഒരു 'ഉഡായിപ്പ്' ഷെയ്ഡിലുള്ള കഥാപാത്രങ്ങളാകാൻ എന്തായിരിക്കും കാരണമെന്നു ചിന്തിച്ചിട്ടുണ്ടോ?

ഞാന്‍ 22ാമത്തെ വയസിലാണ് സിനിമയില്‍ വരുന്നത്. 22 വയസ് മുതല്‍ 38 മത്തെ വയസ് വരെ പലരും പറഞ്ഞിരുന്നത് എന്‍റെ മുഖം ഒരു കഥാപാത്രത്തിനു പറ്റിയതല്ല എന്നായിരുന്നു. പിന്നീട് മുടിയൊക്കെ പോയ ശേഷമാണ് പലരും ആ അഭിപ്രായം മാറ്റുന്നത്. പുരുഷപ്രേതം എന്ന സിനിമയിലേയ്ക്ക് എന്നെ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണമായി സംവിധായകന്‍ കൃഷാന്ത് പറഞ്ഞത്, സെബാസ്റ്റ്യന്‍ എന്ന എസ്ഐയെ കണ്ടാല്‍ തന്നെ ഉഡായിപ്പ് ആണെന്ന് തോന്നണം എന്നായിരുന്നു. ചേട്ടനെ കാണിച്ചാല്‍ ഉറപ്പായും അങ്ങനെ തോന്നുമെന്നും പറഞ്ഞു.

ഞാന്‍ തുടക്കത്തിൽ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു ഉഡായിപ്പ് ഷെയ്‌ഡ് ഉള്ളതുകൊണ്ട് പിന്നീട് വരുന്ന മിക്ക കഥാപാത്രങ്ങളും അത്തരത്തിലുള്ളതായി. അച്ഛനുറങ്ങാത്ത വീടിലാണ് ഞാനാദ്യമായി അതിനപ്പുറത്തേക്ക് ഒരു നെഗറ്റീവ് ഷെയ്‌ഡിലുള്ള ഒരു കഥാപാത്രം ചെയ്യുന്നത്. അന്ന് സവിധായകന്‍ ലാല്‍ ജോസ് പറഞ്ഞത് എനിക്കൊരു ഫ്രോഡ് ലുക്ക് ഉണ്ടെന്നാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അത്തരം ഒരു ഇമേജ് നല്ല രീതിയില്‍ ഉറപ്പിക്കുന്നത്. ആ ഒരു ഇമേജില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഓട്ടത്തിലാണ് ഞാനിപ്പോൾ.

പുരുഷപ്രേതത്തില്‍ ജഗദീഷിനോടൊപ്പമായിരുന്നല്ലോ കൂടുതല്‍ സീനുകളും. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം പങ്കുവയ്ക്കാമോ?

പുരുഷപ്രേതത്തിന്‍റെ ലൊക്കേഷനില്‍ ജഗദീഷേട്ടന്‍ നമ്മുടെ കാരണവരെപ്പോലെയായിരുന്നു. 6.30ന് ഇറങ്ങാന്‍ പറഞ്ഞാല്‍ കൃത്യം 6.15നു തന്നെ റെഡിയായി നില്‍ക്കും. എല്ലാവരും വരുന്നതിനു മുന്‍പ് തന്നെ ലൊക്കേഷനില്‍ വന്ന് മേക്കപ്പൊക്കെ ഇട്ട് ഇരിക്കും. ജഗദീഷേട്ടന്‍റെ ഭാര്യയും ഒരു ഫൊറന്‍സിക് സര്‍ജനായിരുന്നല്ലോ. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളെക്കുറിച്ചൊക്കെ ചേട്ടന് കൃത്യമായി അറിയാമായിരുന്നു. അത്തരം സീനുകളിലെല്ലാം തന്നെ ജഗദീഷേട്ടന്‍ നല്ല രീതിയില്‍ മനോധര്‍മം പ്രയോഗിച്ചിട്ടുമുണ്ട്. കൂടെ അഭിനയിക്കുന്ന നടന് വലിയ രീതിയില്‍ ആത്മവിശ്വാസം നല്‍കുന്ന നടനാണ്‌ അദ്ദേഹം. സിനിമ ഇറങ്ങി നല്ല അഭിപ്രായം കേട്ടപ്പോഴൊക്കെ ഏറ്റവും സന്തോഷിച്ചത് ജഗദീഷേട്ടനാണ്. ഇത്രയും വര്‍ഷത്തെ അനുഭവപരിചയമുണ്ടായിട്ടും ഇന്നും അദ്ദേഹത്തിന് സിനിമയോടുള്ള ആ കൗതുകം കുറഞ്ഞിട്ടില്ല.

പ്രശാന്ത്‌ അലക്സാണ്ടര്‍ എന്ന പേര് മലയാളികള്‍ക്കു പരിചിതമായിക്കഴിഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ?

ഞാന്‍ തുടങ്ങിയത് ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയാണ്. അന്നത്തെ കാലത്ത് എല്ലാവരും പേരിന്‍റെ കൂടെ സ്വന്തം നാടിന്‍റെ പേര് കൂടി ചേര്‍ത്താണു പറഞ്ഞിരുന്നത്. ഞാന്‍ ബോധപൂര്‍വം അത് വേണ്ടെന്നു വച്ചിട്ടാണ് പേര് പ്രശാന്ത് അലക്സാണ്ടര്‍ എന്നു തന്നെ വച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com