

എം.കെ. ഹരികുമാർ
സംഗീതം എന്നു പറയുന്നത്, പ്രാഥമികമായി, സത്താപരമായി ഒരാളുടെ അനുഭവത്തിലാണുള്ളത്. രാഗങ്ങളോ നോട്ടുകളോ പഠിച്ച ശേഷമല്ല നാം പാട്ട് അനുഭവിക്കുന്നത്. ലോകത്തിലെ എല്ലാ ജീവികൾക്കും സംഗീതമുണ്ട്. സംഗീതം വാക്കുകളോ വിസ്താരമോ അല്ല. അത് വസ്തുവിൽ പ്രാതിഭാസികമായി നിലനിൽക്കുന്നു. വസ്തുവിന്‍റെ വസ്തുനിഷ്ഠതയല്ല സംഗീതം. അത് ഒരാൾ സൃഷ്ടിക്കുമ്പോൾ ആത്യന്തികവും ശുദ്ധവും ആന്തരികവുമായ അർഥത്തിൽ മനസ്സിലൂടെ വന്നുപോകുന്ന അവസ്ഥകളുടെ , അരൂപികളായ വസ്തുക്കളുടെ ജീവതത്ത്വശാസ്ത്രപരമായ മാനങ്ങളാണ് പകരാൻ ശ്രമിക്കുന്നത്. അത് പാടിയില്ലെങ്കിൽ നിശബ്ദതകളിൽ ആണ്ടുപോകുമായിരുന്നു. പാടുന്നതു കൊണ്ട് നിലനിൽക്കുന്നു. പാടിയത് റെക്കോർഡ് ചെയ്യുമ്പോൾ വസ്തുക്കൾ പുനർജനിക്കുന്നു. അതുകൊണ്ടു പാട്ടുകാർക്ക് പാടാതിരിക്കാനാവില്ല. അത് അസ്തിത്വപ്രശ്നമാണ്; ജീവിച്ചിരിക്കുന്നുണ്ടോ എന്ന പ്രശ്നം. നാം ശരീരശാസ്ത്രപരമായി ആരോഗ്യവകുപ്പിന്‍റെ വിദഗ്ധാഭിപ്രായത്തിൽ ജീവിച്ചിരിക്കുന്നതും ഒരു പാട്ടു പാടാതിരിക്കാനാവാത്ത അവസ്ഥയിൽ പാടിക്കൊണ്ട് ജീവിച്ചിരിക്കുന്നതും രണ്ടു തലങ്ങളാണ്.
വിക്ടർ യൂഗോ പറഞ്ഞതുപോലെ നിശബ്ദമാക്കപ്പെടാനാവാത്തതാണ് സംഗീതം. എന്നാൽ മറ്റൊരു വാദം ഉന്നയിക്കട്ടെ. നിശബ്ദതയ്ക്ക് സംഗീതമല്ലേ? തീർച്ചയായും സംഗീതമുണ്ട്. ശബ്ദരഹിതമായ സംഗീതമുണ്ട്. അത് നമ്മുടെ വികാരങ്ങളിലുണ്ട്. ചലനങ്ങളിലുണ്ട്. പ്രപഞ്ചത്തിന്‍റെ അജ്ഞാതമായ ഒരു ക്രമമാരായുന്നവരൊക്കെ സംഗീതത്തിലെത്തിച്ചേരും. അത് സാഹിത്യം പോലെ വിപുലമല്ല; എന്നാൽ സൂക്ഷ്മമാണ്.
എല്ലാം ആഖ്യാനമാണ്
പ്രപഞ്ചത്തിൽ സാഹിത്യമല്ലാത്തതായി യാതൊന്നുമില്ല. ഒരു നായ കുരയ്ക്കുന്നതിൽ സാഹിത്യമുണ്ട്.ഇന്നു ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ ഒരു വാക്യമുണ്ട്:'ദൈവം രക്ഷിക്കട്ടെ. ഈ നായ എന്തിനാണ് കുരയ്ക്കുന്നത് എന്നറിയാമോ? ഈ ലോകം കുറേക്കൂടി തുറന്നുകാണിക്കപ്പെടാൻ'.
