കേന്ദ്രത്തിന്‍റേത് ശരിയല്ലാത്ത പ്രവൃത്തികൾ

കേന്ദ്ര സർക്കാർ നിയമത്തിനും ഭരണഘടനയ്ക്കും അതീതരല്ല എന്നാണ് ജോത്സ്യന് പറയാനുള്ളത്.
 The Center's wrong actions

കേന്ദ്രത്തിന്‍റേത് ശരിയല്ലാത്ത പ്രവൃത്തികൾ

Updated on: 

ജ്യോത്സ്യൻ|ഗ്രഹനില

രാജ്യ തലസ്ഥാന നഗരമായ ഡൽഹിക്ക് ചില പ്രത്യേകതകളുണ്ട്. പാർലമെന്‍റ്, രാഷ്‌ട്രപതി ഭവൻ, സെൻട്രൽ സെക്രട്ടറിയേറ്റ്, സുപ്രീം കോടതി, പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയുടേയും സ്പീക്കറുടെയും അടക്കമുള്ളവരുടെ വസതികൾ, പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളുടെയും പ്രവർത്തന കേന്ദ്രങ്ങൾ, വിവിധ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾ, സൈനിക മേധാവികളുടെ ഓഫിസുകൾ തുടങ്ങി രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രം എന്ന നിലയിൽ ഡൽഹി ശ്രദ്ധേയമാണ്. അവിടെ എന്തു നടന്നാലും രാജ്യവും ലോകവും പ്രത്യേകം വീക്ഷിക്കും.

അടുത്ത കാലത്ത് ലോകം ശ്രദ്ധിച്ച പ്രധാനപ്പെട്ട പല ജനകീയ സമരങ്ങളും ഡൽഹിയിൽ നടന്നു. നീറ്റ് പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടുകളിൽ വലിയ വിദ്യാർഥി രോഷപ്രകടനമാണ് നടന്നത്. സമരത്തിന് നേതൃത്വം കൊടുത്ത കോക്രോച്ച് ജനതാ പാർട്ടി എന്ന സിജെപി ജനശ്രദ്ധയും പിന്തുണയും നേടി. അവസാനം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടി വന്നു.

ഡൽഹിയിൽ ഇതാദ്യമായല്ല ഇത്തരം സമരങ്ങൾ നടന്നിട്ടുള്ളത്. ബോഫോഴ്സ് തോക്കിടപാടിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കെതിരേ ഗാന്ധിയൻ അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന സമരം രാജീവ് സർക്കാരിന്‍റെ പതനത്തിലാണ് കലാശിച്ചത്. പിന്നെയും അണ്ണാ ഹസാരെയും ബാബാ രാംദേവും അരവിന്ദ് കെജ്‌രിവാളുമൊക്കെ മൻമോഹൻ സിങ് സർക്കാരിനെതിരേ സമരം നടത്തി. ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത് ഇത്തരം സമരങ്ങളിലൂടെയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ വന്നതും ഇത്തരം സമരങ്ങളുടെ തുടർച്ചയായാണ്. രാജ്യമൊട്ടാകെയുള്ള രാഷ്‌ട്രീയ സമരങ്ങൾക്ക് ആദ്യ വെടി പൊട്ടുന്നത് ഡൽഹിയിലാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജന സമരമാണ് അടുത്ത ദിവസങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. ബിജെപി ഇതര പാർട്ടികളും ഒട്ടേറെ യുവജന പ്രസ്ഥാനങ്ങളും ഈ സമരത്തിൽ പങ്കുചേർന്നു. സമരം ആരംഭിച്ചതോടെ ഡൽഹി മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വൻ സുരക്ഷാ സംവിധാനമാണ് കേന്ദ്രസർക്കാർ ഒരുക്കിയത്. പൊലീസ്, അർധസൈന്യ വിഭാഗം ഉൾപ്പെടെ 37,000ത്തോളം സൈനികർ ഈ സമരത്തെ നേരിടാൻ അണിനിരന്നത് സമരത്തിന്‍റെ രൂക്ഷതയും ഗൗരവം എടുത്തു കാണിക്കുന്നു. പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരും രാഷ്‌ട്രീയ നേതാക്കന്മാരും സമരത്തോടൊപ്പം അണിചേർന്നു.

പക്ഷേ, സമരവേദിയായ ജന്തർമന്തറിന്‍റെ അടുത്തു ചെല്ലാൻ പോലും പൊലീസ് ആരെയും അനുവദിച്ചില്ല. ഡൽഹി അടച്ചുപൂട്ടുന്ന വിധത്തിൽ മെട്രൊ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ച് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായി നിയന്ത്രിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ എടുത്തത്. ബൂട്ട് കൊണ്ട് സമരക്കാരെ ചവിട്ടിയരച്ചു. ഡൽഹി പൊലീസിന്‍റെ കുപ്രസിദ്ധി നേടിയ ഇടിവണ്ടികളിലാണ് എംപിമാർ, പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ചത്. ജനപ്രതിനിധികളും ജനനേതാക്കളും മാധ്യമപ്രവർത്തകരും യുവജന നേതാക്കന്മാരും പൊലീസിന്‍റെ ക്രൂര മർദനത്തിന് വിധേയരായത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ സമുന്നതനായ നേതാവുമായ പിണറായി വിജയനെ പോലും മണിക്കൂറുകളോളം പൊലീസ് വാഹനത്തിൽ നഗരം മുഴുവൻ കൊണ്ടുനടന്നു.

സമാധാനപരമായ പ്രതിഷേധം പൊലീസ് വിലക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരിക്കുയാണിപ്പോൾ. സുപ്രീം കോടതിയുടെ ചരിത്രത്തിൽ അത്യപൂർവമായി നടന്ന സിറ്റിങ്ങാണ് ഞായറാഴ്ച നടന്നത്. ജനങ്ങളുടെയും കബിൽ സിബിൽ ഉൾപ്പെടെയുള്ള പ്രഗൽഭരായ നിയമജ്ഞരുടെയും പ്രതീക്ഷ ഇപ്പോൾ സുപ്രീം കോടതിയിലാണ്. അതുകൂടി നഷ്ടപ്പെട്ടാൽ രാജ്യത്ത് കലാപം ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ജനാധിപത്യ രാജ്യത്ത് ജനവികാരങ്ങൾ സമരങ്ങളിലൂടെ പുറത്തു കാട്ടാനുള്ള അവകാശവും അധികാരവും ജനങ്ങൾക്കുണ്ട്. കേന്ദ്ര സർക്കാർ നിയമത്തിനും ഭരണഘടനയ്ക്കും അതീതരല്ല എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com