

വി.ഡി. സതീശൻ
വി.ഡി. സതീശന്
മുഖ്യമന്ത്രി
യുഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ 6 മാസം പിന്നിടുകയാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയും ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കാനും സാധിച്ചു. 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കിയും പുതിയ മാതൃക സൃഷ്ടിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് വിഭാവനം ചെയ്യുന്നത്.
എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് പുതുയുഗ കേരളം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്ന് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാകണം വികസനം എന്നതാണ് കാഴ്ചപ്പാട്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതോ ജീവിതത്തെയും ഉപജീവനത്തെയും തകര്‍ക്കുന്നതോ ആയ വികസനം കേരളത്തിലുണ്ടാകില്ല. ലോകം ശ്രദ്ധിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കണമെന്നതാണ് സ്വപ്നം. അവ യാഥാർഥ്യമാക്കാനുള്ള വഴികളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
600 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള സംസ്ഥാനമാണിത്. 2 അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 19 നോണ്‍ മേജര്‍ തുറമുഖങ്ങളുമുണ്ട്. സമുദ്ര സമ്പത്തും അനുബന്ധ മേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കണം. അതിനുള്ള സ്വപ്ന പദ്ധതിയണ് മിഷന് സമുദ്ര. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. 2031ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം. റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ 50 ശതമാനമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിങ്ങും മൂന്നാം ഘട്ടത്തില്‍ നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള വിനേദ സഞ്ചാര മേഖലയുടെ അനന്ത സാധ്യതകളും പ്രയോജനപ്പെടുത്തും. 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും വേണം.
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. നമ്മുടെ കുട്ടികള്‍ക്ക് കേരളത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ഇവിടെത്തന്നെ ജോലി ചെയ്യാനും കഴിയണം. ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വിദ്യാർഥികള്‍ പഠനത്തിനു കേരളത്തിലെത്തണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ പ്രോഗ്രാമുകളും മാറുന്ന തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചുള്ള തൊഴില്‍ പരിശീലനങ്ങളും സജ്ജമാക്കും. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും ചികിത്സാ ചെലവ് കുറയ്ക്കുകയും വേണം. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ നിക്ഷേപ സൗഹൃദ സാഹചര്യം ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും. അടുത്ത അധ്യയന വര്‍ഷം മുതല്‍ നഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കും.
പ്രായമായവരെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തണം. ഒറ്റപ്പെട്ടു പോകുന്നവര്‍ക്കും പരിചരണവും സംരക്ഷണവും ആവശ്യമുള്ളവര്‍ക്കും മതിയായ പിന്തുണ നല്‍കണം. അതിനാണ് രാജ്യത്താദ്യമായി നമ്മുടെ സംസ്ഥാനം മുതിര്‍ന്ന പൗരന്മാര്ക്കുള്ള വകുപ്പ് രൂപീകരിച്ചത്. സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണ് നമ്മുടെ ലക്ഷ്യം. ജനസംഖ്യാപരമായ മാറ്റം ലോക രാഷ്ട്രങ്ങള്‍ക്ക് പോലും ഭീഷണിയായി മാറുന്ന കാലത്താണ് കേരളം സില്‍വര്‍ ഇക്കോണമി സൃഷ്ടിക്കുന്നത്.
പ്ലാനിങില്‍ നിന്നും വന്‍കിട പദ്ധതികളിലേക്ക് സര്‍ക്കാരുകള്‍ മാറിയപ്പോള്‍ അവഗണിക്കപ്പെട്ട പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെയും ഈ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി- പട്ടിക വര്‍ഗ- മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതി ആരംഭിച്ചത്. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക 4 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ധനസഹായം 6ല്‍ നിന്നും 8 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. അത്തരം സംഘങ്ങളുടെ അടിവേരറുക്കും.
നികുതി ഭാരം ഉയര്‍ത്താതെ വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് നയം. ജിഎസ്ടി വരുമാനത്തില്‍ കേരളം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഒക്റ്റോബറില്‍ ചരിക്ക് സേവന നികുതിയിനത്തില്‍ മാത്രം 3,689 കോടി ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനത്തിന്റെ വര്‍ധനവ്. ദേശീയ ശരാശരിയില്‍ 13 ശതമാനം വര്ധനയുള്ളപ്പോഴാണ് കേരളത്തിന്റെ ഈ കുതിപ്പ്. ഖജനാവില്‍ പണം വരണമെങ്കില്‍ നിക്ഷേപങ്ങളും കൂടുതല്‍ വ്യവസായങ്ങളും വരണം. സംരംഭങ്ങളുമായി വരുന്നവര്‍ക്ക് നിയമപരമായും സുതാര്യമായും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. ചുവപ്പ് നാടയുടെ കുരുക്കില്‍ നിന്നും സംരംഭകരെ രക്ഷിക്കാനും പുതുമയാര്‍ന്ന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനും "സരള്‍ കേരളം' എന്ന സുപ്രധാന നിയമമാണ് കേരള നിയമസഭ പാസാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് സരള്‍ കേരളം ബില്‍.
ഭാവി സാങ്കേതികവിദ്യയുടെ കാര്യത്തിലും മുന്നിലെത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിങ്, മെഷീന് ലേണിങ്, റോബോട്ടിക് കംപ്യൂട്ടിങ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഡാറ്റ സെന്ററുകള്‍, സെമി കണ്ടക്റ്റര്‍ കേന്ദ്രങ്ങള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കണം. രാജ്യത്ത് ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ട സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതിക വിദ്യയുടെ കാലത്തും തുടരാനാകണം.
വികസനത്തോടൊപ്പം ഓരോ മനുഷ്യന്റെയും ജീവിതവും പ്രയാസങ്ങളും കരുതലോടെ കാണുന്ന ഭരണ സംവിധാനമാണ് വേണ്ടത്. സ്വാതന്ത്ര്യം ഏതാനും പേര്‍ക്കുള്ളതല്ല, മതമോ ജാതിയോ ഉപയോഗിച്ച് ആരെയും ഇരുട്ടില്‍ നിര്‍ത്തരുത്. നിതാന്ത ജാഗ്രതയും ഉറച്ച മതേതരത്വ ജനാധിപത്യ നിലപാടുകളും വേണം. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതിനു പിന്നാലെ പോകട്ടെ. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ജനക്ഷേമത്തിലും വികസനത്തിലുമാണ്. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തെറ്റു പറ്റിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. പക്ഷേ, വിവാദങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്ദത്തില്പ്പെടുത്താമെന്ന് ആരും കരുതേണ്ട.