ലോകം അതിനു പൂർണമായി സംവേദനക്ഷമമാകുന്നില്ല. ആ പരിമിതിക്കെതിരേ നായ പ്രതിഷേധിക്കുകയാണ്. രാത്രിയിൽ ഒരു ശത്രുവിനെ കണ്ടില്ലെങ്കിലും, അത് ശത്രുവിനെ സങ്കൽപ്പിച്ചു കുരച്ചുകൊണ്ടിരിക്കും. ഒരു ചന്ദ്രബിംബമാണെങ്കിൽ പോലും, അത് പലതവണ കണ്ടിട്ടുള്ളതാണെങ്കിൽ പോലും നായ അതിനെതിരേ പ്രതിഷേധിക്കും. എന്താണ് ഈ ചന്ദ്രൻ ഇത്രയും കാലം മൂടിവച്ചതെന്ന ഗംഭീരമായ ചോദ്യമാണ് ആ കുരയിലുള്ളത്. അതുകൊണ്ട് ലോകത്തുള്ള ഏത് വസ്തുവും ആഖ്യാനാത്മകമാണ്. ഒരു കല്ല് പോലും ആഖ്യാനമാണ്. കല്ലുകളെക്കുറിച്ച് 'കല്ലുകൾ' എന്ന പേരിൽ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. അതിലെ ഏതാനും വരികൾ:
'മുട്ടിയാൽ തുറക്കാത്ത
എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകൾ സൂക്ഷിക്കുന്നുണ്ട്.
എന്നാൽ അവ ഒരിക്കലും
ആ വാതിലുകളിലോ ,
വാതിലുകൾക്കുള്ളിലെ
നിശബ്ദമായ കാലക്രമങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്കുന്ന
ഓർമപ്പെടുത്തലുകൾ
കല്ലുകൾ മൗനത്തിന്‍റെ
നിശ്ചലതകളായി
പരിവർത്തിപ്പിക്കുന്നു.'
ഇങ്ങനെ ഓരോ വസ്തുവും, ദൃശ്യവും അദൃശ്യവുമായത്, നമ്മെ ആഖ്യാനത്തിനു നിർബന്ധിക്കുന്നു. അവയുടെയുള്ളിലേക്ക് ചുഴിഞ്ഞു നോക്കിയാൽ ആ ആഖ്യാനം ചുരുളഴിയും.ഇതുതന്നെയാണ് പാടുമ്പോഴും സംഭവിക്കുന്നത്. മറ്റൊരാൾ പാടിയ പാട്ടുകൾ സംഗീതത്തിന്‍റെ സമുദ്രമർദത്താൽ പാടുന്നവരുണ്ട്. അവർ അത് ഭൗതികനേട്ടത്തിനായല്ല തെരഞ്ഞെടുക്കുന്നത്. സ്വാഭാവികമായ ആഴങ്ങൾ അവരെ വിളിക്കുകയാണ്. സൃഷ്ടിയുടെ പ്രക്രിയയിലേക്ക് യഥാർഥ കലാകാരനെ ആരോ വിളിക്കുന്നു.അയാൾ മാത്രമാണ് അത് കേൾക്കുന്നത്. അതയാൾക്ക് മാത്രം സംവേദനം ചെയ്യപ്പെടുകയാണ്. അതുകൊണ്ടു മറ്റൊരാൾക്ക് അത് നിഷേധിക്കാനാവില്ല. നമ്മുടെ നാട്ടിൽ കലയുടെ മേഖലയിലും ആസ്വാദനത്തിന്‍റെ മേഖലയിലും ധാരാളം ഡിലിറ്റാൻഡി(Dilettante)കൾ പ്രവർത്തിക്കുന്നു. ഡിലിറ്റാൻഡി എന്നാൽ മൗലികമായ താത്പര്യമില്ലാതെ കലാരംഗത്ത് പ്രവർത്തിക്കുന്നവനാണ്. ഡിലിറ്റാൻഡിക്ക് യഥാർഥമായ താത്പര്യമോ പ്രചോദനമോ ലക്ഷ്യമോ കലയിലില്ല. എന്നാൽ അത് അയാൾ നിർമിക്കാൻ ശ്രമിക്കും. അയാൾ യഥാർഥ സൃഷ്ടികർത്താവല്ല. അവർക്ക് മൗലികമായ നിരീക്ഷണമോ അനുഭവമോ ഇല്ല.
