"വേഴാമ്പലുകൾ ഇല്ലാതാകും, ആനത്താര വെള്ളത്തിലാകും"; അണക്കെട്ടിനെതിരേ ഒന്നിച്ച് അതിരപ്പിള്ളി ഗോത്ര ജനത

ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായതോടെ, സ്വന്തം മണ്ണിനെ സംരക്ഷിക്കുന്നതിനായി വീണ്ടും പ്രതിരോധക്കോട്ട തീർക്കുകയാണ് ഇവിടത്തെ ഗോത്രവിഭാഗങ്ങൾ
Athirappilly tribes rise again; vow to block dam revival

"മലമുഴക്കി വേഴാമ്പലുകൾ ഇല്ലാതാകും, ആനത്താര വെള്ളത്തിലാകും"; അണക്കെട്ടിനെതിരേ ഒന്നിച്ച് അതിരപ്പിള്ളി ഗോത്ര ജനത

Updated on

അജയൻ

ഒരു പതിറ്റാണ്ടു മുൻപേ അവർ വിജയിച്ചുവെന്ന് കരുതിയ യുദ്ധമായിരുന്നു അത്. 163 മെഗാവാട്ട് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്കെതിരായ യുദ്ധം. പക്ഷേ, കാലങ്ങൾക്കു ശേഷം വീണ്ടും അതേ പ്രശ്നം ഉയിർത്തെഴുന്നേൽക്കുമ്പോൾ, അരയും തലയും മുറുക്കി മുന്നിട്ടിറങ്ങുകയാണ് അതിരപ്പിള്ളി - വാഴച്ചാൽ കാടുകളുടെ കാവൽക്കാർ.

വൈദ്യുതി ബോർഡിന്‍റെ നീക്കങ്ങളെല്ലാം തടുത്ത് തങ്ങളുടെ പവിത്ര ഭൂമിയെ സുരക്ഷിതമാക്കുമെന്ന പ്രതിജ്ഞ അവർ ഒന്നു കൂടി പുതുക്കിയിരിക്കുന്നു. ഒമ്പത് ആദിവാസി ഊരുകളിലെ പ്രതിനിധികൾ‌ ഉൾപ്പെടുന്ന വാഴച്ചാൽ സിഎഫ്ആർ കോഓർഡിനേഷൻ സംഘത്തിന്‍റെ ഇക്കഴിഞ്ഞ യോഗത്തിലും ഇതേ പ്രതിജ്ഞ അവർ ആവർത്തിച്ചു. 2006ലെ വനാവകാശ നിയമപ്രകാരം 400 ചതുരശ്ര കിലോമീറ്റർ വരുന്ന വനഭൂമിയെ സംരക്ഷിക്കാൻ ഈ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

സംരക്ഷണാവകാശത്തിൻമേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റം എന്നാണ് പുതിയ നീക്കങ്ങളെ അവർ വിശേഷിപ്പിക്കുന്നത്. ഈ നീക്കത്തെ ഒമ്പത് ആദിവാസി ഗ്രാമങ്ങളിലെയും ഗ്രാമസഭകളും അപലപിച്ചിട്ടുമുണ്ട്. നാലു ഗ്രാമങ്ങൾ ഇതിനിടെ നീക്കത്തെ എതിർത്തു കൊണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. മറ്റുള്ളവർ അടുത്ത ദിവസങ്ങളിൽ ഇതേ പാത പിന്തുടരുമെന്ന് സംഘം പ്രസിഡന്‍റും മലക്കപ്പാറ ഊരുമൂപ്പനുമായ മോഹനൻ മെട്രൊ വാർത്തയോടു പറഞ്ഞു.

