

ഭണ്ഡാരക്കൊള്ളയിൽ തകർന്ന് അയോധ്യ; സന്ദർശകരുടെ എണ്ണം കുറഞ്ഞു, വിവാദത്തിൽ ഉലഞ്ഞ് നഗരം
അയോധ്യ: രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് അയോധ്യ രാമ ക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ള പുറത്തു വന്നത്. വിഷയത്തിൽ അന്വേഷണം തുടരുന്നുണ്ടെങ്കിലും ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവാഹത്തെ അതു കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു നഗരത്തിലെ സാമ്പത്തിക, വിനോദസഞ്ചാര, ഗതാഗത, വ്യാപാര-വ്യവസായ മേഖലകളെല്ലാം മുന്നോട്ടു പോയിരുന്നത്. ക്ഷേത്രത്തിലെ കൊള്ള പുറത്തു വന്നതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക കണക്കുകളൊന്നും പുറത്തു വന്നിട്ടില്ല. വേനൽക്കാലവും കടുത്ത ചൂടും മൂലമായിരിക്കാം സന്ദർശകരുടെ എണ്ണം കുറയുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും വേനലിൽ ഇത്തരമൊരു തിരിച്ചടി ഉണ്ടായിരുന്നില്ലെന്നാണ് കടയുടമകളും ഓട്ടോറിക്ഷാ ഡ്രൈവർമാരും പറയുന്നത്.
രാമക്ഷേത്രത്തെ മാത്രമല്ല തൊട്ടടുത്തുള്ള ഹനുമാൻ ക്ഷേത്രത്തെയും കനക് ഭവനെയും സന്ദർശകരുടെ കുറവ് കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണമല്ല ഭക്തരെ അകറ്റിയിരിക്കുന്നത്. പ്രാർഥനകളോടെ കാണിക്കയായി അർപ്പിച്ച പണം കൊള്ളയടിച്ചു പോയതിലുള്ള വൈകാരികമായ പ്രശ്നമാണ് പലരെയും അലട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു.
വിവാദം ഉണ്ടായതിനു പിന്നാലെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ അമ്പത് ശതമാനം കുറവുണ്ടായതായി ക്ഷേത്രത്തിൽ നിന്ന് അൽപ്പം മാറി പ്രവർത്തിക്കുന്ന ഫ്ലോ ഒഫ് സരയു റസ്റ്ററന്‍റിന്‍റെ ഉടമസ്ഥൻ നിഖിൽ സിങ് പറയുന്നു. "ഇവിടെ എത്തുന്ന എല്ലാവരും വിവാദങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എങ്ങനെയാണ് പണം കൊള്ളയടിക്കപ്പെട്ടത്, എന്താണ് ഇതിന്‍റെ സത്യം എന്നെല്ലാമാണ് എല്ലാവർക്കും അറിയേണ്ടത്. രാമക്ഷേത്രത്തിലൂടെയാണ് നഗരം പ്രശസ്തമായത്, ഇപ്പോഴത് വിവാദങ്ങളുടെ പേരിൽ അറിയപ്പെടുന്നത് ആർക്കും അംഗീകരിക്കാനാകുന്നില്ല" സിങ് പറയുന്നു.
ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിഹാറിൽ മുസാഫർ നഗറിൽ നിന്ന് കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ ശംഭു ശരൺ പറയുന്നു. പകരം ആ പണം കൊണ്ട് മറ്റെന്തെങ്കിലും നല്ല കാര്യം ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആദ്യമൊക്കെ ആയിരക്കണക്കിന് പേരാണ് ദിവസേന ക്ഷേത്രത്തിൽ എത്തിയിരുന്നത് ഇപ്പോഴത് വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
2024 ജനുവരിയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിനു ശേഷം അയോധ്യയിൽ അസാധാരണമായ സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഹോട്ടൽ, റസ്റ്ററന്‍റ്, വാഹനങ്ങൾ, കടകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം പടർന്നു പന്തലിച്ചു. നഗരത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ക്ഷേത്ര ടൂറിസത്തെ ആശ്രയിച്ചാണ് നിത്യവരുമാനം കണ്ടെത്തുന്നത് തന്നെ. അതിനിടെയാണ് അപ്രതീക്ഷിതമായ ഭണ്ഡാരക്കൊള്ള പുറത്തു വന്നത്.