വി.ടി.മുരളി
നൂറു ശതമാനവും രാഷ്‌ട്രീയവത്കരിച്ച ഒരു സമൂഹമാണിത്. എഴുപതുകളിൽ കുളിക്കടവുകളിൽ, ചായക്കടകളിൽ സിനിമയും സാഹിത്യവും പാട്ടുകളും ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അത് പൂർണമായും രാഷ്‌ട്രീയത്തിനു വഴിമാറിയിരിക്കുന്നു. ഇവിടെ സ്വന്തം രാഷ്‌ട്രീയം പുറത്തു വരാത്തവിധം ഒരാൾക്ക് ജീവിക്കാനാവില്ല. ഈ രാഷ്‌ട്രീയവത്കരണം ജാതി, മത പ്രശ്നങ്ങളുമായി കൂടിക്കുഴഞ്ഞിരിക്കുകയാണ്.ഇവിടെയാണ് ഒരു ഗായകൻ തന്‍റെ സംഗീതത്തെ അമർച്ച ചെയ്യാനാവാതെ, ജന്മവാസനയാലെന്നപോലെ പാടുന്നത്. വി.ടി. മുരളിയെ സംഗീതം ഇഷ്ടപ്പെടുന്നവർക്കെല്ലാം അറിയാം. അദ്ദേഹം കല്പനാശേഷിയുള്ള ഗായകനാണ്. അന്തരിച്ച പ്രമുഖ കവി വി.ടി കുമാരന്‍റെ മകനാണ് മുരളി. കോഴിക്കോട് വടകരയിലാണ് താമസം. പാട്ടുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുരളി പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ യാദൃശ്ചികമായാണ് അദ്ദേഹം എസ്.ജാനകി പാടിയ
'മുട്ടിവിളിക്കുന്നു വാതിലിൽ
മധുമാസം
ഉദ്യാനപാലകാ ഉണരുണരൂ
ഉണരുണരൂ '(സംഗീതം: ബാബുരാജ് ,രചന :പി.ഭാസ്കരൻ) എന്ന ഗാനം പാടിയത് കേട്ടത്. ഫെയ്സബുക്കിൽ പോസ്റ്റു ചെയ്തതാണിത്.സത്യം പറയട്ടെ ,അത്ഭുതകരമായിരുന്നു ആ അനുഭവം. അദ്ദേഹം ഈ പാട്ടിനെ വേറേതോ ഉന്നതമായ മനുഷ്യരഥ്യകളിലേക്ക് കൊണ്ടുപോയി. നിശബ്ദതയിൽ നിന്നുയർന്നു വരുന്ന ആലാപനമാണിത്.
