അച്ഛനെ കൊന്ന കേസിലെ പ്രതിയെ വെടിവച്ചു കൊന്ന് മകന്‍റെ പ്രതികാരം; വിശ്വസിക്കാനാകാതെ മഞ്ഞപ്ര

പ്രതികാരത്തിനു ശേഷം പോളി ഡബിൾ ബാരൽ തോക്കുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Angamaly manjapra murder case details

അച്ഛനെ കൊന്ന കേസിലെ പ്രതിയെ വെടിവച്ചു കൊന്ന് മകന്‍റെ പ്രതികാരം

Updated on

ജോയ് മാടശ്ശേരി

അങ്കമാലി: അച്ഛനെ കൊന്ന കേസിൽ കോടതി വെറുതേ വിട്ട പ്രതിയെ വർഷങ്ങൾക്കു ശേഷം വെടിവച്ചു കൊലപ്പെടുത്തുന്ന മകൻ... കഥകളിൽ മാത്രം കണ്ട് പരിചയമുള്ള, ദീർഘകാലം പഴക്കമുള്ള പ്രതികാരത്തിനും കൊലപാതകത്തിനും സാക്ഷിയായതിന്‍റെ ഞെട്ടലിലാണ് അങ്കമാലി മഞ്ഞപ്രയിലുള്ളവർ.

മഞ്ഞപ്ര സ്വദേശിയായ കിലുക്കൻ ജോസ് എന്ന മധ്യവയസ്‌കനാണ് സ്വന്തം നാട്ടിൽ 12 വയസുള്ള മകന്‍റെ മുൻപിൽ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മുൻ സൈനികനും നിലവിൽ സെക്യൂരിറ്റി ജീവനക്കാരനുമായ കാളാംപറമ്പൻ പോളിയാണ് കൊല നടത്തിയത്.

എട്ടു വർഷം മുമ്പ് പോളിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കെഎസ്ആർടിസി ഡ്രൈവറായിരുന്ന കിലുക്കൻ ജോസ്. അക്കാലത്ത് കൊല്ലക്കോട് പോളിയുടെ വീടിനടുത്താണ് ഇയാൾ താമസിച്ചിരുന്നത്. അതിർത്തി തർക്കത്തെ തുടർന്ന് പോളിയുടെ പിതാവിനെ ജോസ് അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കുറേക്കാലം ജയിൽവാസം അനുഭവിച്ചെങ്കിലും വിചാരണയ്ക്കൊടുവിൽ ജോസിനെ കോടതി വെറുതേവിട്ടു. ഇതിനെതിരേ പോളിയുടെ കുടുംബം അപ്പീൽ പോയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജയിലിൽനിന്നിറങ്ങിയശേഷം ജോസ് മഞ്ഞപ്രയിലേക്ക് താമസം മാറ്റി.

കോടതി വെറുതേ വിട്ടെങ്കിലും പോളി പ്രതികാരം മനസിൽ സൂക്ഷിച്ചു. സെക്യൂരിറ്റി ജോലിക്കായി കൈവശം വെച്ചിരുന്ന ലൈസൻസുള്ള ഡബിൾ ബാരൽ തോക്കുമായെത്തിയ പോളി മഞ്ഞപ്ര കോതായി തോട്ടിൽ കുളിക്കാനിറങ്ങിയ ജോസിനെ വെടിവച്ച് കൊല്ലുകയായിരുന്നു.

പ്രതികാരത്തിനു ശേഷം പോളി ഡബിൾ ബാരൽ തോക്കുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. രണ്ട് പതിറ്റാണ്ടുകൾക്കു മുൻപ് ഏഴാറ്റുമുഖത്തും സമാനമായ രീതിയിൽ കൊലപാതകം നടന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com