സുനിത താണ്ടിയ ദൂരം

ശാരീരിക മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് ബഹിരാകാശ നിലയത്തിലെ ഈ ദീര്‍ഘകാലവാസം
Atheetham special article on Sunita Williams mission space

സുനിത താണ്ടിയ ദൂരം

Updated on

എം.ബി. സന്തോഷ്

ക്രൂ- 9 ലാൻഡിങ്ങിന് ശേഷം സുനിതാ വില്യംസ് മൂന്നാമതായി ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങിയത് കൈ വീശി ചിരിച്ചു കൊണ്ടാണ്. ആത്മവിശ്വാസവും അഭിമാനവും ആ ചിരിയിൽ കാണാമായിരുന്നു. കടൽപ്പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്‍റെ ബോട്ടാണ്. 10 മിനിറ്റോളം നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്‍റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി.

ഇന്ത്യൻ സമയം ചൊവ്വ രാവിലെ 7.30നാണ് യാത്രക്കുള്ള ഒരുക്കം തുടങ്ങിയത്. ഡ്രാഗൺ ഫ്രീഡം പേടകത്തിലേക്ക്‌ സുനിതയും ബുച്ചും ആദ്യം പ്രവേശിച്ചു. തുടർന്ന്‌ നിക്ക്‌ ഹേഗും അലക്‌സാണ്ടർ ഗോർബുനേവും. നാസയിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്‌ ക്രൂ കാബിനിൽ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. 10.32ന് നിലയത്തിൽ നിന്ന്‌ വേർപെട്ട്‌ പേടകം യാത്ര തുടങ്ങി. ഏതാണ്ട് 17 മണിക്കൂർ എടുത്താണ് പേടകം ഭൂമിയിലെത്തിയത്. 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന പേടകത്തെ പടിപടിയായി ഭ്രമണപഥം താഴ്‌ത്തിയാണ്‌ ഭൗമാന്തരീക്ഷത്തിലേക്ക്‌ എത്തിച്ചത്‌. ബുധൻ പുലർച്ചെ 2.41ന്‌ ഭ്രമണപഥം താഴ്‌ത്തി. 6 പാരച്യൂട്ട്‌ വിന്യസിപ്പിച്ച്‌ വേഗം വീണ്ടും നിയന്ത്രിച്ചായിരുന്നു ഭൂമിയിലേക്കുള്ള യാത്ര. പ്രതീക്ഷിച്ചതുപോലെ ഇന്നലെ ഇന്ത്യൻ സമ‍യം പുലർച്ചെ 3.27ന്‌ ഫ്ലോറിഡയ്‌ക്കടുത്ത്‌ അറ്റ്‌ലാന്‍റിക്കിൽ പേടകം പതിച്ചു.

നാലുപേരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍, വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ എക്സില്‍ പങ്കുവച്ചു. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിന്‍റെ ബോട്ടുകളും സ്പേസ് എക്സിന്‍റെ കപ്പലുമുണ്ടായിട്ടും അതൊന്നും വകവെക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ ജലകേളി തുടരുകയായിരുന്നു.

ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിന്‍റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി അതേ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക്‌ പോയ സുനിതയും ബുച്ചും അവിടെ കുടുങ്ങിപ്പോയി. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോയതാണ്. തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. നിലയത്തിലേക്കുള്ള ക്രൂ10 ദൗത്യസംഘവുമായി കഴിഞ്ഞദിവസം മറ്റൊരു പേടകം എത്തിയതോടെയാണ്‌ ഇതിന്‌ പരിഹാരമായത്. ക്രൂ9 ദൗത്യത്തിന്‍റെ ഭാഗമായി നിലവിൽ അവിടെയുണ്ടായിരുന്ന മറ്റൊരു പേടകമായ ഡ്രാഗൺ ഫ്രീഡത്തിലായിരുന്നു തിരിച്ചുവരവ്.

സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. വാനത്തിലായതനാൽ ഭൂമിയിലെ ഇത്തരം രാഷ്‌ട്രീയം സുനിത തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെങ്കിലും ആ രാഷ്‌ട്രീയം ഇനി കൂടുതൽ ചർച്ചയ്ക്ക് വിധേയമാകാനാണ് സാധ്യത.

9 മാസത്തിലെറെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും 286 ദിവസം നീണ്ട ദൗത്യത്തില്‍ 12,13,47,491 മൈലുകള്‍ താണ്ടിയെന്നാണ് കണക്ക്. ഭൂമിയെ 4,576 തവണ വലംവച്ചു. സുനിത 3 ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി.