എസ്. ജാനകി പാടുന്നതുപോലെയല്ല. കൂടുതൽ നിലവാരപ്പെടുത്താൻ വേണ്ടിയാകണം ജാനകിയുടെ ആലാപനം ഈ പാട്ടിൽ വേറൊരു തരത്തിലാണ് അനുഭവപ്പെട്ടത്.അതാകട്ടെ സൂക്ഷ്മമായ വികാരങ്ങളെ ആവാഹിക്കുന്നില്ല.മുരളിയുടെ പാട്ടിൽ കാണുന്ന വികാരതരംഗങ്ങൾ അതുല്യമാണ്. എന്താണ് ബാബുരാജ് ഈ പാട്ടിൽ കൊണ്ടുവരാൻ ശ്രമിച്ച സംഗീതമെന്നു മുരളി കണ്ടെത്തുകയാണ്. ജാനകിയുടെ പാട്ട് ചലച്ചിത്ര പ്രേക്ഷകർക്ക് വേണ്ടിയായിരുന്നവല്ലോ. മുരളിയാകട്ടെ സിനിമയെ പറത്തിവിട്ടിരിക്കുന്നു. അദ്ദേഹം തന്‍റെ അഗാധവും ത്രസിപ്പിക്കുന്നതുമായ ജീവിതസത്യങ്ങളെയാണ് നേർക്കുനേർ കാണുന്നത്.അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ആവശ്യമാണ്, അറിവാണ്. അതിൽനിന്ന് ഊർജം സ്വീകരിച്ചാണ് അദ്ദേഹം പാടുന്നത്. ഈ പാട്ട് മുരളി തന്‍റെ ചേതനയിൽനിന്നു ഇനിയും പുറത്തുവരാതെ കാത്തുനിൽക്കുന്ന ആവേഗങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ്.
'സ്വപ്നവൃന്ദാവനത്തിൽ പൂവിറക്കുവാൻ വന്ന
അപ്സരരമണിയാണീ വസന്തം
മുഗ്ധമാം പ്രേമത്തിന്‍റെ
മുത്തുക്കുടയുമായി
എത്തുക നീയിവളെ
എതിരേൽക്കുവാൻ.'
ഈ വരികൾ മുരളി പാടുന്നത് വ്യക്തിപരമായ ഒരു സമസ്യ പൂരിപ്പിക്കാനെന്നപോലെയാണ്. ഏതൊക്കെയോ
ഓർമകളിൽനിന്നു അദ്ദേഹം സാന്ത്വനത്തിന്‍റെ പദാർഥം ശേഖരിക്കുകയാണ്. ഒരു വ്യക്തിക്ക് സ്വയം കണ്ടെത്തേണ്ടതുണ്ട്. അതിനാണ് പാടുന്നത്. ചലച്ചിത്രത്തിനു വേണ്ടി പാടുമ്പോൾ അനേകം നിയന്ത്രണങ്ങളെ നേരിടേണ്ടി വരും. ശബ്ദത്തിന്‍റെയും ഓർക്കസ്ട്രയുടെയും ജനപ്രിയത അതിനു ഒഴിവാക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ പാട്ടിലെ വൈകാരികതയെ ഒന്നു എഡിറ്റ് ചെയ്യാൻ ഗായകൻ നിർബന്ധിക്കപ്പെടും. ഇവിടെ മുരളി തന്‍റെ സ്വപ്നലോകത്തിലേക്ക് വിഷാദഭാരവുമായി പോകുന്ന ഒരു ലൗകികജീവി എന്ന നിലയിലാണ് പാട്ടിനെ സമീപിക്കുന്നത്.ജാനകിയുടെ പാട്ടിൽ സന്തോഷവും പ്രതീക്ഷയും ഉത്സാഹവുമാണുള്ളതെങ്കിൽ മുരളി അതെല്ലാം നീക്കികളഞ്ഞ് ആ പാട്ടിനെ ഏകാന്തതയുടെ ദുഃഖവും പരിതാപപ്രണയത്തിന്‍റെ ഓർമകളുമായി പുതുക്കിപ്പണിഞ്ഞിരിക്കുന്നു.
ആർക്കും ആരുടെയും പാട്ട് സ്വകാര്യമായി പാടാം.പി. ഭാസ്കരന്‍റെ ജന്മശതാബ്ദിയുടെ പശ്ചാത്തലത്തിൽ മുരളി അദ്ദേഹത്തിന്‍റെ നൂറു പാട്ടുകൾ ഫെയ്സ്ബുക്കിൽ പാടുകയാണ്.
'എല്ലാം ഓർമകൾ
എല്ലാം ഓർമകൾ
എന്നേ കുഴിയിൽ മൂടി നാം
എന്നാലും എല്ലാം ചിരഞ്ജീവികൾ.'
