ആറന്മുള വള്ളസദ്യയുടെ കാലം; വിവാദങ്ങളുടെ തുഴ പിടിച്ച് പള്ളിയോടങ്ങളും ദേവസ്വവും

ഇത്തവണ ഒക്റ്റോബർ 2 വരെയാണ് വള്ളസദ്യ
Aranmula vallasadya booking,controversies, history and beliefs

ആറന്മുള വള്ളസദ്യയുടെ കാലം; വിവാദങ്ങളുടെ തുഴ പിടിച്ച് പള്ളിയോടങ്ങളും ദേവസ്വവും

Updated on

ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പ്രശസ്തമാണ്. 64 കൂട്ടം വിഭവങ്ങൾക്കൊപ്പമുള്ള സദ്യ കഴിക്കാൻ കൊതിക്കുന്നവർ നിരവധിയാണ്. ഇത്തവണ എല്ലാവർക്കും അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെത്തി സദ്യ കഴിക്കണമെങ്കിൽ 250 രൂപ നൽകി മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആചാര ലംഘനമെന്ന് പള്ളിയോട സേവാ സമിതി വിമർശനം ഉയർത്തുന്നുണ്ടെങ്കിലും വള്ളസദ്യ ആഗ്രഹിക്കുന്നവർക്ക് ദേവസ്വത്തിന്‍റെ നിലപാട് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്.ഞായറാഴ്ച ദിവസങ്ങളിൽ മാത്രമാണ് ദേവസ്വത്തിന്‍റെ വക വള്ളസദ്യ. ക്ഷേത്രത്തിൽ പള്ളിയോടമില്ലാത്തപ്പോൾ സദ്യ നടത്തുന്നത് ആചാര ലംഘനമാണെന്നാണ് പള്ളിയോട സേവാ സംഘത്തിന്‍റെ ആരോപണം.

നിലവിൽ വള്ളസദ്യ അവസാനിക്കുന്നതു വരെയുള്ള എല്ലാ ഞായറാഴ്ചയും ദേവസ്വം വഴി വള്ളസദ്യ ബുക്ക് ചെയ്യാം. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ തയാറാക്കിയ പ്രത്യേക കൗണ്ടർ വഴി നേരിട്ടെത്തിയോ ഫോൺ വഴിയോ വള്ളസദ്യ ബുക്ക് ചെയ്യാം. ഫോൺ നമ്പർ- 9188911536

ഇത്തവണ ഒക്റ്റോബർ 2 വരെയാണ് വള്ളസദ്യ. 500 വള്ളസദ്യകൾ നടത്താനാണ് പദ്ധതി. ഇതിനായി 15 സദ്യാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

കാലങ്ങളായി പള്ളിയോട സേവാ സംഘമാണ് വള്ളസദ്യ നടത്തി വന്നിരുന്നത്. ക്ഷേത്രത്തിൽ പള്ളിയോടങ്ങൾ ഇല്ലാത്തപ്പോൾ വള്ളസദ്യ നടത്തുന്നത് ആചാര ലംഘനമാണെന്നാണ് പള്ളിയോട സംഘം ആരോപിക്കുന്നത്. ഉത്രട്ടാതി ജലമേള നടത്തുന്നതും ഇവർ തന്നെയാണ്. വള്ളസദ്യയിൽ നിന്നു കിട്ടുന്ന തുക പള്ളിയോടങ്ങൾക്ക് തുല്യമായി നൽകി വരുകയാണ് പതിവ്. പണം വാങ്ങി വള്ളസദ്യ നടത്തുന്നത് വള്ളസദ്യയുടെ പവിത്രതയെ ഇല്ലാതാക്കുമെന്നാണ് പള്ളിയോട സേവാസംഘത്തിന്‍റെ ആരോപണം.