കോഓർഡിനേഷൻ സംഘം പ്രസിഡന്‍റ് മോഹനൻ

കോഓർഡിനേഷൻ സംഘം പ്രസിഡന്‍റ് മോഹനൻ

''2014ൽ വനത്തിലെ ഞങ്ങളുടെ അധികാരങ്ങൾ ഉറപ്പാക്കിയതിനു ശേഷം ആദ്യം ചെയ്തത് വനത്തിനു ഭീഷണിയായ ജലവൈദ്യുതി പദ്ധതി തള്ളുകയെന്നതാണ്'', വാഴച്ചാൽ ഊരു മൂപ്പത്തി ഗീത ഓർത്തെടുത്തു. ഗീതയാണ് പ്രശ്നത്തെ കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

''ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതു തടയും. ഞങ്ങളാണ് ഈ മണ്ണിന്‍റെ സംരക്ഷണാവകാശികൾ. ഞങ്ങളുടെ അനുവാദം ലഭിക്കാതെ ഈ മണ്ണിൽ ഒരു പദ്ധതിയും നടപ്പിലാകില്ല'', ഗീത ഉറച്ച ശബ്ദത്തിൽ പറയുന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത വർധിപ്പിക്കാനും അതു വഴി വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനും അണക്കെട്ടിന് സാധിക്കുമെന്നാണ് കെഎസ്ഇബി വാദിക്കുന്നത്.

വാഴച്ചാൽ ഊരുമൂപ്പത്തി ഗീത

വാഴച്ചാൽ ഊരുമൂപ്പത്തി ഗീത

ഈ അണക്കെട്ട് നിർമിച്ചാൽ ചുറ്റുപാടുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോകും. എന്നിട്ടും അതെക്കുറിച്ചു പറയാൻ ആരും തയാറാകുന്നില്ലെന്ന് സംഘം സെക്രട്ടറിയും പൊകലപ്പാറ ഊരുമൂപ്പത്തിയുമായ അജിത പറയുന്നു. പദ്ധതി പരിസ്ഥിതിക്കു വരുത്തിവച്ചേക്കാവുന്ന ദോഷങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അജിത.

വാഴച്ചാൽ, പൊകലപ്പാറ ഗ്രാമങ്ങൾ പൂർണമായും റിസർവോയറിൽ മുങ്ങിപ്പോകും. മൂന്നാറിനും പറമ്പിക്കുളത്തിനും ഇടയിലുള്ള പരമ്പരാഗത ആനത്താരയും വെള്ളത്തിൽ മുങ്ങും. വലിയ പൊക്കത്തിലല്ലാതെ കൂടുണ്ടാക്കുന്ന മലമുഴക്കി വേഴാമ്പലുകളും അണക്കെട്ട് കാരണം ഇല്ലാതാകും. നൂറ്റാണ്ടുകളെടുത്താണ് ഒരു വനം രൂപപ്പെടുന്നത്. ഞങ്ങളെപ്പോലെ ഗോത്ര ജനതയെയോ, മരങ്ങളെയോ, മൃഗങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. ഈ ചുറ്റുപാടിൽ ജീവിക്കുന്ന ചെറുപ്രാണികൾ ഉൾപ്പെടെയുള്ളവയെ വരെ പദ്ധതി ബാധിക്കും. പക്ഷേ, പദ്ധതിക്കു വേണ്ടി അളന്നുകുറിച്ച് ഭൂപടമുണ്ടാക്കുന്നവരുടെയോ ഇത്ര വലിയ വിനാശത്തിനായി ആസൂത്രണം ചെയ്യുന്നവരുടെയോ മനസ്സിൽ ഇക്കാര്യങ്ങളൊന്നുമില്ലെന്ന് അജിത കൂട്ടിച്ചേർക്കുന്നു.

കോർഡിനേഷൻ സംഘം സെക്രട്ടറി അജിത

കോർഡിനേഷൻ സംഘം സെക്രട്ടറി അജിത

അതിരപ്പിള്ളിയോട് ചേർന്ന് പറമ്പിക്കുളം മേഖലയിലുള്ള മൂന്ന് അണക്കെട്ടുകളും വാഴച്ചാലിലുള്ള മൂന്നു അണക്കെട്ടുകളും ഉൾപ്പെടെ ഇപ്പോഴുള്ള ആറ് അണക്കെട്ടുകൾ തന്നെ പ്രദേശത്തെ നാശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആദിവാസി സമുദായത്തിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചു.