എന്ന ഗാനം അവയിൽ ഒന്നാണ്.അതു മറ്റൊരു കല്പനാവൈഭവമാണ്.വികാരഗഹനമായ,ഏകാകിയുടെ ഏറ്റുപറച്ചിലാണ്, സങ്കീർത്തനമാണ് മുരളിയുടെ പാട്ടുകൾ.
ഷഹബാസ് അമൻ
ഇതിനുമുമ്പ് ഷഹബാസ് അമൻ കൈരളി ചാനലിനു വേണ്ടി പാടിയ 'തേടുന്നതാരെ ശൂന്യതയിൽ ഈറൻ മിഴികളേ'എന്ന ഗാനം മനസിനെ പിടിച്ചുലച്ചിരുന്നു. ഞാനിക്കാര്യം എഴുതുകയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിരുന്നു. ബാബുരാജ് ചിട്ടപ്പെടുത്തിയ ആ പാട്ട് ഷഹബാസ് അമൻ തന്‍റെ പാട്ടാക്കി മാറ്റുകയായിരുന്നു. അതിൽ സന്നിവേശിപ്പിച്ച മനുഷ്യാവസ്ഥയും തരളതയും അപാരമായിരുന്നു. ഷഹബാസ് അമൻ ഈ പാട്ട് സ്നേഹത്തോടെ ഫോണിൽ എന്നെ പാടി കേൾപ്പിച്ചതും ഓർക്കുന്നു.
സൂര്യൻ കൃഷ്ണൻ
കഴിഞ്ഞ ദിവസമാണ് സൂര്യൻ കൃഷ്ണൻ ചാലക്കുടി എന്ന ഗായകനെ പരിചയപ്പെട്ടത്. അദ്ദേഹം സ്വന്തം രീതിയിൽ സഞ്ചരിക്കുന്ന ഗായകനാണ്; എഴുതുന്നതോടൊപ്പം സംഗീതവും ചെയ്യും. എന്‍റെ വാട്സപ്പിലേക്ക് സൂര്യൻ ആലപിച്ച ഒരു ഓഡിയോ അയച്ചുതരുകയായിരുന്നു. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് സ്വയം പരിചയപ്പെടുത്തിയിരുന്നു.ഓഡിയോ കേട്ടപ്പോൾ സന്തോഷവും അതിശയവും തടഞ്ഞു നിർത്താനായില്ല.'മെട്രൊവാർത്ത'യിൽ , എം.ടിയുടെ ദേഹവിയോഗത്തെ തുടർന്ന് ഞാൻ എഴുതിയ 'മറ്റൊരു രാഗം' എന്ന ലേഖനം സൂര്യൻ ഒരു ജ്വരബാധിതനെ പോലെ ആലപിച്ചതിന്‍റെ വീഡിയോ ആയിരുന്നു അത്. ആലാപനത്തിനു ഉചിതമായ പശ്ചാത്തലസംഗീതവുമുണ്ട് .പിന്നീട് എന്നോട് ഏതാനും വരികൾ എഴുതാൻ ആവശ്യപ്പെടുകയും രണ്ടുഗാനങ്ങൾ അദ്ദേഹം സംഗീതം നൽകി പാടി അയച്ചുതരുകയും ചെയ്തു. കലാഭവൻ മണിയെക്കുറിച്ച് സൂര്യൻ എഴുതി സംഗീതം നൽകി പാടിയ ഒരു പാട്ടുണ്ട്. അത് എനിക്ക് അയച്ചു തന്നു. 'ആടിയിലെ പൂമരങ്ങൾ പൂത്തുലഞ്ഞടിയ കാലം
കൂടപ്പുഴ തണ്ടാളത്തിൽ പാട്ടുകൾ കേട്ടൊരു കാലം' എന്ന ഗാനം വളരെ പ്രശസ്തമാണെന്നറിഞ്ഞു.ഹൃദ്യമായ ഈ ആലാപനം സവിശേഷമായ ഒരു സിദ്ധിയുടെ ഫലമാണ്. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് നല്ല അവബോധമുള്ള ഈ കലാകാരൻ സംഗീതസംവിധാനത്തിലും ആലാപനത്തിലും നൂതന സാധ്യതകളാണ് തേടുന്നത്. പാട്ടിൽ സ്വകാര്യമായ വഴി തേടുന്ന ഈ ഗായകൻ ഒരു കമ്പോസർക്കു വേണ്ട നവീനമായ ജ്ഞാനം നേടിയിരിക്കുന്നു.സംഗീതം നിശബ്ദതയ്ക്ക് ഒരാഴം നല്കുകയാണ്. നിശബ്ദതയിൽ നിന്നാണല്ലോ അത് പുറപ്പെടുന്നത്. എന്നാൽ സംഗീതത്തിൽ നിശബ്ദതയും അടങ്ങിയിരിക്കുന്നു. മനുഷ്യൻ പാടുപോൾ അവന്‍റെ നിശബ്ദത രൂപം മാറുകയാണ്.