വള്ളസദ്യയുടെ ഐതിഹ്യം

അർജുനൻ ഭഗവാൻ ശ്രീ കൃഷ്ണന് സമർപ്പിച്ചുവെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണ് ആറന്മുള പാർഥസാരഥി ക്ഷേത്രം. ഭഗവാൻ ആറ് മുളകൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിൽ എത്തിയതിനാലാണ് ആറന്മുള എന്ന പേര് ലഭിച്ചതെന്നും കഥയുണ്ട്. കർക്കടകം 15 മുതൽ കന്നി മാസം 15 വരെ ക്ഷേത്രത്തിൽ അഭീഷ്ട സിദ്ധിക്ക് നടത്തുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങൾ തുഴയുന്നവർക്കു വേണ്ടിയാണ് വള്ളസദ്യ തയാറാക്കിയിരുന്നത്. വഴിപാട് നടത്തുന്നയാൾ രാവിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പറ നിറയ്ക്കുന്നതോടെയാണ് ആചാരങ്ങൾ ആരംഭിക്കുന്നത്. രണ്ട് പറകളാണ് നിറയ്ക്കുക. ഒരു പറ ഭഗവാനും രണ്ടാമത്തേക് പള്ളിയോടത്തിനും എന്നാണ് സങ്കൽപം. പിന്നീട് ശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കും. വഴിപാട് നടത്തുന്നയാൾ കരമാർഗേ ക്ഷേത്രത്തിലെത്തുകയാണ് പതിവ്. പമ്പാ നദിയിലൂടെ വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടം ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുര നട‌യിലെത്തുക. കുചേലവൃത്തം, ഭീഷ്മപർവം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് എന്നിവയാണ് വഞ്ചിക്കാർ പാടുക. കടവിലെത്തുമ്പോൾ അഷ്ടമംഗല്യവും വിളക്കും താലവും വെടിക്കെട്ടും മുത്തുക്കുടയും നാദസ്വരവും കുരവയുമായി സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടിക്കൊണ്ട് തന്നെയാണ് സദ്യ കഴിക്കുക. വേണ്ട വിഭവങ്ങൾ പാടിച്ചോദിക്കുന്നതും പതിവാണ്.

കാട്ടൂർ ഗ്രാമത്തിലെ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി തിരുവോണ നാളിൽ ഭക്ഷണം നൽകുന്ന ചടങ്ങ് നടത്തിയിരുന്നു. ഒരിക്കൽ ആചാരത്തിനായി ആരുമെത്തിയില്ല. ഒരു ബ്രാഹ്മണ ബാലൻ മാത്രമാണ് അന്നെത്തിയത്. ബാലന് ഭക്ഷണം വിളമ്പിയതിനു ശേഷം അടുത്ത വർഷവും വരാൻ ഭട്ടതിരി ആവശ്യപ്പെട്ടു. എന്നാൽ അടുത്ത വർഷം ആറന്മുള ക്ഷേത്രത്തിലേക്ക് ഭക്ഷണം അയക്കാൻ ആവശ്യപ്പെട്ടതിനു ശേഷം ബ്രാഹ്മണ ബാലൻ അപ്രത്യക്ഷനായി. അടുത്ത വർഷ മുതൽ ഉത്രാടം നാളിൽ ഭട്ടതിരി വള്ളത്തിൽ ഭക്ഷണവുമായി ക്ഷേത്രത്തിലെത്താൻ തുടങ്ങി. പിന്നീട് കൊള്ളക്കാരെ അകറ്റാൻ വേണ്ടി ചില വള്ളങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. ഇന്നും കാട്ടൂർ കുടുംബത്തിൽ നിന്നുള്ള പ്രതിനിധിക്കൊപ്പം 52 പള്ളിയോടങ്ങളാണ് എത്തുന്നത്.

സദ്യവട്ടം

64 ഇനം കറികളാ‌ണ് സദ്യക്കായി ഒരുക്കുക. ഇതിൽ 44 ഇനം ഇലയിൽ വിളമ്പുകയും 20 ദിനം തുഴക്കാർ പാടിച്ചോദിക്ക‌ുമ്പോൾ എത്തിക്കുകയുമാണ് പതിവ്. കടുമാങ്ങ, ഉപ്പുമാങ്ങ, നാരങ്ങാ അച്ചാർ, അമ്പഴങ്ങ അച്ചാർ, ഇഞ്ചി, നെല്ലിക്ക, പുളിയിഞ്ചി, എള്ളുണ്ട, ഉണ്ണിയപ്പം, ഉഴുന്നുവട, ശർക്കര വരട്ടി, ചക്കഉപ്പേരി, കായ ഉപ്പേരി, അവിയൽ, ഓലൻ, പച്ച എരിശേരി, വറുത്ത എരിശേരി, പച്ചടി, കൂട്ടുകറി, ഇഞ്ചിത്തൈര്, കിച്ചടി, ചമ്മന്തിപ്പൊടി, തകരത്തോരൻ, ചീരത്തോരൻ, ചക്കത്തോരൻ, കൂർക്ക മെഴുക്കു പുരട്ടി, കോവയ്ക്ക മെഴുക്കുപുരട്ടി, ചേന മെഴുക്കുപുരട്ടി, പയർമെഴുക്കു പുരട്ടി, നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശേരി, പാളത്തൈര്, രസം, മോര്, വലിയ പപ്പടം, ചെറിയ പപ്പടം, അട, ഉപ്പ്, ഉണ്ട ശർക്കര, കൽക്കണ്ടം, മലർ, മുന്തിരി, കരിമ്പ്, തേൻ, ചോറ്, അമ്പലപ്പുഴ പാൽപ്പായസം, പാലട, കടല പായസം, ശർക്കര പായസം, അറുനാഴി പായസം എന്നിവയാണ് സാധാരണയായി വിളമ്പുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com