ഇടവപ്പാതിയിലെ കനത്ത മഴ വരുത്തിവയ്ക്കുന്ന ദുരന്തങ്ങളിൽ നിന്നു പോലും സംരക്ഷിക്കാൻ ഈ അണക്കെട്ടുകൾക്ക് ഇന്നു വരെ സാധിച്ചിട്ടില്ല. ചെറു അരുവികൾ പോലും അക്കാലത്ത് നദികൾ പോലെ നിറ‌ഞ്ഞൊഴുകുമെന്ന് 2018ലെ പ്രളയത്തെ ഓർമിപ്പിച്ചു കൊണ്ട് മുതിർന്ന അംഗം പറയുന്നു.

വനാവകാശ നിയമം വ്യക്തിപരമോ, സാമുദായികമോ ആയ അവകാശങ്ങൾ മാത്രമല്ല ഗോത്ര വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്നതെന്ന് അടുത്തിടെ സംഘം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ പറയുന്നു. ബൗദ്ധികവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സംഘത്തിനുണ്ട്.

കോഓർഡിനേഷൻ സംഘം യോഗം

കോഓർഡിനേഷൻ സംഘം യോഗം

ഞങ്ങളാണ് ഈ ഭൂമിയുടെ പരിപാലകർ. പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല. നിയമപരമായി ഞങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ എങ്ങനെയാണ് കെഎസ്ഇബിക്ക് അണക്കെട്ട് നിർമിക്കാൻ സാധിക്കുക. അയൽക്കാരന്‍റെ പറമ്പിൽ കയറി ഞാൻ കെട്ടിടം നിർമിക്കാൻ ശ്രമിക്കുന്നതിനു തുല്യമാണത്, തീർത്തും അനധികൃതം- മോഹനൻ ചൂണ്ടിക്കാട്ടുന്നു.

പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി നൽകിയ കുറിപ്പിലെ പരാമർശങ്ങളെയും മോഹനൻ വിമർശിക്കുന്നു. ഇവിടെ ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്. അവരുടെയെല്ലാം വരുമാനം ഇല്ലാതാക്കുന്ന നീക്കമാണിത്. തന്‍റെ അറിവിൽ കോർപ്പറേഷന്‍റെ അനുമതിക്കു വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും മോഹനൻ.

ഓരോ തവണ യോഗം അവസാനിക്കുമ്പോഴും അടുത്ത പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാറുണ്ടെന്ന് മോഹനൻ പറയുന്നു. പക്ഷേ ഒരു കാര്യം പകൽ പോലെ വ്യക്തമാണ്, ഞങ്ങൾക്കല്ലാതെ മറ്റാർക്കും ഞങ്ങളുടെ മണ്ണിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല. കെഎസ്ഇബിയുടെ ശുപാർശ ഞങ്ങളുടെ അധികാരങ്ങളെ ഹനിക്കുന്നു. മാത്രമല്ല, ഭൂനിയമങ്ങളെയും ലംഘിക്കുന്നതാണത്. കഴിഞ്ഞു പോയ അണക്കെട്ടു നിർമാണ പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടതിന്‍റെ വേദന പേറുന്നവരാണ് ഞങ്ങൾ. പക്ഷേ, ഈ തീരുമാനം ഞങ്ങളുടെ കഷ്ടപ്പാടുകളുടെ പേരിൽ മാത്രമല്ല, വനങ്ങളെ സുരക്ഷിതമാക്കാൻ, അതിലോലമായ പരിസ്ഥിതിയെയും ചുറ്റുപാടുകളെയും സുരക്ഷിതമാക്കാൻ കൂടിയുള്ളതാണ്. ഇവയെല്ലാം സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്ന് ഉറച്ച ശബ്ദത്തോടെ മോഹനൻ പറഞ്ഞു നിർത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com