രജതരേഖകൾ
1)പി.ജയചന്ദ്രന്‍റെ സംഗീതജീവിതം ഒരു വൻവിജയമായിരുന്നു. അത് പല പ്രഗത്ഭഗായകരെക്കാൾ വലിയ വിജയമാണ്. ജയചന്ദ്രൻ ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. പാടാനുള്ള ജന്മവാസനയാണ് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം. തൊള്ളായിരത്തി അറുപതുകളിൽ സംഗീതം ഗുരുവിൽ നിന്നു പഠിക്കാത്ത ഒരാൾ ദേവരാജൻ , എം.എസ്.വിശ്വനാഥൻ തുടങ്ങിയവരുടെ പ്രീതി എങ്ങനെ നേടിയെന്നു അതിശയിച്ചു പോകും. ദേവരാജന്‍റെ അടുത്തേക്ക് ചെല്ലാൻ പോലും ഈ പശ്ചാത്തലമുള്ള ഒരു ഗായകൻ തയാറാവില്ല. എന്നാൽ ജയചന്ദ്രൻ എല്ലാ അഗ്നിപരീക്ഷകളിലും അതിജീവിച്ചു. ശാസ്ത്രീയസംഗീതം വേണ്ടെന്നു സംഗീതവിദഗ്ധന്മാർ തീരുമാനിച്ചത് ജയചന്ദ്രന്‍റെ കാര്യത്തിലായിരിക്കും. എന്നിട്ടും വലിയ സംഗീത സംവിധായകരുടെയെല്ലാം ഇഷ്ടഗായകനായി മാറുകയും ആയിരത്തി ഇരുനൂറിലേറെ സിനിമാ പാട്ടുകൾ പാടുകയും ചെയ്തത് ഏറ്റവും വലിയ വിജയമല്ലേ?
2)ഇസ്സമുദ്രത്തിൽ മുങ്ങിയും പൊങ്ങിയുമെത്ര
ജീവിച്ചിരിക്കിലും,
മത്സ്യമാണ് ഞാൻ, എന്നിൽക്കുരുങ്ങിടും
അറ്റമില്ലാത്ത കണ്ണികൾക്കപ്പുറം
കുറ്റിരുട്ടാണ്! ആരോ ഒരുക്കിടും
സദ്യവട്ടം
പൊലിപ്പിച്ചൊടങ്ങുവാൻ...'