ശാരീരിക മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ് ബഹിരാകാശ നിലയത്തിലെ ഈ ദീര്‍ഘകാലവാസം. ഭൂമിയിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന ഊർജമുള്ള കോസ്മിക് വികിരണങ്ങളിൽ നിന്ന് മനുഷ്യർക്ക് ബഹിരാകാശം സ്വാഭാവിക സംരക്ഷണം നൽകുന്നില്ല. 9 മാസത്തിനുള്ളിൽ സുനിത വില്യംസിന് ഏകദേശം 270 ചെസ്റ്റ് എക്സ്-റേകൾക്ക് തുല്യമായ റേഡിയേഷൻ അളവ് ഏൽക്കേണ്ടി വന്നിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഉയർന്ന അളവിലുള്ള വികിരണങ്ങൾക്ക് ദീർഘനേരം വിധേയമാകുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തിയേയേക്കാം. ഇത് ശരീരകലകൾക്ക് കേടുപാടുകൾ വരുത്താനിടയുണ്ട്. ബഹിരാകാശ യാത്രികർക്ക് പ്രതിമാസം അസ്ഥികളുടെ മാസിന്‍റെ ഒരു ശതമാനം നഷ്ടപ്പെടാം. അസ്ഥികളുടെ സാന്ദ്രത പൂർണമായി വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുമെന്നാണ് അസ്ഥിരോഗ വിദഗ്ധരുടെ അഭിപ്രായം. ബഹിരാകാശ യാത്രികർക്ക് ദൗത്യത്തിന് മുമ്പുള്ള അസ്ഥികളുടെ ശക്തി ഒരിക്കലും വീണ്ടെടുക്കാൻ കഴിയണമെന്നില്ല. ഇത് പിന്നീടുള്ള ജീവിതത്തിൽ ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ജൂൺ മുതൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയായിരുന്നു.

നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം നിശ്ചയിച്ചതിലും ഒരു മാസം മുമ്പേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്റ്റിങ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു.

സുനിത വില്യംസിന് പ്രായം 59. ഇന്ത്യയുമായുള്ള ബന്ധം അച്ഛനിലൂടെ. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഝുലാസൻ സ്വദേശിയായ ദീപക്‌ പാണ്ഡെയാണ് പിതാവ്. അമെരിക്കയിൽ ന്യൂറോ സയന്‍റിസ്റ്റ് ആയിരുന്ന അദ്ദേഹം 2020ല്‍ അന്തരിച്ചു. സ്ലോവേനിയക്കാരി ഉറുസിലൻ ബൊണിയാണ് മാതാവ്. പിതാവിന്‍റെ നാട്ടിൽ സുനിത 3 തവണ വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സന്ദർശനം 2013ലായിരുന്നു. ഓഹിയോവിലെ യൂക്ലിഡിൽ ജനിച്ചതിനാൽ അമെരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും ഇന്ത്യൻ- സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നുണ്ട്.

2007ൽ ഇന്ത്യയിലെത്തിയപ്പോൾ സബർമതി ആശ്രമവും സന്ദർശിച്ചിരുന്നു. ആ സന്ദർശനവേളയിൽ വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭായി പട്ടേൽ വിശ്വപ്രതിഭാ അവാർഡ് നൽകി. 2007 ഒക്ടോബർ 4ന് അമെരിക്കൻ എംബസി സ്കൂളിൽ പ്രഭാഷണം നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

നാസ അസ്‌ട്രോനട്ട് ആയി ജോലിയെടുത്തു തുടങ്ങുന്നതിനു മുമ്പ് സുനിത അമെരിക്കന്‍ സൈന്യത്തില്‍ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു. പൊലീസ് ഓഫീസറായ മൈക്കിള്‍ ജെ. വില്ല്യംസും സുനിതയും കണ്ടുമുട്ടുന്നത് 1987ല്‍ മേരിലാന്‍ഡിലുളള നേവല്‍ അക്കാദമിയില്‍ വച്ചാണ്. ഈ ദമ്പതികൾക്ക് കുട്ടികളില്ല.

'അനന്തമജ്ഞാതമവർണ്ണനീയം

ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു

നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?'

എന്ന് മനുഷ്യന്‍റെ നിസാരതയെ രേഖപ്പെടുത്തിയത് നാലപ്പാട്ട് നാരായണ മേനോൻ. അത് സത്യമാണെങ്കിലും സുനിത വില്യംസ് താണ്ടിയത് ഒട്ടും നിസാരമല്ലാത്ത, അവിസ്മരണീയമായ ജീവിതാനുഭവങ്ങളുടെ അനന്തമായ ആകാശദൂരമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com