മീര കെ.എസ് എഴുതിയ 'കടൽ' (പ്രസാധകൻ ,ഡിസംബർ) എന്ന കവിതയിൽ മത്സ്യാവസ്ഥയാണ് വിഷയം.കടലിലെ മത്സ്യം പല കാല്പനികരെയും പ്രലോഭിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മത്സ്യജന്മം ഓർക്കാൻ തന്നെ വയ്യ. കഴിഞ്ഞ ദിവസം ഒരു വിഡിയൊ കണ്ടു. ഒരു മനുഷ്യന്‍റെയത്രയും വലിപ്പമുള്ള ഒരു മത്സ്യത്തെ പിടിച്ചു കൊന്ന് ദേഹമാസകലം വരിഞ്ഞുമുറിച്ചു മുളകുപൊടി വിതറി കനലും തീയും നിറഞ്ഞ ഒരു കുഴിയിലേക്ക് കെട്ടിത്തൂക്കിയ ശേഷം അടച്ച് മണ്ണ് കൊണ്ടു പൊത്തിത്തിവയ്ക്കുന്നു. കുറേസമയം കഴിഞ്ഞ് ആ മീൻശരീരത്തെ മേശപ്പുറത്ത് കിടത്തി ഓരോ ഭാഗം മുറിച്ചു തിന്നുന്നു!.അതിനു വേണ്ടി പോസ് ചെയ്യുകയാണ്. എന്തു പാപം ചെയ്തു ഈ മത്സ്യം ,ഇതുപോലൊരു വിധി കൈപ്പറ്റാനായി ? ദൈവം ഒപ്പിച്ച കെണിയുടെ അർഥം മനസ്സിലാകുന്നില്ല. മത്സ്യജന്മം വേണ്ടേ വേണ്ട എന്നാണ് ഈ കവിതയിലെയും ചിന്ത.
3)രതീഷ് പാണ്ടനാട് എഴുതിയ 'ലൂറും ബുദ്ധിമാനായ പുലിവാഹിയും'(മാധ്യമം ആഴ്ചപ്പതിപ്പ് ,ഡിസം' 16-23) എന്ന കവിതയിലും മത്സ്യത്തിന്‍റെ അവസ്ഥയാണ് വിവരിക്കുന്നത്
'ചില പിടച്ചിലുകൾ
അരപ്പുവെള്ളത്തിൽ
നിന്നുപോലും രക്ഷപ്പെട്ട്
ആറ്റിൽ
മറ്റൊരു ചുവപ്പു ചാൽ
തീർത്തചരിത്രമുണ്ട്.
അക്കഥ
ഒരിക്കലെങ്കിലും
ആരെങ്കിലും പറഞ്ഞ്
അറിഞ്ഞതിനാലാവാം
ഇരയെടുക്കാതെ
പോയതിലും വേഗം
തിരികെ വരുന്നൂ
ഓർമയിൽ
ഭയത്തിന്‍റെ ചൂണ്ട തറഞ്ഞ ഒരു മീൻ.'
മീനുകൾ മനുഷ്യരെ, അവരുടെ മനസ്സിനെ പഠിച്ചിരിക്കുന്നു.ചൂണ്ടയിൽ കുരുങ്ങാൻ അവ തയാർ.
4)കാഫ്കയുടെ കഥകൾ വി. രവികുമാറിന്‍റെ പരിഭാഷയിൽ പ്രസിദ്ധീകരിച്ചപ്പോൾ അവതാരിക എഴുതിയത് കെ.പി.അപ്പനാണ്.അദ്ദേഹം ഇങ്ങനെ എഴുതി: 'സംശയങ്ങൾ തന്‍റെ വാക്കുകൾക്ക് ചുറ്റും അണിനിരക്കുകയാണെന്നു കാഫ്ക എഴുതിയിട്ടുണ്ട്. വാക്കുകളെ കാണുന്നതിനു മുമ്പ് ഈ സംശയങ്ങളെയാണ് അദ്ദേഹം കണ്ടത്. വാക്കുകളെ പിന്നീട് അദ്ദേഹം കണ്ടിട്ടില്ല.'
5)വിഖ്യാത ചലച്ചിത്ര സംവിധായകനും നടനുമായ ചാർലി ചാപ്ലിൻ ചോദിച്ചു: 'എന്തിനാണ് ഒരു അർഥത്തിനായി നിങ്ങൾ ശ്രമിക്കുന്നത്? ജീവിതം ഒരു ആഗ്രഹമാണ്, അർഥമല്ല.'
9995312097
mkharikumar33@gmail.com